നിയന്ത്രണം വേണ്ടതു മുഖ്യന്റെ നാവിന്

Tuesday 30 October 2018 3:44 am IST
അമ്പ് കൊണ്ട് ഉണ്ടാകുന്ന വ്രണം ഉണങ്ങും. മഴു കൊണ്ട് വെട്ടിനശിപ്പിച്ച കാട് വീണ്ടും മുളച്ച് തഴയ്ക്കും. എന്നാല്‍ ദുഷ്ട വാക്കുകളുണ്ടാക്കുന്ന വ്രണം ഒരിക്കലും ഉണങ്ങുകയില്ല.

അധികാരമുണ്ടെങ്കില്‍ എന്തുമാകാം എന്ന വിചാരം ജനാധിപത്യത്തിന് എന്നും ഭീഷണിയാണ്. ജനാധിപത്യം ഫാസിസത്തിന് വഴിമാറുന്നു എന്നതിന്റ സൂചനയാണത്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് ഭരണകൂട ഭീകരതയുടെ അന്തരീക്ഷം സംജാതമായത് എന്നതു  വിരോധാഭാസം തന്നെ. സാക്ഷരത കൊണ്ട് എന്തു നേട്ടമാണ് കേരളം കൈവരിച്ചത്? സംസ്‌ക്കാരത്തെ വളര്‍ത്തുന്നതില്‍ നമ്മുടെ വിദ്യാഭ്യാസം  പരാജയപ്പെട്ടു എന്നാണതു സൂചിപ്പിക്കുന്നത്. മനസ്സിനെ പാകപ്പെടുത്തുന്നതില്‍ നമുക്ക് വീഴ്ച പറ്റിയിരിക്കുന്നു. മഹാഭാരതത്തില്‍ യുധിഷ്ഠിരനോടു വിദുരര്‍ പറയുന്നു: സ്വന്തം മനസ്സാണ് ഒന്നാമത്തെ ശത്രു. മനസ്സിനെ കീഴടക്കാതെ ശത്രുവിനെ കീഴടക്കാനാവില്ല. ഈ വിവേകത്തോടെയുള്ള സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. 

വാക്കടക്കുക എന്നത് അസാദ്ധ്യമാണ്. സാരഗര്‍ഭമായും ഭംഗിയായും സംസാരിക്കാന്‍ കഴിയുക എന്നത് പക്വതയുടെ ലക്ഷണമായിട്ടാണ് കരുതപ്പെടുന്നത്. വാക്ക് നന്നായാല്‍ അതു പല നന്മകളിലേയ്ക്കും നയിക്കും. ചീത്തയായാല്‍ അനര്‍ഥങ്ങള്‍ വരുത്തും. അമ്പ് കൊണ്ട് ഉണ്ടാകുന്ന വ്രണം ഉണങ്ങും. മഴു കൊണ്ട് വെട്ടിനശിപ്പിച്ച കാട് വീണ്ടും മുളച്ച് തഴയ്ക്കും. എന്നാല്‍ ദുഷ്ട വാക്കുകളുണ്ടാക്കുന്ന വ്രണം ഒരിക്കലും ഉണങ്ങുകയില്ല. പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കാനേ അവ സഹായിക്കൂ. അടുപ്പിലെ കൊള്ളികള്‍ വേര്‍തിരിച്ചിട്ടാല്‍ പുകയും, കൂട്ടിച്ചേര്‍ത്താല്‍ ജ്വലിക്കും. പിണറായി വിജയന്‍ ഈ സാമാന്യ തത്വത്തെയെങ്കിലും തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണം. വാക്ക് കൊണ്ട് വാശി പിടിപ്പിക്കുന്നത് വിനയായിത്തീരും. വിന വിദ്വേഷമാകും, വിദ്വേഷം വൈരാഗ്യത്തെ സൃഷ്ടിക്കും. ജീവിതത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നിട് തിരിച്ചുകിട്ടാത്തതാണ് പറഞ്ഞു പോയ വാക്കുകള്‍. ജനങ്ങളുടെ വികാരത്തെ വില കുറച്ച് കാണരുത് എന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്.  തര്‍ക്കുത്തരം പറയുകയല്ല വേണ്ടത്. ചെകുത്താനും വേദം ഓതും എന്ന പഴഞ്ചൊല്ല് ഓര്‍ക്കുന്നത് നല്ലതായിരിക്കും.

 ഇപ്പോഴത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് നമുക്ക് ആവശ്യം. അധികാര ശക്തി ഉപയോഗിച്ച് ജനവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിഷ്‌കരണവും നിലനില്ക്കില്ല. ശീനോട് ശാഠ്യം എന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല.ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലം കുറച്ച് എടുക്കുന്നത് അനിവാര്യതയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട ഒരു വിഷയവും ശബരിമലയില്‍ നിലനില്ക്കുന്നില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഭരണകൂടം കാണിക്കണം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രമിക്കേണ്ടത് എന്ന ശ്രീ നാരായണ ഗുരുദേവന്റെ വാക്കുകള്‍ ഇവിടെയും പ്രസക്തമാണ്. തങ്ങളോട് അനീതി കാണിച്ചവരോടു പൊലും വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കരുതെന്ന് ആ ക്രാന്തദര്‍ശി സ്വന്തം അനുയായികളെ ഉപദേശിച്ചു. പ്രസംഗങ്ങള്‍ നടത്തുവാന്‍ നിയുക്തരായവര്‍ക്ക് സ്വാമികള്‍ നല്‍കിയ നിര്‍ദ്ദേശം, '-പ്രസംഗങ്ങള്‍ താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതികള്‍ക്ക് ഉപദ്രവമോ, ഉയര്‍ന്നതായി വിചാരിക്കപ്പെടുന്ന ജാതികള്‍ക്ക് ദോഷമോ ഉണ്ടാകാത്ത വിധത്തിലും സ്വരത്തിലും ആയിരിക്കണം'- എന്നതായിരുന്നു. ഇത് പിണറായി വിജയനും സ്വീകരിക്കാം. സാമൂഹ്യമായ അനീതികള്‍ക്ക് എങ്ങനെയെങ്കിലും പരിഹാരം കാണുകയല്ല, മറിച്ച് ഹിന്ദു സമൂഹത്തിന്റെ ഉല്‍ക്കര്‍ഷക്ക് അത് സഹായകരമായിത്തീരുക കൂടിയാവണമെന്ന് ഗുരുദേവന് നിര്‍ബന്ധമുണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാലോചിതമായ മാറ്റത്തെ ഉള്‍ക്കൊള്ളണം. 

സ്റ്റാലിനിസത്തെ അതിന്റെ നാട് തന്നെ ബഹിഷ്‌ക്കരിച്ചു കഴിഞ്ഞു. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭാഷ മാറ്റേണ്ട കാലം കഴിഞ്ഞു. അതിന് ഒരു ആത്മവിമര്‍ശനത്തിന് തയാറാകണം. ജനാധിപത്യത്തിന്റെ അന്ത:സത്ത പ്രകാശിക്കണമെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമൂല പരിവര്‍ത്തനത്തിന് വിധേയമാകണം. പരിഷ്‌ക്കരിക്കേണ്ടത് പാര്‍ട്ടി പിന്തുടരുന്ന സ്റ്റാലിനിസ്റ്റ് സമീപനത്തെയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിദ്ധ്വനിക്കുന്നത് കാലഹരണപ്പെട്ട ആ സമീപനമാണ്. ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനല്ല, തകര്‍ക്കാനാണ് ഉപകരിക്കുക. ആകാശത്ത് നില്‍ക്കുന്ന ചന്ദ്രനെ പിടിക്കാാന്‍ കൊച്ചു കുട്ടി കൈ നീട്ടുന്നതു പോലെ ബാലിശമാണ് മുഖ്യമന്ത്രി ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി യോഗങ്ങള്‍ നടത്തി വിശദീകരണങ്ങള്‍ നടത്തിയതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അണികളെ കുറച്ചു കാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമായിരിക്കും. 

വ്യക്തിഹത്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശൈലിയാണ്.  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1943ല്‍ പ്രസിദ്ധീകരണമാരംഭിച്ച പീപ്പിള്‍സ് വാറില്‍ സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് എഴുതിയത് വഞ്ചകനായ ബോസ്, ശത്രുവിന്റ ശമ്പളം പറ്റുന്ന ഏജന്റ്, ഹിറ്റ്‌ലറുടെ കാവല്‍ പടയാളി, മുറിച്ചു മാറ്റണ്ട കേടു ബാധിച്ച അവയവം എന്നെല്ലാമാണ്.  ചരിത്രം പഠിച്ചവര്‍ക്ക് ഇതൊന്നും മറക്കാന്‍ കഴിയില്ല. ഇവരുടെ ഇരയാവാത്ത ഒരു ദേശീയ നേതാവും സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല. അതേ രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പന്തളം രാജകൊട്ടാരത്തിനും ശമ്പരിമല തന്ത്രിയ്ക്കും എതിരെ നടത്തുന്ന ആക്രോശവും. ജനങ്ങളെ കുറച്ചു കാലം വഞ്ചിക്കാം, എല്ലാക്കാലത്തേക്കും പറ്റില്ല എന്നതിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായാല്‍ നന്ന്.

വി.മോഹനന്‍

(വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.