കൂടുതല്‍ ഭക്തരെ വേട്ടയാടാനുറച്ച് പോലീസ്

Monday 29 October 2018 9:50 pm IST
രണ്ടാമത്തെ ആല്‍ബത്തില്‍ 210 ഭക്തരുടെ ചിത്രങ്ങള്‍

പത്തനംതിട്ട: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നാമജപയജ്ഞം നടത്തിയ കൂടുതല്‍ ഭക്തരെ വേട്ടയാടാനുറച്ച് പോലീസ്. ഇനിയും അറസ്റ്റ് ചെയ്യാനുള്ള 210 ഭക്തരുടെ ചിത്രങ്ങളടങ്ങിയ രണ്ടാമത്തെ ആല്‍ബം പത്തനംതിട്ട പോലീസ് പുറത്തിറക്കി.

17ന് നിലയ്ക്കലിലുണ്ടായ പോലീസ് നടപടിക്കിടെ ചിത്രീകരിച്ച വീഡിയോയില്‍ നിന്നുമാണ് കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം തയ്യാറാക്കിയത്.  23ന് പുറത്തിറക്കിയ ആദ്യ ആല്‍ബത്തിലും 210 പേരുണ്ടായിരുന്നു. നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഭക്തരുടെ ചിത്രങ്ങളാണ് പുതിയ ആല്‍ബത്തില്‍. ഇത് എല്ലാ ജില്ലകളിലെയും പോലീസ് മേധാവിമാര്‍ക്ക് കൈമാറിയതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ അതീവ രഹസ്യമായാണ് ആല്‍ബം തയ്യാറാക്കിയതെന്നാണ് വാദം.

എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സമൂഹ മാധ്യമങ്ങളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫോട്ടോകള്‍ പ്രചരിക്കുകയും ചെയ്തു. മുമ്പ് തയ്യാറാക്കിയ ആല്‍ബവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിലയ്ക്കലില്‍ അക്രമത്തിന് തുടക്കമിട്ടത് പോലീസ് ആണെന്ന ഭക്തരുടെ ആക്ഷേപം നിലനില്‍ക്കെ ആല്‍ബത്തില്‍ മഫ്തിയിലുള്ള സിവില്‍ പൊലീസ് ഓഫീസറുടെ ചിത്രം ഉള്‍പ്പെട്ടത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് കരുതലോടെയാണ് രണ്ടാമത്തെ ആല്‍ബം തയ്യാറാക്കിയത്.

ആദ്യത്തെ ആല്‍ബം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വകുപ്പിനുള്ളില്‍ നിന്നുതന്നെയാണെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് രണ്ടാമത്തേതും പുറത്തായത്. ഇത് സേനയ്ക്കുള്ളില്‍ തന്നെ അയ്യപ്പ ഭക്തരെ വേട്ടയാടുന്നതിനെതിരെ വികാരം ശക്തമാണെന്ന് വെളിവാക്കുന്നു. രണ്ടാമത്തെ ആല്‍ബം പുറത്തുപോവാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.  ഇതിനിടെ, നിലയ്ക്കല്‍ സംഭവുമായി ബന്ധപ്പെട്ട ഞായറാഴ്ച ഒരാള്‍ കൂടി റിമാന്‍ഡിലായി. മാവേലിക്കര തെക്കേമുറിയില്‍ ശ്രീകൃഷ്ണ ഭവനത്തില്‍ അനീഷിനെ (23)യാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇതോടെ നിലയ്ക്കലിലെ ആക്രമണ സംഭവങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ റിമാന്‍ഡിലായവരുടെ എണ്ണം 22ആയി.

പി.എ വേണുനാഥ്

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.