മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തി

Saturday 23 July 2011 6:49 pm IST

കൊച്ചി: ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. മോഹന്‍‌ലാലിന്റെ കൊച്ചിയിലെ തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തി. തമിഴ്‌നാട്‌, കര്‍ണാടക ആദായ നികുതി വകുപ്പിന്റെ സഹായത്തോടെയാണ്‌ റെയ്‌ഡ്‌. രാവിലെ ആറു മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഹന്‍‌ലാല്‍ ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തിന്റെ മധുരയിലെ ലൊക്കേഷനിലാണ്. കഴിഞ്ഞ കുറെ നാളുകളായി താരങ്ങളുടെ സ്വത്ത്‌ സമ്പാദ്യങ്ങളെ കുറിച്ച്‌ ആദായനികുതി വകുപ്പ്‌ നിരീക്ഷിച്ചു വരികയാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. മോഹന്‍‌ലാലിന്റെ ഡ്രൈവറും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വലിയ ആനക്കൊമ്പുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സൂക്ഷിക്കാന്‍ അനുവാദമില്ല. വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ വന്യജീവികളുടെ അവയവഭാഗങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.