ശബരിമല: സര്‍ക്കാര്‍ എങ്ങനെ ഇടപെടുന്നു? ഹൈക്കോടതി

Wednesday 31 October 2018 4:15 am IST

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിന് വാക്കാലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം തങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. ദേവസ്വത്തിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ അയ്യപ്പട്രസ്റ്റ് പ്രതിനിധി ടി.ആര്‍ രമേശ് നല്‍കിയ ഹര്‍ജിലാണ് കോടതിയുടെ  പരാമര്‍ശം. 

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബോര്‍ഡിന് എന്തെങ്കിലും നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചു വെക്കരുത്. വിവരങ്ങള്‍ അറിയാന്‍ കോടതിക്ക് അവകാശം ഉണ്ട്. ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് ഉത്തരവ്. 

1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം അനുസരിച്ച് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ ബോര്‍ഡിനാണ് പൂര്‍ണാധികാരമെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതത് ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ അനുസരിച്ചായിരിക്കണം ബോര്‍ഡ് ഭരണം. സര്‍ക്കാരിന് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ അധികാരമില്ല അതുകൊണ്ട് ശബരിമലയില്‍ 5000 പേരെ മാത്രമേ കയറ്റൂ എന്നും 24 മണിക്കൂര്‍ മാത്രം സന്നിധാനത്ത് ഭക്തരെ നിര്‍ത്തൂവെന്നും പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരം ഇല്ല. പമ്പ മുതല്‍ സന്നിധാനം വരെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. ഇവിടെ പോലീസിനെ വിന്യസിക്കുന്നതിന് ബോര്‍ഡിന്റെ അനുമതി വേണം. പോലീസിന്റെ ചെലവ് വഹിക്കുന്നത് ബോര്‍ഡാണ്. സര്‍ക്കാര്‍ സെക്യുലറാണന്നാണ് അവകാശപ്പെടുന്നത്. 

ഹിന്ദു ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ ഇടപ്പെടാന്‍ മതേതര സര്‍ക്കാരിനെ നിയമം അനുവദിക്കുന്നില്ലന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഭക്തന്‍ എന്ന നിലയ്ക്ക് സ്വതന്ത്രമായി ദര്‍ശനം നടത്താനും ഭജിക്കാനും അവകാശമുണ്ട്. ഭക്തരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാറാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.