തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് എത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തിരഞ്ഞെടുക്കാനുളള സംവിധാനം ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും കേരള പോലീസും ചേര്‍ന്നാണിത് ഒരുക്കിയിരിക്കുന്നത്.
www.sabarimalaq.com എന്ന പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ലിങ്കില്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭ്യമാകുന്നു. www. keralartc.com എന്ന വൈബ്സൈറ്റില്‍ നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒരു ടിക്കറ്റില്‍ പത്തു പേര്‍ക്ക് വരെ ബുക്ക് ചെയ്യാം.
48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലക്കല്‍-പമ്പ-നിലയ്ക്കല്‍) ലഭിക്കും. പമ്പയില്‍ നിന്ന് മുന്‍ വര്‍ഷങ്ങളിലേതുപോലെ സന്നിധാനത്തേക്ക് മല കയറാവുന്നതാണ്. ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് ഉപയോഗിക്കാം. തിരിച്ചുപോകല്‍ യാത്ര 48 മണിക്കൂറിനുളളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.
കാല്‍നടയായി എത്തി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന തീര്‍ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ആയും പമ്പയില്‍ നിന്ന് ടിക്കറ്റ് ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പമ്പാ സ്നാനത്തിന് ശേഷം തീര്‍ഥാടകരെ പമ്പയില്‍ തുടരാന്‍ അനുവദിക്കുന്നതല്ല. ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശന സമയവും തീയതിയും തീര്‍ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്.
തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കുകയുളളൂ. നിലക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ തീര്‍ഥാടകര്‍ക്കായി അനുവദിക്കുകയുള്ളൂ. ഓണ്‍ലൈനിലൂടെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എടുത്തു വരുന്നത് വഴി നിലക്കലിലും പമ്പയിലും ബസ് ടിക്കറ്റിന് വേണ്ടിയുള്ള ക്യൂ ഒഴിവാക്കാം. നിലക്കലില്‍ നിന്ന് തീര്‍ഥാടകര്‍ പമ്പയിലേക്ക് പോകുന്നതിനും തിരിച്ച് വരുന്നതിനും കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉപയോഗിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: