ക്ഷേത്രം: ആവശ്യത്തോട് ഖത്തറിന് അനുകൂല സമീപനം - സുഷമ

Thursday 1 November 2018 1:16 am IST
ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമായി പ്രത്യേക ശ്മശാനം വേണമെന്ന ആവശ്യത്തോടും അമീര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളുമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ദോഹ: ആരാധനയ്ക്കായി ക്ഷേത്രം വേണമെന്ന  ഇന്ത്യന്‍ പ്രവാസികളുടെ ആവശ്യം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീംബിന്‍ ഹമദ് അല്‍താനിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും ഇക്കാര്യത്തില്‍ അമീറിന്റെ പ്രതികരണം അനുകൂലമായിരുന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമായി പ്രത്യേക ശ്മശാനം വേണമെന്ന ആവശ്യത്തോടും അമീര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു.   പ്രവാസികളുമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

5,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ദോഹയില്‍ പുതിയ സ്ഥാനപതികാര്യാലയത്തിനു ഭൂമിയും കെട്ടിടവും കണ്ടെത്തി നല്‍കണമെന്ന ആവശ്യവും സുഷമ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

പ്ലസ്ടു പഠനം ഖത്തറില്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങളില്‍ ഇവിടെത്തന്നെ ബിരുദ പഠനത്തിന് സൗകര്യമൊരുക്കുക, ഇന്ത്യന്‍ തടവുകാര്‍ക്ക് നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളും ഭാരതീയ പ്രവാസി കൂട്ടായ്മകള്‍ സുഷമ സ്വരാജിനു കൈമാറിയിരുന്നു.

ചെക്കുകേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഖത്തര്‍ ജയിലിലുളള ഇന്ത്യക്കാരിലേറെയും. ജയിലിലാകുന്നതോടെ വിവിധ കരാര്‍ പണികള്‍ ഏറ്റെടുത്തു നടത്തിയതിനും മറ്റും ഇവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു ലഭിക്കേണ്ട പണം ഈടാക്കാനാവാതെ വരുന്ന സാഹചര്യമാണ് . ലഭിക്കാനുള്ള പണം ഈടാക്കാനായാല്‍ കടബാധ്യതകള്‍ തീര്‍ത്ത് ജയില്‍മോചിതരാകാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടാകണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും മന്ത്രിയുടെ പ്രതികരണം അനുകൂലമായിരുന്നു.

ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. 

തങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവ ഖത്തര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹാരശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത സുഷമ സ്വരാജിനെ നിറസ്നേഹത്തോടെയാണ് അവര്‍ യാത്രയാക്കിയത്. 

ഖത്തറിലെ പ്രമുഖ ഭാരതീയ സംഘടനകളുടെ ഭാരവാഹികളായ 14 പേരുമായി മന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. 

ഒഎഫ്ഐ പ്രസിഡന്റ്  കെ.ആര്‍.ജി. പിള്ള ബൊക്കെ നല്‍കി മന്ത്രിയെ സ്വീകരിച്ചു. സ്നേഹോപഹാരമായി ആറന്മുളക്കണ്ണാടിയും മന്ത്രിക്കു സമ്മാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.