കേന്ദ്രത്തെക്കുറിച്ച് ഇനി എന്ത് പറയും

Thursday 1 November 2018 1:21 am IST

രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും കേന്ദ്രസര്‍ക്കാറിനെ പുലഭ്യം പറയുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രളയത്തെത്തുടര്‍ന്ന് കേരളം പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രം സഹായിക്കില്ലെന്ന് അറബിനാടുകളിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചു നടന്നു. അവിടെ സംഘടിപ്പിച്ച പ്രവാസി സമ്മേളനങ്ങളില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒന്നും നല്‍കിയിട്ടില്ലെന്നും കേരളം അങ്ങനെ നന്നാകേണ്ട എന്ന നിലപാടാണ് നരേന്ദ്രമോദിക്കെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മലയാളികളുടെ ഓര്‍മ്മശക്തിയെ വെല്ലുവിളിക്കുന്നതാണ് പിണറായി വിജയന്റെ വാക്കുകളെന്ന് എല്ലാവര്‍ക്കുമറിയാം. പ്രളയകാലത്ത് ഒരു സംസ്ഥാനത്തും ഒരിക്കലും ലഭിക്കാത്ത പരിഗണന കേരളത്തിനുണ്ടായി. ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, ബോട്ടുകള്‍, വിവിധ സൈനിക വിഭാഗങ്ങളെല്ലാം കേരളത്തിനായി ലഭ്യമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിന് പലകുറി മുഖ്യമന്ത്രി നന്ദിയും അറിയിച്ചതാണ്. എന്നിട്ടും കേന്ദ്രവിരുദ്ധ സമരത്തിന് കേരളീയരെ സജ്ജമാക്കാനുള്ള പ്രചാരണമാണ് ഇടത് സര്‍ക്കാരും നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതിബദ്ധതയെ തടസ്സപ്പെടുത്തുന്നില്ല. അതിനുള്ള ഉദാഹരണമാണ് പ്രളയാനന്തര റോഡ് നിര്‍മ്മാണത്തിനായുള്ള സഹായധനം. 

കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വിദേശരാജ്യത്ത് വരെ ആവര്‍ത്തിക്കുമ്പോള്‍ കേരളത്തിന്റെ റോഡ് പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രത്തിന്റെ 450 കോടി രൂപയുടെ സഹായം കൂടി പ്രഖ്യാപിച്ചിരിക്കുന്നു. റോഡ് വികസനത്തിന് നേരത്തെ അനുവദിച്ച 250 കോടി രൂപയ്ക്ക് പുറമെയാണിത്. തലപ്പാടി-നീലേശ്വരം ദേശീയപാതക്ക് 3,000 കോടി രൂപ അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 

തലശേരി-മാഹി ബൈപാസിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് സഹായങ്ങള്‍ പ്രഖ്യാപിച്ചത്. നീലേശ്വരം പള്ളിക്കര മേല്‍പാലം, പാലക്കാട്ടെ നാട്ടുകാല്‍ തനവ് പാത പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തെ പുതിയ റോഡുകള്‍ വരുന്നതിന് തടസ്സമായി നിന്നത് സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിലുള്ള കാലതാമസമായിരുന്നു എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഇതിന് അല്പം മാറ്റം വന്നതെന്ന് കേന്ദ്രമന്ത്രി സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്രം എന്തുതന്നെ സഹായം ചെയ്താലും നിഷേധാത്മക നിലപാടാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇതിനകം വ്യക്തമായതാണ്. പ്രളയാനന്തരം കേന്ദ്രം കേരളത്തിന് 600 കോടി രൂപയേ നല്‍കിയുള്ളൂവെന്ന് ആവര്‍ത്തിക്കുകയാണ്. കണക്കുകള്‍ കള്ളം പറയില്ലെന്ന യാഥാര്‍ത്ഥ്യം കേരള ഭരണക്കാര്‍ വിസ്മരിക്കുകയാണ്. 

ഗീബല്‍സിന്റെ തന്ത്രമാണ് കേരളസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് എത്രവേണമെന്നുപോലും നിശ്ചയമില്ലാതെ അന്ധാളിച്ചു നില്‍ക്കുകയാണ് കേരളം. ഓരോ സ്ഥലത്തും ഓരോ കണക്കുകള്‍ പറയുകയാണ്. ഏതൊക്കെ മേഖലയില്‍ എത്രയൊക്കെ ചെയ്യണമെന്ന് കേന്ദ്രത്തിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കേരളം തയ്യാറായിട്ടില്ല. കള്ളക്കഥകളും കണക്കുകളും അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനാണ് മന്ത്രിമാരടക്കം ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശിവഗിരിക്ക് കേന്ദ്രം അനുവദിച്ച തുകയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിരത്തിയ നുണക്കഥ. 300 കോടി രൂപ ലഭ്യമാക്കാന്‍ പലതവണ കേന്ദ്രത്തില്‍ ചെന്ന് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കടകംപള്ളി പറഞ്ഞത്. ശിവഗിരിക്കോ തീര്‍ത്ഥാനടത്തിനോ ഇതുവരെ ഒരു ചില്ലിക്കാശുപോലും ഒരു സര്‍ക്കാരും നല്‍കിയിട്ടില്ല. ആദ്യമായി നരേന്ദ്രമോദി സര്‍ക്കാര്‍ നൂറുകോടി അനുവദിച്ചതിന് നന്ദിപറയുന്നതിന് പകരം ഏഷണിയും പൊങ്ങച്ചവും വിളമ്പുന്ന മന്ത്രിമാരാണ് കേരളത്തിന്റെ ശാപം. ഒന്നും കേരളത്തിന് നല്‍കുന്നില്ലെന്ന് പറയുന്നവര്‍ ഇനി എന്തു പറയുമെന്നാണ് അറിയാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.