സവര്‍ണ്ണമേധാവിത്വം എവിടെ?

Thursday 1 November 2018 1:25 am IST
യദുകൃഷ്ണയെ ഉള്‍പ്പെടെ അതിനു യോഗ്യരാക്കിയത് ഉച്ചനീചത്വങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ പരിഹരിക്കണമെന്ന് തീരുമാനിച്ച താന്ത്രിക വിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളാണ്. ജോലി നല്‍കിയതിനേക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ത്തിയ സംസ്‌ക്കാരമാണെന്ന് ഞാന്‍ കരുതുന്നു. പിന്നാക്ക - പട്ടിക വിഭാഗങ്ങള്‍ക്ക് ക്ഷേത്രം തുറന്നുകൊടുത്തത് കമ്മ്യൂണിസ്റ്റു പോരാട്ടങ്ങളല്ല. രാജഭരണകാലത്തു തന്നെ പുലയര്‍ മഹാസഭയും, എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് എന്നിവരും പരിഷ്‌ക്കരണവാദികളായ ബ്രാഹ്മണരും ചേര്‍ന്നു നടത്തിയ പോരാട്ടങ്ങളായിരുന്നു.

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തത് പട്ടിക വിഭാഗവും പിന്നാക്ക ജനതയുമാണ്. പക്ഷേ, പാര്‍ട്ടി നെഞ്ചോടു ചേര്‍ത്തത് സവര്‍ണ്ണരെയായിരുന്നു. അതു കൊണ്ടാണ് പട്ടിക വിഭാഗത്തില്‍ നിന്ന് ഒരാളെങ്കിലും അവരുടെ ഉന്നതാധികാര സമിതിയിലേക്ക് പരിഗണിക്കപ്പെടാത്തത്. യോഗ്യരായി  ആരും പട്ടിക വിഭാഗ, പിന്നാക്ക വിഭാഗങ്ങളില്‍ ഇല്ലാത്തതുകൊണ്ടല്ല. കമ്യൂണിസ്റ്റുകാരിലെ സവര്‍ണ്ണ ശക്തി മതേതര-ജാതിരഹിത വജ്രായുധം  കൊണ്ട് അതിനു തടയിട്ടു. 

എതിര്‍ക്കുന്നവരെ കേള്‍ക്കാന്‍ ക്ഷമയില്ലാത്ത ഭീരുക്കളാണ് കമ്യൂണിസ്റ്റുകള്‍. ആയുധത്തിന്റെയും അധികാരത്തിന്റേയും ബലത്തില്‍ സ്വന്തം ജനതയെ ഉന്മൂലനം ചെയ്തു ഭീകരാന്തരീക്ഷത്തില്‍ മനുഷ്യരെ അടിച്ചമര്‍ത്തി ഭരിക്കുന്നതാണ് അവരുടെ പാരമ്പര്യം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതര ജനാധിപത്യ വ്യവസ്ഥയില്‍, അതു നടപ്പാക്കാനാവില്ലെന്ന് അവര്‍ക്കറിയാം. ഇന്ത്യന്‍ ഭരണഘടന ചുട്ടുചാമ്പലാക്കണമെന്നവര്‍ വാദിച്ചതിലെ യുക്തി ഇന്ത്യയുടെ സഹിഷ്ണുതാ വൈഭവത്തോടുള്ള ഭയം തന്നെയാണ്. അതിനെതിരെ അവര്‍ മറ്റുമാര്‍ഗം കണ്ടെത്തി. അതിന്റെ ഭാഗമാണ് ചിലര്‍ 80കളില്‍ത്തന്നെ 2020 പ്ലാന്‍ പ്രഖ്യാപിച്ചത്. 

കമ്യൂണിസം പ്രചുരപ്രചാരം നല്‍കിയ പദമാണു  'ദളിതു'കളെന്നത്. പരിവര്‍ത്തിതരായ ക്രൈസ്തവരെയും  ഹിന്ദുക്കളായ പട്ടിക വിഭാഗക്കാരെയും മൊത്തത്തില്‍ ദളിതുകളാക്കി മാധ്യമ സിന്‍ഡിക്കേറ്റുകളെക്കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിച്ച് അടിത്തറയിട്ടു. പട്ടികജാതിയില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് ഏത് മത വിശ്വാസം സ്വീകരിച്ചാലും പട്ടിക ഗോത്രവര്‍ഗ്ഗ ജാതിക്കെന്ന പോലെ പട്ടികജാതി പദവിയും ആനുകൂല്യങ്ങളും  ലഭ്യമാക്കണമെന്ന മുദ്രാവാക്യവുമായി അവര്‍ പ്രക്ഷോഭകാരികളായി. രാജ്യത്തുടനീളം ദൈവവിളി കേന്ദ്രങ്ങളുയര്‍ന്നു. ഭാരത സര്‍ക്കാര്‍ മതേതര തെളിവിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. പരിവര്‍ത്തിതരാണെന്നാക്ഷേപമുള്ള കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസും, പി.കെ.ബിജുവിനെ സിപിഐ (എം)ഉം എംപിമാരാക്കി. ഇവരെ പോലെ എത്ര പേര്‍ നിയമസഭകളിലും പാര്‍ലമെന്റിലുമുണ്ടെന്നറിഞ്ഞുകൂടാ.ഇന്ത്യയിലെ ആകെ എംപിമാരുടെ 22.5% ദളിത് ക്രൈസ്തവ എംപിമാരെ സൃഷ്ടിച്ച് ഭാരത ഭരണം കൈപ്പിടിയിലൊതുക്കാനുള്ള 2020 പ്ലാന്‍കാര്‍ക്ക്, അതിശക്തനായ നരേന്ദ്ര മോദിജിയെ തകര്‍ത്തേ മതിയാകൂ. ആസാമിലും, മിസോറാമിലും മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാകെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുന്നതില്‍ 2020 നിര്‍ണ്ണായകമാണ്. ശബരിമലയിലെ നിര്‍ദോഷമായ ആചാരം വിശ്വാസി സമൂഹത്തിലെ 99% യുവതികളും അനുസരിക്കുമ്പോള്‍ ഹൈന്ദവ സംസ്‌ക്കാരത്തെ തകര്‍ക്കാനായി,  അവിശ്വാസികളായ ഏതാനും യുവതികള്‍ക്കു വേണ്ടി ബലപ്രയോഗം നടത്തുന്നതിലെ ജനാധിപത്യ ബോധത്തെ സൂക്ഷിക്കണം. 

ക്രൈസ്തവ പദ്ധതി പോലെ മതേതര ജനതയെ രാഷ്ട്രീയമായി സ്വാധീനിച്ച് വശത്താക്കാന്‍ തീവ്രവാദികളായ മുസ്ലിം രാഷ്ട്രീയ കൂട്ടായ്മകളും മതേതര ലേബലില്‍ രംഗത്ത് സജീവമാണ്. പട്ടിക വിഭാഗം ജനതയെ സംബന്ധിച്ചേടത്തോളം മതം മാറിയിട്ടും ക്രൈസ്തവര്‍ ഒറ്റപ്പെടുത്തി അടിച്ചമര്‍ത്തി. മതം മാറിയവരെ വിവേചനരഹിതമായി സ്വീകരിച്ചത് മുസ്ലിം മതമാണെന്ന് കേരളീയ അനുഭവത്തില്‍ ബോദ്ധ്യമായിട്ടുമുണ്ട്. എന്നാല്‍ ഹിന്ദുവായി തുടരുന്ന പട്ടിക വിഭാഗങ്ങളോട് തികഞ്ഞ അവഗണന, വര്‍ണ്ണ ഹിന്ദുക്കളെപ്പോലെ നിലനിര്‍ത്തുന്നവരുമാണ്. 

കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റുകാരും പിന്നീടുള്ള സിപിഐ ഉം സിപിഐ (എം) ഉം കോണ്‍ഗ്രസും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ സ്വീകരിച്ച ഭൂനയത്തില്‍ ജന്മിമാടമ്പിത്തരം സ്പഷ്ടമാണ്. 1970ല്‍ നടപ്പാക്കപ്പെട്ട 1963ലെ ഭൂ പരിഷ്‌ക്കരണ നിയമത്തില്‍ കേരളത്തിലുടനീളം പട്ടിക വിഭാഗക്കാരെ പരിപൂര്‍ണ്ണമായും ഭൂരഹിതരാക്കി. അവരിലെ ഒരു കുടുംബത്തെപോലും കൃഷിക്കാരുടെ പട്ടികയില്‍ കാണാനില്ല. പ്രിവന്‍ഷന്‍ ഓഫ് ഹട്ട് എവിക്ഷന്‍ ആക്ടിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ 10 സെന്റും മുന്‍സിപ്പല്‍ പ്രദേശത്ത് 5 സെന്റും, ടൗണ്‍പ്രദേശത്ത് 3 സെന്റും കുടികിടപ്പ് അവകാശമായി പരിമിതപ്പെടുത്തി. അവരുടെ ഭാവി 3 സെന്റില്‍ കുറ്റിയടിച്ച് തളച്ചിട്ടു. കേരളത്തിലെ പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക്  ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ആനുകൂല്യം ജാതീയമായ കാരണങ്ങളാല്‍ കേരളത്തില്‍ നിഷേധിച്ചു.  ഇക്കാര്യത്തില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കാനെങ്കിലും തയ്യാറുണ്ടോ? ഇത് ഏതുതരം തൊഴിലാളി വര്‍ഗ്ഗ സമീപനമാണ്? ഞങ്ങളിലുള്ളത് മാനവ രക്തമായതുകൊണ്ടാണോ പട്ടികജാതിക്കാര്‍ക്ക് കൃഷിക്കാരന്റെ പദവി ഭൂ പരിഷ്‌ക്കരണ നിയമത്തിലൂടെ നിഷേധിച്ചത്? ശവമടക്കുവാന്‍ അടുക്കള പൊളിക്കേണ്ടത്ര ഭൂരാഹിത്യത്തിന് അത് കാരണമായില്ലേ?

വനവാസികളായ പട്ടിക ഗോത്രവര്‍ഗ്ഗ ജനതക്ക് രാജഭരണക്കാലം മുതല്‍ ഹെക്ടര്‍ കണക്കിന് ഭൂമി പതിച്ചു കിട്ടിയിരുന്നു. പഴശ്ശിരാജാവ് കുറിച്ച്യര്‍ക്ക് വയനാട്ടില്‍ വ്യാപകമായി ചെമ്പു പട്ടയങ്ങള്‍ നല്‍കിയിരുന്നു.  കോഴിക്കോട് സാമൂതിരിമാരും, പന്തളം, കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാരും വനവാസികളെ ആദരിക്കയും പ്രത്യേകമായി വനഭൂമി പതിച്ചുനല്‍കുകയുമുണ്ടായി. പക്ഷെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സൃഷ്ടിച്ച ഭൂനയപ്രകാരം അവരുടെ അധികാരവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു.  വനനിയമങ്ങളിലൂടെ വനവാസികളുടെ സ്വത്തെല്ലാം അപഹരിച്ച് അവരെ കാട്ടില്‍ നിന്നു തുരത്തുകയും ചെയ്തു.ആ ഭൂമികളത്രയും വന്‍കിട - ചെറുകിട സ്വകാര്യ, സര്‍ക്കാര്‍ എസ്റ്റേറ്റുകളായി രൂപം പ്രാപിച്ചു. രാജ ഭരണ കാലത്ത് മണ്ണിന്റെ മക്കള്‍ ആര്‍ജ്ജിച്ചിരുന്നവ നിയമത്തിലൂടെ തട്ടിയെടുത്ത് സവര്‍ണ്ണര്‍ക്കും സമ്പന്ന ക്രൈ സ്തവര്‍ക്കും സ്വന്തമാക്കി കൊടുത്തവരെന്ന പേരു കൂടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇനി ചുമക്കേണ്ടത്. വയനാട്ടിലെ ആദിവാസികള്‍ പരമ്പരാഗതമായി കൈവശം വച്ചിരുന്ന ചെമ്പു പട്ടയപ്രകാരമുള്ള ഭൂമി ആദിവാസികളായ ഉടമകള്‍ക്ക് തന്നെ സംരക്ഷിച്ചു നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1975ലെ കേരള സര്‍ക്കാര്‍ 'അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ച് സംരക്ഷിക്കുന്ന ' നിയമമുണ്ടാക്കി ഭരണഘടനയുടെ 9-മത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും എന്തു സംഭവിച്ചു?

ആ നിയമത്തിനു ചട്ടങ്ങളുണ്ടാക്കിയത് 1983ല്‍. ചട്ടം രൂപപ്പെട്ടപ്പോഴേക്കും ഭൂമിയത്രയും കയ്യേറ്റക്കാര്‍ കൈക്കലാക്കി. 

ഇപ്പോള്‍ ജ്വലിച്ചു നില്‍ക്കുന്ന ശബരിമല ആരുടേതാണ്. പന്തളം രാജവംശം സ്ഥാപിതമാകുന്നതിനും നൂറ്റാണ്ടു മുമ്പേ മുതല്‍ ആ ഘോരവനത്തില്‍ പ്രബലമായ രണ്ടു ഗോത്രവര്‍ഗ്ഗങ്ങളാണ് ജീവിച്ചു കൊണ്ടിരുന്നത്. മനുഷ്യരെ കണ്ടാല്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന മലമ്പണ്ടാരങ്ങള്‍. അവര്‍ സ്ഥിരമായി ഒരിടത്തു താമസിക്കാത്തവരാണെന്നും ഒരംഗം മരണപ്പെട്ടാല്‍, മരണപ്പെട്ട വീടോ, കുടിലോ കത്തിച്ച് മറ്റൊരിടത്തേക്ക് താമസം മാറുന്നവരാണെന്നും അറിയുന്നു.പിന്നെയുള്ളത് മലയരയന്മാരാണ്. കേരളത്തിലെ ഏത് പട്ടിക വിഭാഗ ജാതികളേക്കാള്‍ ആത്മീയ ഉന്നതിയും സാംസ്‌ക്കാരിക വിദ്യാഭ്യാസ പുരോഗതിയും കൈവരിച്ചവരാണവര്‍. അവര്‍ പറയുന്നത് ശബരിമലയോടു ചേര്‍ന്ന 18 മലകളിലും അവരുടേതായ ക്ഷേത്രങ്ങളുണ്ടായിരുന്നു. ശാസ്താവിനെയാണ് വച്ചാരാധിച്ചിരുന്നത്.പൊന്നമ്പലമേട്ടില്‍ പരമ്പരാഗതമായി മലയരയന്മാര്‍ കോലരക്കുപയോഗിച്ച് മകരസംക്രമ സന്ധ്യയില്‍ നടത്തിവന്നിരുന്ന ആഴിപൂജയാണ് മകരത്തിലെ ദിവ്യജ്യോതിയായി ദേവസ്വം ബോര്‍ഡ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഭഗവാന്‍ സ്വാമി അയ്യപ്പന്റെ ജനനവും അത്ഭുത പ്രവര്‍ത്തികള്‍ക്കും ശേഷം അദ്ദേഹത്തിന്റെ പരമാത്മാവ് ശബരിമല ശാസ്താവില്‍ വിലയം പ്രാപിച്ചതായും മലയരയരും വിശ്വസിച്ചു വരുന്നു.

മലയരയര്‍ പന്തളം കൊട്ടാരത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറ്റപ്പെട്ടു.അവര്‍ തമ്മില്‍ കലഹമുണ്ടായിട്ടുമില്ല. കൊടുംകാട്ടില്‍ വളര്‍ന്നവരായിട്ടും, മലയരയ യുവതികളാരും ശബരിമല അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചിട്ടില്ല. യുവതീ ദര്‍ശനം നിഷിദ്ധമാണെന്നും പ്രായ നിബന്ധന കര്‍ശനമായും പാലിക്കേണ്ടതാണെന്നും ആ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളാകേണ്ടിയിരുന്ന മലയരയര്‍ ബലമായി വിശ്വസിക്കുന്നു. പന്തളരാജ്യം തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി തുടര്‍ന്നപ്പോള്‍ രാജാ ബാലരാമവര്‍മ്മ ശബരിമലയിലെ മലയരയര്‍ക്ക് സവിശേഷമായ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കി പോന്നിരുന്നുവത്രെ.

സ്വാതന്ത്രൃനന്തരം ഭാരതത്തിനൊരു ഭരണഘടനയുണ്ടായി. എല്ലാ പൗരന്മാര്‍ക്കുമിടയില്‍ ആവുന്നത്ര സമത്വവും തുല്യനീതിയും ഉറപ്പാക്കുന്നതിനുതകുന്ന നിയമങ്ങളുമുണ്ടായി.പക്ഷെ നമ്മുടെ സംസ്ഥാനത്ത് എന്തു സംഭവിച്ചു?

ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം എന്നിവയെല്ലാം മിക്കവാറും സര്‍ക്കാര്‍ നിയന്ത്രണത്തിലായി.ദേവസ്വം നിയമം നടപ്പായതോടെ മലയരയരുടെ പ്രത്യേക അവകാശങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് കവര്‍ന്നെടുത്തു. പൊന്നമ്പലമേട്ടിലെ ആഴിപൂജ മലയരയരില്‍ നിന്നും ബലമായി പിടിച്ചെടുത്ത് പകരക്കാരെ കൊണ്ട് നിര്‍വ്വഹിപ്പിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. സമാന്തരമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ വനനിയമങ്ങളിലൂടെ മലയരയരെ കാള കെട്ടിയിലേക്ക് തുരത്തിയതുപോലെ വനവാസികളാകെ വനത്തിനു വെളിയിലുമായി. 2010 മുതല്‍ പൊന്നമ്പലമേട്ടിലെ ആഴിപൂജ മലയരയര്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതിന് പന്തളം രാജകുടുംബവും  തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറും ഹിന്ദു ഐക്യവേദി, ഹിന്ദു പാര്‍ളിമെന്റ് തുടങ്ങിയ വ്യക്തികളും പ്രസ്ഥാനങ്ങളും  മലയരയരെ പിന്തുണച്ചു വരുന്നുണ്ട്.

കേരളത്തിലെ പിന്നാക്ക - പട്ടിക വിഭാഗങ്ങളെ സവര്‍ണ്ണര്‍ക്കെതിരെ യുദ്ധം ചെയ്യാനാഹ്വാനം ചെയ്തു കൊണ്ടിരിക്കുന്ന സിപിഎം  എന്താണ് ചെയ്തത്? ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടു പദവി നായര്‍, നമ്പ്യാര്‍ സമുദായ പ്രതിനിധികള്‍ക്ക് റിസര്‍വ്വു ചെയതു കൊടുത്തു കൊണ്ടിരിക്കുന്നു.  വല്ലപ്പോഴും ഈഴവന്  അവസരം നല്‍കാറുണ്ട്. ബ്രാഹ്മണനോ, പുലയനോ, ഈഴവനോ, വിശ്വകര്‍മ്മജനോ പ്രസിഡണ്ടു പദവിക്ക് സമ്മര്‍ദ്ദ ശക്തിയായിട്ടില്ല. അതല്ലേ  ഇന്ത്യന്‍ സാഹചര്യം.

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ 6120 ജീവനക്കാരുള്ളതില്‍290 പേരൊഴികെയുള്ളവരെല്ലാം മുന്നാക്കക്കാരായിട്ടും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണത്തിന് വ്യവസ്ഥയുണ്ടാക്കിയവര്‍ക്ക് മുന്നാക്കക്കാരുടെ ആകെ ജനസംഖ്യ 13.5 ശതമാനമേയുള്ളു എന്നറിയാത്തവരാണോ? എന്നിട്ടും പിന്നാക്കക്കാരും പട്ടിക വിഭാഗങ്ങളും പാര്‍ട്ടി പട്ടാളങ്ങളല്ലേ...?

എകെജി സെന്ററോ, പാര്‍ട്ടി സ്ഥാപനങ്ങളോ അവരെ അതിനു പ്രേരിപ്പിക്കുകയെങ്കിലും ചെയ്‌തോ? പട്ടികജാതി സംഘടനകളും ഇക്കാര്യത്തിനായി ചെറുവിരലനക്കിയിട്ടില്ല, ആരോടും ഉരിയാടിയുമില്ല. യദുകൃഷ്ണയെ ഉള്‍പ്പടെ അതിനു യോഗ്യരാക്കിയത് ഉച്ചനീചത്വങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ പരിഹരിക്കണമെന്ന് തീരുമാനിച്ച താന്ത്രിക വിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളാണ്. ജോലി നല്‍കിയതിനേക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ത്തിയ സംസ്‌ക്കാരമാണെന്ന് ഞാന്‍ കരുതുന്നു. കമ്യൂണിസ്റ്റുകള്‍ക്കു ജനാധിപത്യമോ മതേതരത്വമോ ഭരണഘടനാ നിയമങ്ങളോ പ്രശ്‌നമല്ല. പാര്‍ട്ടിയെടുക്കുന്ന തീരുമാനം അതിവിടുത്തെ നിയമമാണ്. പിന്നാക്ക - പട്ടിക വിഭാഗങ്ങള്‍ക്ക് ക്ഷേത്രം തുറന്നുകൊടുത്തത് കമ്മ്യൂണിസ്റ്റു പോരാട്ടങ്ങളല്ല. രാജഭരണകാലത്തു തന്നെ പുലയര്‍ മഹാസഭയും, എസ്. എന്‍.ഡി.പി; എന്‍.എസ്.എസ്, എന്നിവരും പരിഷ്‌ക്കരണവാദികളായ ബ്രാഹ്മണരും ചേര്‍ന്നു നടത്തിയ പോരാട്ടങ്ങളായിരുന്നു.

പട്ടികജാതികള്‍ക്ക് സ്‌കൂള്‍ പ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും നേടിയെടുത്തത് മഹാത്മാ അയ്യന്‍കാളിയുടെ പോരാട്ടങ്ങളാണ്. ഇത്തരം പുരോഗമന പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതിലും പ്രോത്സാഹിപ്പിച്ചതിലും കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനേക്കാള്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍,   ജനകീയ ഒത്തുതീര്‍പ്പുകളില്‍ വാഗ്ദാനം ചെയ്ത തീരുമാനങ്ങള്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കിയിരുന്നവരാണ് നാട്ടുരാജാക്കന്മാര്‍. ഇപ്പോഴത്തെ സ്ഥിതിയോ?

(ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.