തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വിശ്വാസം സിപിഎം കേന്ദ്ര നേതൃത്വത്തെയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനാലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണു കോണ്‍ഗ്രസിന്റേതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ക്ക് ഇനി ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. ഇവര്‍ ബിജെപിയിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പമാണോ രാഹുല്ഗാന്ധിക്കൊപ്പമാണോ എന്നു വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓരോ ദിവസവും ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ നിലപാടെന്തെന്നറിയാന്‍ ബിജെപിയ്ക്കു താല്പര്യമുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സര്‍ക്കാരിനു വലിയ തിരിച്ചടിയായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കാത്തത് അയ്യപ്പഭക്തരുടെ വിജയമാണ്. യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാരെ ബിജെപി അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: