ഗോകുലം എഫ്‌സിക്ക് വീണ്ടും സമനില

Wednesday 31 October 2018 11:02 pm IST

ഇംഫാല്‍:  ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം സമനില. ഇന്നലെ നടന്ന എവേ മത്സരത്തില്‍ നെറോക്ക എഫ്‌സിയെയാണ് ഗോകുലം കേരള എഫ്‌സി 1-1ന് സമനിലയില്‍ തളച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ മോഹന്‍ ബഗാനെയും ഇതേ സ്‌കോറിന് പിടിച്ചുകെട്ടിയിരുന്നു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം സമനില പാലിച്ചത്. 45-ാം മിനിറ്റില്‍ ഘാന താരം ഡാനിയേല്‍ ബോഡോയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഗോകുലം 1 - 0ന് മുന്നിട്ടു നിന്നു.

രണ്ടാം പകുതി തുടങ്ങി 14 മിനിറ്റ് ആയപ്പോള്‍ നെറോക്ക സമനില ഗോള്‍ നേടി. പ്രതിരോധ നിര താരം  ഫെരീരയാണ് ലക്ഷ്യം കണ്ടത്. അതിനു ശേഷം രണ്ട് ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ഗോകുലത്തിന് രണ്ട് കളിയില്‍ നിന്ന് രണ്ട് പോയിന്റും നെറോക്കയ്ക്ക് ഒരു പോയിന്റുമാണുള്ളത്.

ആദ്യ മത്സരത്തില്‍ നെറോക്ക ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയോട് തോറ്റിരുന്നു.

മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ബിനോ ജോര്‍ജ് ഗോകുലം എഫ്‌സിയെ കളത്തിലിറക്കിയത്. ബഗാനെതിരെ കളിച്ച ഡി.കുമാര്‍, സാല്‍മാന്‍, അര്‍ജുന്‍ ജയരാജ്, ജി.നിഗാം എന്നിവരെ ഒഴിവാക്കി. പകരം മുഹമ്മദ് റഷീദ്, നിങ്ങ്‌തോജാം പ്രീതം, എം.ചക്ലാദര്‍, രാജേഷ് .എസ്് എന്നിവരെ ഉള്‍പ്പെടുത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.