നിലയ്ക്കലിലെ പോലീസ് അതിക്രമം; കാണാതായ ഭക്തന്‍ മരിച്ച നിലയില്‍

Friday 2 November 2018 1:48 am IST
നിലയ്ക്കലില്‍ പോലീസ് അതിക്രമമുണ്ടായ ദിവസങ്ങളായിരുന്നു അത്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തരെ പോലീസ് മര്‍ദിച്ച സംഭവങ്ങളും ഉണ്ടായി. നിരവധി തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ മര്‍ദനമേറ്റ് ചികിത്സ തേടിയിരുന്നു.

പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ഒക്ടോബര്‍ 17, 18 തീയതികള്‍ മുതല്‍ തുടര്‍ച്ചയായി നിലയ്ക്കലിലുണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ കണ്ടെത്തി. മരണകാരണം പോലീസ് മര്‍ദനമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തുമ്പമണ്ണില്‍ വാടകയ്ക്കു താമസിക്കുന്ന പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസി (60)ന്റെ മൃതദേഹമാണ് പമ്പ പാതയില്‍ പ്ലാപ്പള്ളിക്കും ളാഹയ്ക്കും ഇടയിലുള്ള വളവിന് സമീപം വനത്തില്‍ കണ്ടെത്തിയത്. 

അടിക്കാട് തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മൃതദേഹം കണ്ടത്. അല്‍പ്പം അകലെയായി ശിവദാസ് സഞ്ചരിച്ചിരുന്ന മോപ്പെഡും കിടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ തെരച്ചില്‍ നടത്തിയ പ്രദേശത്തു നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. 

നിലയ്ക്കലില്‍ പോലീസ് അതിക്രമമുണ്ടായ ദിവസങ്ങളായിരുന്നു അത്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തരെ പോലീസ് മര്‍ദിച്ച സംഭവങ്ങളും ഉണ്ടായി. നിരവധി തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ മര്‍ദനമേറ്റ് ചികിത്സ തേടിയിരുന്നു. ഇതേപോലെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ശിവദാസിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്ന സംശയം ശക്തമാണ്. സാഹചര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലോട്ടറി കച്ചവടക്കാരനായ ശിവദാസ് പതിവായി എല്ലാ മാസപൂജാവേളകളിലും ശബരിമല ദര്‍ശനം നടത്താറുണ്ട്. ശബരിമല ആചാരസംരക്ഷണത്തിനായി പന്തളത്ത് നടത്തിയ നാമജപയാത്രയിലും പങ്കെടുത്തു. 18 നാണ് ശിവദാസന്‍ മോപ്പഡില്‍ ശബരിമലയില്‍ ദര്‍ശനത്തിനു പോയത്. തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് 24ന് വീട്ടുകാര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, ഇത് സ്വീകരിക്കാതെ നിലയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തികഞ്ഞ അവഗണനയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 25ന് അടൂര്‍ ഡിവൈഎസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവുമുണ്ടായില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം നീക്കം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ലളിതയാണ് ശിവദാസിന്റെ ഭാര്യ. ഏക മകന്‍: ശരത്.

അയ്യപ്പ ഭക്തനെ പോലീസ് മര്‍ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമല കര്‍മസമിതിയും ഹിന്ദുഐക്യവേദിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.