പത്തനംതിട്ടയില്‍ ബിജെപിയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Friday 2 November 2018 10:34 am IST
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ ഉണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ ശിവദാസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പമ്പ പാതയില്‍ പ്ലാപ്പള്ളിക്കും ളാഹയ്ക്കും ഇടയിലുള്ള വളവിന് സമീപം വനത്തില്‍ കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട: അയ്യപ്പ ഭക്തനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പത്തനംതിട്ടയില്‍ പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരുമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ ഉണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ ശിവദാസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പമ്പ പാതയില്‍ പ്ലാപ്പള്ളിക്കും ളാഹയ്ക്കും ഇടയിലുള്ള വളവിന് സമീപം വനത്തില്‍ കണ്ടെത്തുകയായിരുന്നു. അടിക്കാട് തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മൃതദേഹം കണ്ടത്. അല്‍പ്പം അകലെയായി ശിവദാസ് സഞ്ചരിച്ചിരുന്ന മോപ്പെഡും കിടന്നിരുന്നു. 

ശിവദാസന്റെ മരണത്തിനു പിന്നിൽ ദുരുഹതയുണ്ടെന്ന് ശിവദാസന്റെ ഭാര്യയും മകനും ആരോപിച്ചു. മരണത്തിന് പിന്നിൽ പോലീസിന് പങ്കുണ്ട്. മൃതദേഹം ഇപ്പോൾ കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻപ് പരിശോധന നടത്തിയിരുന്നതായും മകൻ ശരത്ത് പറയുന്നു. എല്ലാ മാസവും ഒന്നാം തിയതി കൃത്യമായി ശബരിമലക്ക് പോകുന്നയാളാണ് ശിവദാസന്‍. മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ അദ്ദേഹം വീട്ടില്‍ തിരിച്ചെത്താറുള്ളു. ഇത്തവണയും പോലീസ് നടപടിയുണ്ടായ സമയത്താണ് അദ്ദേഹം മലയ്ക്ക് പോയത്.  പിന്നീട് ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

പരാതിയുമായി ആദ്യം പന്തളം പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് പമ്പ, നിലക്കല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പോയെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും മകന്‍ ആരോപിച്ചിരുന്നു. അടൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരമാണ് അവസാനം പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.