ന്യൂദല്‍ഹി: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 59 മിനിട്ടിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിവേഗം ലോണ്‍ ലഭ്യമാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടലിലൂടെ ഒരു മണിക്കൂറിനകം ലോണ്‍ തുക ചെറുകിട സംരംഭകര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംരംഭകര്‍ക്കുള്ള മോദിയുടെ ദീപാവലി സമ്മാനമാണിതെന്ന് ബിജെപി പ്രതികരിച്ചു.
ചരക്ക് സേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് വായ്പാ പലിശയില്‍ രണ്ട് ശതമാനം ഇളവ് ലഭിക്കും. സംരംഭകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണിതെന്നും മോദി പറഞ്ഞു. ദല്‍ഹി വിജ്ഞാന് ഭവനില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പദ്ധതി നൂറ് ദിവസത്തിനുള്ളില്‍ നൂറ് ജില്ലകളില്‍ വ്യാപിപ്പിക്കും. മേഖലയുടെ വികസനത്തിനായി 12 ഇന നയപരിപാടികള്‍ നടപ്പാക്കും.
ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ ഇന്ത്യ മുന്നേറിയെന്ന് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ടായ മുന്നേറ്റം പരാമര്‍ശിച്ച് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 142-ാം സ്ഥാനത്തായിരുന്നു നമ്മള്. ഇപ്പോള്‍ 77ലെത്തി. ആദ്യ അമ്പതിലെത്തുമെന്ന സ്വപ്നം അകലെയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: