സാലറി ചാലഞ്ച്: സര്‍ക്കാറിന്റെ രണ്ടാമത്തെ സര്‍ക്കുലറും നിയമവിരുദ്ധം-ഫെറ്റോ

Friday 2 November 2018 9:37 pm IST

 

കണ്ണൂര്‍: സാലറി ചാലഞ്ചിനായി സര്‍ക്കാര്‍ ഇറക്കിയ രണ്ടാമത്തെ സര്‍ക്കുലര്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിക്ക് വിരുദ്ധമാണെന്ന് ഫെറ്റോ (ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍സ്) കണ്ണൂര്‍ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

പഴയ സര്‍ക്കുലറിലെ സമ്മതപത്രവും വിസമ്മതപത്രവും ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കിയതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറില്‍ മൂന്നാം നമ്പര്‍ നിബന്ധനയായി പഴയ സര്‍ക്കുലര്‍ അനുസരിച്ച് സമ്മതപത്രം നല്‍കിയവര്‍ ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നാണ്. പഴയ സമ്മതപത്ര പ്രകാരം തുക ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള നീക്കം കോടതി വിധിക്ക് എതിരാണ്. ഇത് കോടതിവിധിയെ വെല്ലുവിളിക്കലാണ്.

പുതിയ സര്‍ക്കുലറിലെ മൂന്നാം നിബന്ധനപ്രകാരം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ കഴിയാത്തവര്‍ പറ്റുന്ന തുക നേരിട്ട് നല്‍കണമെന്ന നിര്‍ദ്ദേശം സ്വീകാര്യമല്ല. ഉദ്യോഗസ്ഥരെ തരംതിരിക്കുന്ന ഈ നിര്‍ദ്ദേശം ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം നല്‍കണമെന്ന് വാശി പിടിക്കുന്നതിന് തുല്യമാണ്. 

ജിവനക്കാര്‍ സ്വമേധയാ നല്‍കുന്ന തുക ഈടാക്കണമെന്ന ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും പരാമര്‍ശങ്ങള്‍ക്കെതിരാണ് പുതിയ ഉത്തരവ്. ഇത് കോടതിയലക്ഷ്യമാണ്. ഇടത് അനുകൂല സംഘടനാ നേതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് ചില ഡിഡിഒമാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് യോഗം വിലയിരുത്തി. 

യോഗത്തില്‍ ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ ചാത്തോത്ത്, കെ.കെ.സന്തോഷ്, എം.ടി.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.