വാക്കുകള്‍ പാഴാക്കുമ്പോള്‍

Saturday 3 November 2018 1:46 am IST

പത്രപ്രവര്‍ത്തകര്‍ സ്ഥാനത്തും അസ്ഥാനത്തും ചില സ്ഥിരം പ്രയോഗങ്ങള്‍ കാണാം. ''ഗോശ്രീപാലം വഴി നിലവില്‍ 60 ബസ് സര്‍വ്വീസുകളാണുള്ളത്. ഇവ നിലവില്‍ നഗരത്തില്‍ പ്രവേശിക്കുന്നില്ല. നിലവില്‍ ഹൈക്കോര്‍ട്ടുവരെയുള്ള സര്‍വ്വീസ് നഗരത്തിലേക്ക് നീട്ടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ യാത്രക്ലേശം അതിരൂക്ഷമാകും.''

എന്തിനാണ് 'നിലവില്‍'- ഇങ്ങനെ ആവര്‍ത്തിക്കുന്നത്? ആദ്യത്തെ മൂന്ന് നിലവിലുകളും ഒഴിവാക്കാം. ''ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതിയിന്മേല്‍ നടപടി തുടങ്ങി.''-

'പരാതികളില്‍'- എന്നു മതിയെങ്കിലും 'മേല്‍'- ചേര്‍ത്താലെ ചിലര്‍ക്ക് തൃപ്തിയാകൂ. ''ദുരിതാശ്വാസത്തിനുള്ള 1000 അപേക്ഷകളിന്മേല്‍ ഇനിയും തീരുമാനമായിട്ടില്ല.''-

''പൗരാവകാശത്തിന്മേലുള്ള നാലു ഹര്‍ജികളിന്മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.''-'മേല്‍'- ശീലമായവരുടെ വാക്യങ്ങളാണിവ.

''ഇവിടെ സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തില്‍ ഏറെ പഴക്കമുണ്ടെങ്കിലും നാളിതുവരെ ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.''-''ഒരു മന്ത്രിയെങ്കിലും നാളിതുവരെ ഈ പ്രദേശം സന്ദര്‍ശിച്ചിട്ടില്ല.''നിലവില്‍ പോലെയൊരു ശീലമാണിതും. ആവശ്യമില്ലാത്തിടത്തും 'ഇതുവരെ'- മതിയാകുന്നിടത്തുമെല്ലാം 'നാളിതുവരെ'- യെ കാണാം. ഇതിന് കടുപ്പം കൂട്ടി 'മണിക്കൂറിതുവരെ',- 'മിനിട്ടിതുവരെ'- എന്നെല്ലാം പ്രയോഗിക്കാവുന്നതാണ്. 

''ആദ്യമായാണ് ഞാന്‍ ആ സ്ഥലം കാണുന്നത്''.- എന്നെഴുതിയാല്‍ തൃപ്തിയാകാത്തവരുണ്ട്. 'ഇതാദ്യമായാണ്'- എന്നേ അവരെഴുതൂ.  ''കേരളം ഇത്രയേറെ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്.''-''ഇതാദ്യമായാണ് ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തില്‍ ജയിക്കുന്നത്.''-ഈ വാക്യങ്ങളില്‍ 'ആദ്യമായാണ്'- എന്ന് മതി. പക്ഷേ എത് ആദ്യവും ഇപ്പോള്‍ 'ഇതാദ്യ'-മാണ്. 

''അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണമുണ്ടായിരിക്കും.''- 'അന്ന്' മതി. അതു വലിച്ചു നീട്ടി 'അന്നേദിവസം'- എന്നാക്കുന്നതും പലര്‍ക്കും ശീലമായിപ്പോയി. ''കേരളത്തെ സംബന്ധിച്ചിടത്തോളം സൗരോര്‍ജ്ജ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.''''പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അണികളുടെ വികാരം  കണക്കിലെടുത്തേ മതിയാകൂ.''-രണ്ടു വാക്യങ്ങളില്‍ നിന്നും 'സംബന്ധിച്ചിടത്തോളം'- ഒഴിവാക്കാം. 

''കേരളത്തില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.''- ''പാര്‍ട്ടിക്ക് അണികളുടെ വികാരം കണക്കിലെടുത്തേ മതിയാകൂ.''- ശ്രോതാക്കളുടെ ക്ഷമപരീക്ഷിക്കുന്ന ചില പ്രഭാഷകര്‍ക്ക് പ്രീയപ്പെട്ട പ്രയോഗമാണ് 'സംബന്ധിച്ചിടത്തോളം'.- 

''ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പ്രേമത്തിന്റെ ഭിന്ന ഭാവങ്ങളെല്ലാം അഭിരമിച്ചിരുന്ന ഒരു കവിയായിരുന്നു അദ്ദേഹം. ഈ ഒരു സവിശേഷതയാണ് എന്നെ സംബന്ധിച്ചിടത്തോളം...''- വാക്കുകള്‍ ധൂര്‍ത്തടിക്കുന്നവരാണ് നമ്മുടെ പല എഴുത്തുകാരും പ്രഭാഷകരും. വാക്യങ്ങളിലെ ആവശ്യമില്ലാത്ത പദങ്ങള്‍ ആശയം ദുര്‍ബലവും അവ്യക്തവുമാക്കുമെന്ന് അറിയുന്നില്ല. 

വാര്‍ത്തയില്‍ നിന്ന്:

''മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി ഇതുവരെ ലഭിച്ചിട്ടുള്ള ഏഴായിരത്തോളം പരാതികളിന്മേല്‍ വിവിധ വകുപ്പുകള്‍ വഴി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.''-

വേണ്ടാത്ത വാക്കുകള്‍ ഒഴിവാക്കിയാല്‍:

''മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് ലഭിച്ച ഏഴായിരത്തോളം പരാതികളില്‍ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.'-'-

മുഖപ്രസംഗത്തില്‍ നിന്ന്:

''രാഷ്ട്രീയം തൊഴിലാക്കിയവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുത പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല.''-പിന്നെ എന്തിനാണ് 'എടുത്തു'-പറയുന്നത്?

ഈ വാക്യത്തില്‍ 'വര്‍ദ്ധിച്ചുവരുന്നു'- എന്നതിന് ശേഷമുള്ള ഭാഗം ആവശ്യമില്ല. ചേര്‍ത്തേ മതിയാകൂ എങ്കില്‍ 'പ്രത്യേകിച്ച്',- 'എടുത്തു'- എന്നിവയില്‍ ഒന്ന് മതി.  ''കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ നട്ടെല്ലാണ് റേഷന്‍ സമ്പ്രദായം എന്ന കാര്യത്തില്‍ ആര്‍ക്കും  തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.'' 'റേഷന്‍ സമ്പ്രദായം'- എന്നതിന് ശേഷമുള്ള വാക്കുകള്‍ ഒഴിവാക്കാം. 

പിന്‍കുറിപ്പ്: 

പത്രഭാഷയിലാക്കുക: 'ഒരാഴ്ചത്തെ പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.'- 'ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.' 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.