ഹൈമാസ്റ്റ് ലൈറ്റും ബാഴ്‌സിലോണയും വിവാദമായി ; കൗണ്‍സിലില്‍ വാക്കേറ്റം

Thursday 22 November 2012 5:45 pm IST

തിരുവനന്തപുരം : ശശി തരൂര്‍ എംപിയായിരിക്കെ കൊണ്ടു വന്ന ഹൈമാസ്റ്റ് ലൈറ്റും ബാഴ്‌സിലോണയും നഗരസഭാ കൗണ്‍സില്‍ യോഗം കയ്യടക്കി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലി ആരംഭിച്ച ബഹളം ബാഴ്‌സിലോണ ഇരട്ട നഗരത്തിലേക്ക് കടന്നപ്പോള്‍ വാക്കേറ്റവും വെല്ലുവിളിയുമായി. നഗരത്തിലെ വിവിധ സ്ഥലങ്ങളലില്‍ എംപി ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ വൈദ്യുതി ചാര്‍ജ്ജ് അടക്കുന്നതും മെയിന്റനന്‍സും നഗരസഭ വഹിക്കുന്ന വിഷയം കൗണ്‍സില്‍ പരിഗണനയ്ക്കു വന്നതാണ് ബഹളത്തിന് തുടക്കം. ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടുതല്‍ വൈദ്യുതി ചെലവാക്കുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമാണെന്ന് മരാമത്ത് കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. പത്മകുമാര്‍ ചൂണ്ടിക്കാട്ടിയതാണ് വിവാദമായത്. ഇത് ശശിതരൂരിനെതിരായ ഇടതുപക്ഷത്തിന്റെ ഗൂഡനീക്കമാണെന്ന് മഹേശ്വരന്‍നായര്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ മാത്രമാണോ തലസ്ഥാന വികസനമെന്ന് ബിജെപി നഗരസഭാകക്ഷി നേതാവ് പി. അശോക്കുമാര്‍ ചോദിച്ചു. ഇതിനിടെ എംപി കൊണ്ടുവന്ന ബാഴ്‌സലോണ ഇരട്ടനഗരം പദ്ധതി ഇല്ലാതാക്കിയത് മേയറാണെന്ന് യുഡിഎഫ് ആരോപിച്ചു. ബാഴ്‌സലോണ പദ്ധതി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന്റെ അനുമതി വേണമെന്നതിനാല്‍ മന്ത്രി ജയ്പാല്‍ റെഡിക്ക് താന്‍ കത്തെഴുതിയിരുന്നുവെന്നും മേയര്‍ പറഞ്ഞു. ശശിതരൂര്‍ കേന്ദ്രാനുമതി വാങ്ങുന്നതില്‍ വീഴ്ച വരുത്തിയിതാണെന്ന് മേയര്‍ പറഞ്ഞതോടെ ബഹളമായി. മേയര്‍ അയച്ച കരത്ത് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നായി. മേയര്‍ വെല്ലുവിളി സ്വീകരിച്ച് കത്ത് മേശപ്പുറത്ത് വച്ചതോടെ യുഡിഎഫ് പ്രതിഷേധം ദുര്‍ബലമായി. തനത് ഫണ്ട് ഉപയോഗിച്ച് റോഡ് വികസനങ്ങള്‍ നടക്കുന്നില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും പൊതുമരാമത്ത് വകുപ്പ് 42 ലക്ഷം രൂപവീതം നല്‍കിയെന്ന് പ്രസ്താവന ശരിയല്ലെന്നും 16 വാര്‍ഡുകളില്‍ പണി നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. 36 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ തനത് ഫണ്ട് ഉപയോഗിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും പ്രവേശന ഫീസായി 10 രൂപ ഈടാക്കുന്നുണ്ടെന്നും പല ആശുപത്രികളും വാഹന പാര്‍ക്കിംഗിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും ബിജെപി കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍ പറഞ്ഞു. നഗരസഭ ലൈസന്‍സിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ കണ്ടെത്തി നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെയും നഗരസഭ ഹെല്‍ത്ത് ഓഫീസറുടെയും നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഗോപന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പോലീസിന്റെ ചാരിറ്റബിള്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കച്ചവട താല്‍പര്യത്തോടെ കായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും സ്റ്റേഡിയം നഗരസഭാ ഏറ്റെടുക്കണമെന്നും ബിജെപി കൗണ്‍സിലര്‍ പി. അശോക്കുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജെനറം പദ്ധതി പ്രകാരമുള്ള ലോ ഫ്‌ളോരക് ബസ്സുകളുടെ യാത്രാനിരക്ക്, റൂട്ട് ഇവ നിശ്ചയിക്കുന്നും ഇവയുടെ നിയന്ത്രണത്തിനുമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കണമെന്ന് വി.എസ്. പത്മകുമാറിന്റെ അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൃദ്ധജനങ്ങള്‍ക്കും വികലാംഗര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാന്‍ പ്രത്യേക ഐഡന്റികാര്‍ഡുകള്‍ വേണമെന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് കുര്യാത്തി കൗണ്‍സിലര്‍ മോഹനന്‍നായര്‍ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കേ ക്ഷേമ പെന്‍ഷന്‍ നല്‍കൂ എന്ന നിബന്ധനയില്‍ നിന്നും വൃദ്ധരെയും വികലാംഗരേയും ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് വി.എസ്. പത്മകുമാര്‍ ആവശ്യപ്പെട്ടു. മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 30ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കും. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രത്യേക സമിതി വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുക്കാന്‍ മേയറെ യോഗം ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.