ശബരിമല : റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും

Saturday 3 November 2018 3:31 pm IST

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. നവംബര്‍ 13ന് രാവിലെ ചീഫ് ജസ്റ്റിസ് കോടതി കേസ് കേള്‍ക്കുമെന്നാണ് അറിയിച്ചത്. വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 40 പുനഃപരിശോധനാ ഹര്‍ജികള്‍ 13ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ എസ്. കെ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ വിജയകുമാര്‍, അയ്യപ്പ ഭക്തരായ ജയ രാജ്കുമാര്‍, ശൈലജ വിജയന്‍ എന്നിവരുടെ റിട്ട് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ശബരിമല കേസില്‍ ഏതാനും ചില സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ പുറപ്പെടുവിച്ച വിധി വിശ്വാസികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നാണ് റിട്ട് ഹര്‍ജികളിലെ പ്രധാന വാദം. നിര്‍ദേശക സ്വഭാവമില്ലാത്ത ഭരണഘടനാ ബെഞ്ച് വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ല. ആചാര സംരക്ഷണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും റിട്ട് ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. 

ഭരണഘടനാ ബെഞ്ചിന് മുന്നിലേക്ക് 13ന് എത്തുന്നത് 40 റിവ്യൂ പെറ്റീഷനുകളാണ്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, രോഹിങ്ടണ്‍ നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്ക് ആരെ ഉള്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് തന്നെ ബെഞ്ചിലെ അഞ്ചാം അംഗമായി ഉള്‍പ്പെടുകയോ മറ്റേതെങ്കിലും ജഡ്ജിയെ നിയോഗിക്കുകയോ ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.