ചരിത്രമുറങ്ങാത്ത താഴ്‌വര

Sunday 4 November 2018 1:00 am IST
ഇന്ത്യയിലെ ഏറ്റവും പ്രേതബാധിതമായ പ്രദേശം എന്നാണ് ബാന്‍ഗര്‍ഹ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ രാജ്ഗര്‍ഹ് മുനിസിപ്പാലിറ്റി പരിധിയിലാണ് ഈ സ്ഥലം. സരിസ്‌കാ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശത്തായി ആരവല്ലി മലനിരകളില്‍ ബാന്‍ഗര്‍ഹ് സ്ഥിതിചെയ്യുന്നു. ദല്‍ഹിയില്‍നിന്നും 235 കി. മീ. ദൂരത്തിലാണിത്.

രിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത, അധികമാരും അറിയപ്പെടാത്ത  പതിനാറാം നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ കോട്ടയിലേക്ക് പ്രവേശിക്കുന്ന ആരുടേയും കണ്ണുകള്‍ വിസ്മയംകൊണ്ട് വിടരും. ഒരു സുഹൃത്തില്‍നിന്നാണ് രാജസ്ഥാനിലെ 'ബാന്‍ഗര്‍ഹ്' എന്ന പുരാതന നഗരത്തെപ്പറ്റി അറിയാന്‍ ഇടയായത്. അത് ജീവിതത്തില്‍ ഇന്നോളം ചെയ്ത യാത്രകളിലെ, മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍കിയ യാത്രയിലേക്കാണ് പരിണമിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രേതബാധിതമായ പ്രദേശം എന്നാണ് ബാന്‍ഗര്‍ഹ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ രാജ്ഗര്‍ഹ് മുനിസിപ്പാലിറ്റി പരിധിയിലാണ് ഈ സ്ഥലം. സരിസ്‌കാ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശത്തായി ആരവല്ലി മലനിരകളില്‍ ബാന്‍ഗര്‍ഹ് സ്ഥിതിചെയ്യുന്നു. ദല്‍ഹിയില്‍നിന്നും 235 കി. മീ. ദൂരത്തിലാണിത്.

1573-ല്‍ ഈ നഗരം സ്ഥാപിക്കപ്പെട്ടുവെന്ന് ചരിത്രം പറയുന്നു. ജയ്പൂര്‍ കച്ചാവാ രജ്പുത് രാജാവായിരുന്ന ഭഗവന്ത് ദാസ്, അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ മാധോസിങ്ങിനുവേണ്ടി നിര്‍മിച്ചുനല്‍കിയതാണ്. മാധോസിങ്ങിന്റെ സഹോദരനായ  മാന്‍സിങ് അക്ബറിന്റെ ജനറലായിരുന്നു.

ബാന്‍ഗര്‍ഹ് കൊട്ടാരവും കോട്ടയും മുഗള്‍ഭരണകാലത്ത് ആക്രമിക്കപ്പെട്ടുവെന്ന് ചരിത്രം പറയുന്നു. രാജ്ഞിക്കു പിന്നീട് രാജ്യാധികാരം ലഭിച്ചുവെന്ന് പറയപ്പെടുന്നു. മുഗള്‍ ആക്രമണത്തില്‍ രാജ്ഞിയും, സകല ജനങ്ങളും കൂട്ടക്കുരുതിക്ക് വിധേയമാക്കപ്പെട്ടുവത്രേ. താഴ്‌വരയെന്നും പ്രേതനഗരമെന്നും പിന്നീട് അറിയപ്പെട്ടു.

അറിഞ്ഞതിനുമപ്പുറം

പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത ഇവിടേക്ക് കൂടുതലും നാട്ടുകാരാണ് സഞ്ചാരികളായെത്തുന്നത്. ഞങ്ങള്‍ മൂന്ന് പേരടങ്ങുന്ന സംഘം തലേന്ന് വൈകിട്ട് 5.45 നുള്ള ദല്‍ഹി-അജ്മീര്‍ ഡബിള്‍ ഡക്കര്‍ ട്രെയിനില്‍ ദല്‍ഹിയില്‍നിന്ന് യാത്ര തിരിച്ചു. ബാന്‍ഗര്‍ഹിന് അടുത്തുള്ള ആള്‍വാര്‍ നഗരത്തില്‍ പിറ്റേന്ന് ഒരു ടാക്‌സി ഏര്‍പ്പാടാക്കി. വലിയവാഹനങ്ങള്‍ ബാന്‍ഗര്‍ഹിലേക്ക് പോവില്ല.

ആള്‍വാറില്‍നിന്ന് രാവിലെ ഏഴ് മണിക്ക് യാത്ര തിരിച്ചു. അങ്ങിങ്ങ് വീടുകളുള്ള ചെറിയ ഗ്രാമങ്ങള്‍ താണ്ടി വിജനമായ വഴിയിലൂടെ യാത്ര തുടര്‍ന്നു. മരുഭൂമികള്‍ നിറഞ്ഞതാണ് രാജസ്ഥാന്‍ എന്നു കേട്ടിട്ടുള്ള എനിക്ക് അദ്ഭുതമായിരുന്നു പച്ചപ്പു നിറഞ്ഞ ആള്‍വാര്‍-ബാന്‍ഗര്‍ഹ് മലനിരകള്‍. സരിസ്‌ക ടൈഗര്‍ റിസര്‍വും, സില്‍ഷ തടാകവും കടന്ന് യാത്ര തുടര്‍ന്നു. ഏകദേശം 10.30 ആയപ്പോഴേക്കും ദൂരെ വന്‍മതില്‍ക്കോട്ടകള്‍ തെളിഞ്ഞുവന്നു. അതിന്റെ സമീപപ്രദേശങ്ങളിലൊന്നും ആള്‍താമസമോ കടകളോ കണ്ടില്ല. ആടുകളെ മേയ്ക്കാന്‍ പോകുന്ന ആട്ടിടയന്മാരും-ആട്ടിന്‍ കൂട്ടങ്ങളും. പിന്നെ മാര്‍ബിള്‍ക്കല്ലുകള്‍ നിറഞ്ഞ മലനിരകളും മാത്രമാണ് വഴിയില്‍ കാണാനായത്.

നോക്കാന്‍ അധികാരികളോ, പ്രവേശനത്തിന് ടിക്കറ്റോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ചെക്ക് പോസ്റ്റ് മാത്രം ഉണ്ടായിരുന്നു. അവിടെ 40 രൂപ അടച്ചു, യാത്ര തുടര്‍ന്നു. അപ്പോള്‍ ഞങ്ങള്‍ കോട്ടയുടെ അടുത്തെത്തി. ഞങ്ങള്‍ വാഹനം പാര്‍ക്കു ചെയ്ത് ആദ്യ കോട്ടയുടെ പ്രധാന കവാടത്തില്‍ പ്രവേശിച്ചു. രാവിലെ 10 നു മുന്‍പും വൈകിട്ട് 5 നുശേഷവും പ്രവേശനമില്ല. സ്ഥലത്തിന്റെ വിവരണം നല്‍കുന്നവരുടെ ഒരു രേഖാചിത്രം ഉള്‍പ്പെടുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഒരു ബോര്‍ഡ് അവിടെ സ്ഥാപിച്ചിരുന്നു. അവിടെനിന്നും ഏകദേശം അര കി.മീ. നടന്നുവേണം കൊട്ടാര സമുച്ചയത്തില്‍  എത്താന്‍. ഏകദേശം 5 കി.മീ. ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന മൂന്ന് കോട്ട മതിലുകള്‍. കൊട്ടാരത്തിനു ചുറ്റും ഉണ്ട്. ഈ കോട്ടകളില്‍ അഞ്ച് കവാടങ്ങള്‍ വീതം അഞ്ച് ദിക്കുകളിലായി നിര്‍മിച്ചിട്ടുണ്ട്. 

ബാന്‍ഗര്‍ഹിന്റെ സങ്കടം

എല്ലാ കവാടങ്ങളും സന്ദര്‍ശിക്കാന്‍ സാധ്യമാവാത്തവിധം കാടുമൂടപ്പെട്ടിരിക്കുന്നു. പ്രധാന കവാടമായ, ഹനുമാന്‍ ഫുല്‍ബാരി ഗേറ്റിലൂടെയാണ് ഞങ്ങള്‍ അകത്ത് പ്രവേശിച്ചത്. മറ്റു കവാടങ്ങള്‍ ലാഹോറി ഗേറ്റ്, അജ്‌മേരിഗേറ്റ് ഫുല്‍ബാരി ഗേറ്റ്, ദല്‍ഹി ഗേറ്റ്, ഹനുമാന്‍ ഫൂല്‍ ബാരി എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രധാന കവാടം മുതല്‍ കോട്ടവാതില്‍വരെ കല്ലുപാകിയ നടപ്പാതയാണ്. അതിനിരുവശവുമായി വരിവരിയായ ഒരേ രൂപത്തില്‍ നിര്‍മ്മിച്ച ധാരാളം കെട്ടിടങ്ങള്‍ കാണാം. അവയെല്ലാം ഒരുകാലത്ത് ധാബകളും കടകളും മാര്‍ക്കറ്റും മറ്റുമായിരുന്നുവത്രെ.

ഞങ്ങള്‍ രണ്ടാമത്തെ കോട്ടയുടെ പ്രധാന കവാടത്തിനുള്ളില്‍ പ്രവേശിച്ചു. പ്രധാനമായും മനോഹരമായ നാല് ക്ഷേത്രങ്ങളാണ് കോട്ടക്കുള്ളില്‍ ഉള്ളത്-ഗോപിനാഥ്, സോമേശ്വര, കേശവറായ്, മംഗളാദേവി എന്നിവയാണവ. രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണ് ഇന്ന് പ്രവേശനയോഗ്യമായി സ്ഥിതിചെയ്യുന്നത്. 

വളരെ മനോഹരമായി നിര്‍മ്മിച്ച ഒരു പുരാതന നഗരമായിരുന്നു ബാന്‍ഗര്‍ഹ്. സങ്കടമെന്നുപറയട്ടെ, അതിന്റെ തകര്‍ക്കപ്പെട്ട തിരുശേഷിപ്പുകള്‍ ഇന്നും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. നാഗരികശൈലിയില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രങ്ങളുടെ മകുടങ്ങള്‍ക്ക് കേടുപാടുകള്‍ കാണാന്‍ പറ്റുന്നില്ല. വളരെ ഗംഭീരമായ ഈ കല്‍നിര്‍മിതികള്‍ ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുന്നവയാണ്.

ഏഴുനില കൊട്ടാരം

കോട്ടയുടെ ചുറ്റുമുള്ള വനത്തില്‍ ധാരാളം മയില്‍, കുരങ്ങ് തുടങ്ങിയവയുണ്ട്. പ്രകൃതിദത്തമായ ഒരു കാട്ടരുവി വന്നുപതിക്കുന്നിടത്ത് ഒരു കുളവും മറ്റൊരു മനോഹരക്ഷേത്രവുമുണ്ട്. രണ്ടു ക്ഷേത്രങ്ങളും പിന്നിട്ട് പ്രധാന കൊട്ടാരത്തെ ചുറ്റിയുള്ള കോട്ടയുടെ കവാടത്തില്‍ പ്രവേശിച്ചു. ഏഴ് നിലകളുണ്ടായിരുന്ന കൊട്ടാരത്തിന്റെ മൂന്ന് നിലകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഒരു നില ഭൂമിക്കടിയിലാണ്. അത് മണ്ണ് മൂടപ്പെട്ടു. അതിലൂടെ ജയ്പൂര്‍ കൊട്ടാരത്തിലേക്ക് ഒരു തുരങ്കമുണ്ടായിരുന്നത്രേ.

ഞങ്ങള്‍ക്ക് വിവരങ്ങള്‍ പറഞ്ഞുതരാന്‍ ഡ്രൈവറും ഗൈഡുമായ നിഹാല്‍സിങ് എന്ന ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. പ്രധാന കൊട്ടാരം വളരെ മനോഹരമായ കോട്ടകൊത്തളങ്ങളും മണിമാളികകളും മറ്റും നിറഞ്ഞതാണ്. എന്നാല്‍ ഇന്ന് തകര്‍ന്നടിഞ്ഞ മകുടങ്ങള്‍ മാത്രം അവശേഷിക്കുന്നു. അവശേഷിക്കുന്ന മൂന്ന് നിലകളില്‍ ഞങ്ങള്‍ കയറി. ശിലാപാളികളും സുര്‍ക്കി മിശ്രിതവുമുപയോഗിച്ച് അവ നിര്‍മിച്ചിരിക്കുന്നു. രണ്ട് മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. 12 മണിക്ക് കോട്ടയ്ക്കുവെളിയില്‍ ഇറങ്ങി തിരികെ യാത്ര തിരിച്ചു.

വരുന്ന വഴിയില്‍ ഒരു ചായക്കടയില്‍ കയറി രാജസ്ഥാന്‍ സ്‌പെഷ്യല്‍ സ്‌നാക്‌സ് ആയ കടികച്ചോടിയും എരുമപ്പാലില്‍ ഉണ്ടാക്കിയ കൊഴുത്ത ഓരോ മസാല ചായയും കുടിച്ച് ആള്‍വാറിലേക്ക് യാത്ര തുടര്‍ന്നു. ഇന്നോളം വായിച്ച പ്രേതകഥകളിലെ പ്രേതങ്ങളെയൊന്നും അവിടെ ദര്‍ശിച്ചില്ല എങ്കിലും, ഒരു പ്രേതാന്തരീക്ഷം അവിടെ നിറഞ്ഞുനില്‍ക്കുന്നു. ധാരാളം വവ്വാലുകളും പക്ഷികളും വസിക്കുന്ന ഒരുകോട്ട. ശരിക്കും ഒരദ്ഭുതം തന്നെ. ഒരു മുത്തശ്ശിക്കഥപോലെ ചരിത്രമുറങ്ങാത്ത ഈ പ്രേതതാഴ്‌വര ഇനിയും കാണാനും, ഒരുദിനം അവിടെ ചെലവിടാനും ആരും ഒരുപാട് മോഹിക്കും. 

കാഴ്ചകളുടെ നാടാണ് രാജസ്ഥാന്‍. ചരിത്രം കോരിത്തരിപ്പോടെ മാത്രം ഓര്‍ക്കുന്ന രാജവംശങ്ങളുടെ കഥകള്‍ നിറഞ്ഞ നാട്.  ധീരമായ പോരാട്ടങ്ങളുടെ കഥ പറയുന്ന കോട്ടകള്‍. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ജീവനും ജീവിതവും ആഹുതി ചെയ്ത ധീരവനിതകളുടെ നിശ്വാസം തളംകെട്ടിയ കൊട്ടാരങ്ങള്‍. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികള്‍. മനസ്സിന് കുളിരേകുന്ന പ്രകൃതി ദൃശ്യങ്ങള്‍. ഈ കാഴ്ചകള്‍ക്കിടയിലും വേറിട്ടുനില്‍ക്കുന്നു ബാന്‍ഗര്‍ഹ് എന്ന പുരാതന നഗരം. രാജ്യത്തെ ഏറ്റവും പ്രേതബാധിതമായ പ്രദേശം എന്നറിയപ്പെടുന്ന ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എത്ര പറഞ്ഞാലും തീരുന്നതല്ല ബാന്‍ഗര്‍ഹിന്റെ വിശേഷങ്ങള്‍. വളരെ മനോഹരമായി നിര്‍മ്മിച്ച ഒരു പുരാതന നഗരമായിരുന്നു ബാന്‍ഗര്‍ഹ്. സങ്കടകരമെന്നുപറയട്ടെ, അതിന്റെ തകര്‍ക്കപ്പെട്ട തിരുശേഷിപ്പുകള്‍ ഇന്നും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. നാഗരികശൈലിയില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രങ്ങളുടെ മകുടങ്ങള്‍ക്ക് കേടുപാടുകള്‍ കാണാന്‍ പറ്റുന്നില്ല. വളരെ ഗംഭീരമായ ഈ കല്‍നിര്‍മിതികള്‍ ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുന്നവയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.