സര്‍ക്കാരിന് അധികാരത്തിന്റെ അഹങ്കാരം; സുകുമാരന്‍ നായര്‍

Sunday 4 November 2018 1:07 am IST

ചങ്ങനാശേരി: ജനാധിപത്യ സര്‍ക്കാരിനെ സങ്കുചിതമായ രീതിയില്‍ പാര്‍ട്ടി നിയന്ത്രിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡിഎസ്ടിഎ  35-ാമത് സംസ്ഥാന സമ്മേളനം പെരുന്ന മന്നത്തുപാര്‍വതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന അഹങ്കാരമാണ് ഇവര്‍ക്ക്. വിശ്വാസികള്‍ നിരായുധരല്ല. മൂര്‍ച്ചയുള്ള ആയുധം അവരുടെ കയ്യിലുണ്ട്. സര്‍ക്കാരിനെ അനുസരിപ്പിക്കാനുള്ള കരുത്തും വിശ്വാസികള്‍ക്കുണ്ട്. 

ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന് വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള കടമയുണ്ട്. സംസ്ഥാനത്ത് നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. മന്നത്ത് പത്മനാഭന്‍ നവോത്ഥാന നായകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നൊക്കെ മറ്റുചിലര്‍ ഇപ്പോള്‍ പറയുവാന്‍ തുടങ്ങിയിരിക്കുന്നു. ഏത് മതവും ജാതിയുമായാലും അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണ് മന്നത്ത് പത്മനാഭന്‍ നമ്മെ പഠിപ്പിച്ചത്. 

മന്നത്തിന്റെ കാലടികളല്ല എന്‍എസ്എസ് പിന്തുടരുന്നതെന്ന് ചിലര്‍ പറയുന്നു. നവോത്ഥാന നായകനെന്ന് സമുദായാചാര്യനെ വിളിക്കാനുള്ള കാരണമെന്തെന്നറിയണമെങ്കില്‍ ചരിത്രമറിയണമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷനായി. എന്‍എസ്എസ് സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ. ജി. ജഗദീഷ്ചന്ദ്രന്‍, ഡിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് സി. രവീന്ദ്രനാഥ്, ബി. ഭദ്രന്‍പിള്ള, എസ്. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.