അയ്യപ്പഭക്തന്മാരുടെ വിവരം പോലീസ് ശേഖരിക്കുന്നു

Sunday 4 November 2018 1:11 am IST

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ അയ്യപ്പഭക്തരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. അഞ്ചാം തീയതി നട തുറക്കാനിരിക്കെയാണ് രഹസ്യാന്വേഷണ വിഭാഗം അയ്യപ്പഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരോട് ശബരിമല തീര്‍ഥാടകരുടെ വിശദാംശങ്ങള്‍ പോലീസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുളള നിര്‍ദേശം സ്ഥാപന ഉടമകള്‍ക്ക് നല്‍കി. വിശ്വാസലംഘനത്തിനെതിരെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കുമെന്ന് ശബരിമല കര്‍മസമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓരോ പ്രദേശത്തുനിന്നും അയ്യപ്പന്മാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നതില്‍ ദുരൂഹതയുണ്ട്.

വിവിധ ജില്ലകളില്‍ നിന്നും വനിതാ പോലീസിനെയും ശബരിമലയിലേക്കും പമ്പയിലേക്കും നിയോഗിക്കുന്നുണ്ട്. വിശ്വാസ ലംഘനത്തിന് എത്തുന്ന യുവതികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനാണ് വനിതാ പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കുന്നുത്. വന്‍ പോലീസ് സംഘത്തെ വിന്യസിച്ച് ശബരിമല തീര്‍ഥാടനത്തെ സംഘര്‍ഷഭരിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പോലീസിന്റെ തയാറെടുപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

ശബരിമലയിലേക്ക് പോലീസിനെ നിയോഗിക്കുന്നതിലും വിവേചനമുണ്ടെന്നാണ് സേനാംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മണ്ഡല, മകരവിളക്ക് കാലത്ത് സേവനമനുഷ്ഠിക്കാന്‍ തയാറുള്ള പോലീസുകാരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പതിവായി സര്‍ക്കുലര്‍ അയയ്ക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. ഒക്‌ടോബര്‍ മാസം ആദ്യം ഈ സര്‍ക്കുലര്‍ വറാറുണ്ട്. ശബരിമല തീര്‍ഥാടന വ്രതം നോറ്റാണ് പോലീസ് സേനാംഗങ്ങള്‍ ഡ്യൂട്ടി എടുക്കാറ് പതിവ്. എന്നാല്‍ ഈവര്‍ഷം പോലീസ് അസോസിയേഷന്‍ നിശ്ചയിക്കുന്ന ആളുകളെ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ശ്രമം നടക്കുന്നത്. 

പോലീസിലെ സിപിഎം അനുകൂലികളെ മാത്രം ഡ്യൂട്ടിക്ക് നിശ്ചയിച്ച് വിശ്വാസലംഘനത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് ഈ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.