കാക്കനാട്ട് ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു

Sunday 4 November 2018 1:21 am IST

കാക്കനാട്: ജില്ലാ ആസ്ഥാനമായ കാക്കനാടിലെ ഉള്‍പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ എത്താതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമാകുന്നു. കാക്കനാടിന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളായ പാറയ്ക്കമുകള്‍, നിലംപതിഞ്ഞിമുകള്‍ എന്നീ പ്രദേശങ്ങളില്‍ സര്‍വീസ് നടത്താതെ കാക്കനാട്ടില്‍ ബസുകള്‍ ട്രിപ് അവസാനിപ്പിക്കുന്നു. 

മുന്നറിയിപ്പില്ലാത്ത സര്‍വീസ് മുടക്കം,  മണിക്കൂറുകളോളം ബസ് കാത്തുനിന്ന് ഒടുവില്‍ അമിതതുക നല്‍കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതി വരുത്തുന്നു. കാക്കനാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫിസിനു താഴെ സ്വകാര്യബസുകള്‍ ട്രിപ് മുടക്കിയിട്ടും നടപടിയില്ല. 

നിലംപതിഞ്ഞി മുകളിലേക്ക് ആറു ബസുകളും, പാറയ്ക്കാമുകള്‍ ഭാഗത്തേക്കു രണ്ടുബസുകളും, തുതിയൂരിലേക്ക് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏഴു ബസുകളും സര്‍വീസ് നടത്തുന്നതായാണ് ഔദ്യോഗിക രേഖ. സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തുതിയൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയതെന്ന് നാട്ടുകാര്‍. 

രാവിലെ 6.40ന് നിലംപതിഞ്ഞിമുകളില്‍ നിന്ന് എറണാകുളത്തേക്ക് ബസ് പോയാല്‍ പ്രദേശവാസികള്‍ക്ക് കാക്കനാടെത്താന്‍ ഓട്ടോയല്ലാതെ മാര്‍ഗമില്ല. കാക്കനാട് എംഎ ഹൈസ്‌കൂള്‍, എംഎം എല്‍പിസ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികള്‍ കാല്‍നടയായാണ് സ്‌കൂളിലെത്തുന്നത്.

പാറയ്ക്കാമുകള്‍ ഭാഗത്തുള്ള ബസുകള്‍ രാവിലെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രക്കാരുള്ളതു കൊണ്ടു മാത്രം സര്‍വീസ് നടത്തുന്നു. തുതിയൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ തെക്കു മാറി, മൂലമ്പിള്ളി പാക്കേജ് പ്രകാരം പുനരധിവസിപ്പിക്കപ്പെട്ട ഇരുപത്തഞ്ചോളം കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് കാക്കനാട് സിറ്റിയിലെത്താന്‍ 15 മിനിറ്റോളം നടക്കണം. ബസ് ഓടിക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കിയിരിക്കുന്നതു പുനരധിവാസത്തില്‍പ്പെട്ട ഇന്ദിരാ നഗര്‍ വരെയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ വാഹനാപകടത്തില്‍ രണ്ടാളുകള്‍ മരിച്ച കാരണത്താല്‍ ബസ് തുതിയൂര്‍ ജംഗ്ഷനില്‍ വന്നു ട്രിപ് അവസാനിപ്പിക്കുകയാണ്. 

ഉള്‍ഭാഗത്തേക്ക് ആളുകള്‍ കുറവായതിനാല്‍ സര്‍വീസ് നഷ്ടമാണെന്ന് ബസുടമകള്‍ പറയുന്നു. എന്നാല്‍ ഷെഡ്യൂള്‍ അനുസരിച്ച് കൃത്യമായി സര്‍വീസ് നടത്തിയാല്‍ യാത്രക്കാരെ ലഭിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. പരാതിപ്പെട്ടാല്‍ ഒരാഴ്ച സര്‍വീസ് നടത്തി പിന്നെ നിര്‍ത്തും.

ജില്ലാ ആസ്ഥാനവും ഐടി നഗരവുമായ കാക്കനാട്ടേക്കു പല ആവശ്യങ്ങള്‍ക്കായി ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും അനേകം പേര്‍ എത്തുന്നുണ്ട്. രാത്രി 8.30 കഴിഞ്ഞാല്‍ എറണാകുളം, ആലുവ ഭാഗത്തേക്ക് വേണ്ടത്ര ബസ് സൗകര്യമില്ല. 10 രൂപയ്ക്കു എറണാകുളം സിറ്റിയില്‍എത്തുന്നതിനു പകരം 150 രൂപയോളം മുടക്കി ടാക്‌സികളെ ആശ്രയിക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.