ലോകത്ത് ഏറ്റവും വലിയ ഭീകരത മാര്‍ക്‌സിസം: ഡോ. ഇ. ബാലകൃഷ്ണന്‍

Sunday 4 November 2018 3:36 am IST

കണ്ണൂര്‍: ലോക ചരിത്രത്തില്‍ ഏറ്റവും വലിയ ഭീകരത നടപ്പിലാക്കിയത് മാര്‍ക്‌സിസ്റ്റ് ഭരണാധികാരികളാണെന്ന് പ്രമുഖ ചിന്തകന്‍ ഡോ.ഇ.ബാലകൃഷ്ണന്‍. കണ്ണൂര്‍ ഐഎംഎ ഹാളില്‍ എം.എ.കൃഷ്ണന്‍ നവതി പ്രണാമത്തില്‍ 'മതം കമ്മ്യൂണിസം മാനവികത' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലര്‍ എഴുപത് ലക്ഷത്തോളം പേരെ കൊലപ്പെടുത്തിയെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ സ്റ്റാലിന്‍ കൊലപ്പെടുത്തിയത് മൂന്ന് കോടി ജനങ്ങളെയാണ്. 

സ്റ്റാലിന്റെ പിന്‍മുറക്കാരല്ലാത്ത ഒരു മാര്‍ക്‌സിസ്റ്റ് ഭരണാധികാരിയെയും നമുക്ക് ലോകത്ത് കാണാന്‍ സാധിക്കില്ല. കേരളത്തിലും ഇതു തന്നെയാണ് സാഹചര്യം. സ്റ്റാലിന്‍ തോക്കിന്‍ കുഴലിലാണ് ജനങ്ങളെ നിയന്ത്രിച്ചത്.  ഹിറ്റ്‌ലര്‍ തന്റെ എതിരാളികളെയാണ് കൊലപ്പെടുത്തിയതെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എതിരാളികളോടൊപ്പം വിമതരെയും കൊലപ്പെടുത്തി. 

മനുഷ്യന്റെ ചിന്തയെ പൂര്‍ണ്ണമായും മാറ്റിമറിച്ചാണ് ചൈനയും റഷ്യയും മാര്‍ക്‌സിസം നടപ്പാക്കിയത്. മാനവികതയുടെ മുദ്രയായ സ്വാതന്ത്ര്യം മാര്‍ക്‌സിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. ചൈനയിലും ക്യൂബയിലും ഒറ്റ പാര്‍ട്ടിയും ഒറ്റ പത്രവും മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. തൊഴിലാളി സര്‍വ്വാധിപത്യം പറയുന്ന മാര്‍ക്‌സിസ്റ്റ് ഭരണമുള്ള രാജ്യങ്ങളില്‍ അവരുടെ ജീവിത നിലവാരം ദയനീയമായിരുന്നു. 

എന്നാല്‍  മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് വ്യാഖ്യാനിച്ച മാര്‍ക്‌സിസം തന്നെ ഏറ്റവും വലിയ കറുപ്പായി മാറി. വരാന്‍ പോകുന്ന ലോകത്തെക്കുറിച്ച് കാണാനോ വ്യാഖ്യാനിക്കാനോ മാര്‍ക്‌സിനായില്ലെന്നും ഡോ. ഇ. ബാലകൃഷ്ണന്‍ പറഞ്ഞു.

തപസ്യ ജില്ലാ രക്ഷാധികാരി എം.പി.നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.സുനില്‍കുമാര്‍, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പാണപ്പുഴ പത്മനാഭ പണിക്കര്‍, പ്രൊഫസര്‍ മേലത്ത് ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് പാനൂരിന്റെ ആത്മാവില്‍ മുറിവേറ്റ മാലാഖമാര്‍ എന്നപുസ്തകം ഡോ.പി.ശിവപ്രസാദിന് നല്‍കി ഡോ. കൂമുള്ളി ശിവരാമന്‍ പ്രകാശനം ചെയ്തു. ടി. രാമകൃഷ്ണന്‍ സ്വാഗതവും പ്രശാന്ത് ബാബു കൈതപ്രം നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.