സിപിഎമ്മിനും വനിതാ കമ്മീഷനും ഇരട്ടത്താപ്പ്; ജെ.പ്രമീളാദേവി

Monday 5 November 2018 4:27 am IST

കോട്ടയം: ഒരുവശത്ത് സ്ത്രീകളെ ധൃതിപിടിച്ച് ശബരിമലയില്‍ കയറ്റാന്‍ വെമ്പുമ്പോള്‍ മറുവശത്ത് പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളുടെ പരാതികള്‍ക്ക് നേരെ പോലും മുഖം തിരിക്കുന്ന ഇരട്ടത്താപ്പ് നയമാണ് നടപ്പാക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാ ദേവി.

സുപ്രീംകോടതി വിധി ഉടനടി നടപ്പിലാക്കുന്നതിനായി സിപിഎം കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. ലിംഗനീതി ഉറപ്പുവരുത്തുകയാണെന്നാണ് സിപിഎം പറയുന്നത്. സിപിഎമ്മിന്റെ നേതാക്കളില്‍ നിന്നു പോലും, പ്രത്യേകിച്ച് ജനപ്രതിനിധിയായ പി.കെ. ശശിയെപ്പോലുള്ളവരില്‍ നിന്നുപോലും സ്ത്രീ അതിക്രമം നേരിടുന്നു. ഇത്തരം സംഭവങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തിയാല്‍ മതിയെന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. പരാതികളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസും കോടതിയുമാണ്. ഇതിലൂടെ സിപിഎമ്മിന്റെ വ്യക്തമായ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്.

വിധി നടപ്പിലാക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടില്ല. ഉടനടി വേണമെന്നും പറഞ്ഞിട്ടില്ല. ആവശ്യമുള്ളവര്‍ക്ക് കയറാമെന്ന പ്രസ്താവം മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സിപിഎം ഈ വിഷയത്തില്‍ കാണിക്കുന്ന അനാവശ്യ തിടുക്കം കാണുമ്പോള്‍ അവര്‍ക്ക് ഇതിലൂടെ എന്തോ സാധിക്കാനുണ്ടെന്ന് തോന്നിപ്പോകും. 

ഇതേ അവസ്ഥ തന്നെയാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ബഹുമാനം അര്‍ഹിക്കുന്ന പദവിയാണ് വനിതാ കമ്മീഷന്‍. പി.കെ. ശശിയെന്ന ജനപ്രതിനിധി സ്ത്രീക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി ഉയര്‍ന്നപ്പോള്‍ നിശബ്ദത പാലിക്കുകയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ ചെയ്തത്. അതേസമയം ശബരിമലയിലെ യുവതീപ്രവേശനത്തിനെ അനുകൂലിച്ച് സംസാരിക്കുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാടും ഇരട്ടത്താപ്പാണ്.  

വനിതാ കമ്മീഷന്റെ മുഖമുദ്ര നിഷ്പക്ഷതയാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ സ്ത്രീ പക്ഷത്തുനിന്ന് വീക്ഷിക്കേണ്ടതാണ്. ഇത്തരം നിലപാടുകള്‍ മഹത്വമാര്‍ന്ന സ്ഥാനത്തെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണ്, പ്രമീളാ ദേവി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.