സിഐടിയു നേതാവിന്റെ മകള്‍ക്കുമില്ല നീതി

Monday 5 November 2018 3:49 am IST

ആലപ്പുഴ: ശബരിമലയില്‍ വിശ്വാസികളല്ലാത്ത യുവതികളെ പോലും എത്തിച്ച് സ്ത്രീ തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നതായി അവകാശപ്പെടുന്ന സര്‍ക്കാരിന് സിപിഎം നേതാവിന്റെ മകള്‍ക്ക് പോലും നീതി ലഭ്യമാക്കാന്‍ കഴിയുന്നില്ല. ലൈംഗിക പീഡനശ്രമത്തിന് ഇരയായി  സിഐടിയു സംസ്ഥാന നേതാവിന്റെ മകള്‍ വിളിച്ച് പറഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും പീഡിപ്പിച്ചവനെതിരെ ഒരു കേസ് പോലും എടുക്കാത്തത് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ്. 

സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ.എന്‍. ഗോപിനാഥിന്റെ മകള്‍ ദിവ്യ ഗോപിനാഥാണ്  നടന്‍ അലന്‍സിയറിനെതിരെ പരസ്യ വെളിപ്പെടുത്തല്‍ നടത്തിയത്. 

'ഒരു തവണ ജോലി ചെയ്ത് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. വളരെ വേഗം മുറിയിലേക്ക് കടന്നു വന്ന അലന്‍സിയര്‍ എന്റെ കട്ടിലില്‍ കയറി എന്റെ കൂടെ കിടന്നു. ഉറങ്ങുകയാണോ എന്നാണ് അയാള്‍ ചോദിച്ചത്. ഞാന്‍ ചാടിയെഴുന്നേറ്റു. എന്നാല്‍ കുറച്ചു സമയം കൂടി കിടന്നോളൂ എന്നാവശ്യപ്പെട്ട് അയാള്‍ എന്റെ കൈയില്‍ കടന്നുപിടിച്ചു വലിച്ചു'.

'ഒരു തവണ ആര്‍ത്തവമുണ്ടായ ദിനങ്ങളിലൊന്നില്‍ ഞാന്‍ ക്ഷീണിതയായി സംവിധായകന്റെ അനുവാദത്തോടെ മുറിയിലേക്ക് മടങ്ങി. മുറിയില്‍ കിടന്ന ഞാന്‍ വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ്. അയാള്‍ കുടിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിരണ്ടു. അയാള്‍ എന്റെ കട്ടിലില്‍ ഇരുന്ന് എന്നോട് സംസാരിക്കാനാരംഭിച്ചു. പിന്നീട് എഴുന്നേറ്റ് എന്റെ സമീപത്തേക്ക് വരാനാരംഭിച്ചു.' 

കഴിഞ്ഞ 15നാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് പേര് വെളിപ്പെടുത്തിയില്ല. പിറ്റേന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് തന്റെ പേര് ദിവ്യാ ഗോപിനാഥ് എന്നാണെന്നും, 'ആഭാസം' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് അലന്‍സിയറില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നത് എന്നും വ്യക്തമാക്കി.

എന്നാല്‍ ഇടതു അനുഭാവിയായ അലന്‍സിയറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷനും തയാറായിട്ടില്ല. അലന്‍സിയറിനെതിരെ കേസെടുത്താല്‍ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും എന്നതിനാലാണ് ഒളിച്ചുകളി. 

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനെത്തിയവര്‍ക്ക് സംരക്ഷണം, പീഡനത്തിരയായ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അവഗണന എന്നതാണ് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ നയമെന്ന് വിമര്‍ശനം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.