ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു; ഗുരുപവനപുരിയില്‍ ഇനി 15 ദിനരാത്രങ്ങള്‍ സംഗീതസാന്ദ്രം

Monday 5 November 2018 5:16 am IST
"ചെമ്പൈ പുരസ്‌കാരം പാലാ സി.കെ. രാമചന്ദ്രന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എസ്.സുനില്‍കുമാറും ചേര്‍ന്ന് സമ്മാനിക്കുന്നു"

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം. 15 ദിവസം നീളുന്ന സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ: വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. 

സംഗീതജ്ഞന്‍ പാലാ സി.കെ.രാമചന്ദ്രന് ചടങ്ങില്‍ മന്ത്രി ചെമ്പൈ പുരസ്‌കാരം സമ്മാനിച്ചു. 50,000 രൂപയും ശ്രീഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വര്‍ണ്ണ ലോക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങിയതാണ് ചെമ്പൈ പുരസ്‌കാരം. ഭരണസമിതിയംഗം പി.ഗോപിനാഥന്‍ ചെമ്പൈ പുരസ്‌ക്കാര ജേതാവിനെ  പരിചയപ്പെടുത്തി. 

ദേവസ്വം ഭരണസമിതി അംഗം എം.വിജയന്‍, ദേവസ്വം അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്.വി.ശിശിര്‍, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലക്കല്‍ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പാലാ സി.കെ. രാമചന്ദ്രന്റെ സംഗീതക്കച്ചേരിയും ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാരുടെ പദക്കച്ചേരിയും ദേവസ്വം വാദ്യവിദ്യാലയം കലാകാരന്മാരുടെ സംഗീത സമന്വയവും അരങ്ങേറി.

നേരത്തെ നടന്ന ചടങ്ങില്‍ ചെമ്പൈ ഗ്രാമത്തില്‍ നിന്നു കൊണ്ടു വന്ന ചെമ്പൈ ഭാഗവതരുടെ തംബുരു, മഞ്ജുളാല്‍ പരിസരത്ത് നിന്നു ഘോഷയാത്രയോടെ സ്വീകരിച്ച് ചെമ്പൈ സംഗീത മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു. ഇന്ന് രാവിലെ ആറു മുതല്‍ 15 ദിനരാത്രങ്ങള്‍ മൂവായിരത്തോളം സംഗീത പ്രതിഭകള്‍ കണ്ണന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തും. 

ഏകാദശി ദിവസമായ 19ന് രാത്രിയോടെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ 'കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനത്തോടെ സംഗീതോത്സവത്തിന് തിരശീല താഴും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.