പിള്ളയും തില്ലങ്കേരിയും പിന്നെ തന്ത്രിയും

Wednesday 7 November 2018 4:09 am IST

കേരളത്തിന്റെ അഭിമാനസ്ഥാപനവും ആത്മീയ കേന്ദ്രവുമാണ് ശബരിമല. അതൊരു ഭൗതിക കേന്ദ്രമല്ല. അതിനെ സംഘര്‍ഷസ്ഥാനമാക്കി മാറ്റാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. അതിന്റെ ഒന്നാന്തരം തെളിവായിരുന്നു ഇന്നലെ കണ്ടത്. 29 മണിക്കൂറിന് മാത്രം നടതുറന്ന ശബരിമലയില്‍ 2500 ഓളം പോലീസുകരാണ് നിയോഗിക്കപ്പെട്ടത്. എന്നിട്ടും ശബരിമലയെ സംഘര്‍ഷരഹിതമാക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു. 

ആരാ ശ്രീധരന്‍ പിള്ള എന്ന് തലേദിവസം ചോദിച്ച സര്‍ക്കാര്‍ വക്താക്കള്‍ക്ക് ശ്രീധരന്‍ പിള്ളയാണ് ശരണം എന്ന് പറയേണ്ടിവന്നു. ഭക്തര്‍ക്കൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് വ്യക്തമാക്കിയതിനാണ് ശ്രീധരന്‍ പിള്ളയെ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും പിള്ളയ്‌ക്കെതിരെ വാചാലരായി. മുല്ലപ്പള്ളിയും കടകംപള്ളിയും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രംഗത്തിറങ്ങി. ശബരിമല സുപ്രീംകോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരുടെയും ആരാധനാകേന്ദ്രമാണ്. എന്നാല്‍ എല്ലാവരുടെയും ആരാധനാകേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് സൗകര്യങ്ങളില്ല. ശുചിമുറികളില്ല. താമസസൗകര്യങ്ങളില്ല. പോലീസ് കയ്യടക്കിവച്ച മുറികള്‍ തുറന്നതേയില്ല. ജില്ലാ കളക്ടര്‍ ഇടപെട്ട് ശുചിമുറികള്‍ തുറന്നെങ്കിലും വേണ്ടത്ര സൗകര്യമൊരുക്കിയതുമില്ല.

ശ്രീധരന്‍പിള്ള കലാപത്തിന് ആഹ്വാനം നല്‍കിയെന്നും തന്ത്രിയുമായി ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി തന്നെ ആരോപിച്ചിരിക്കുന്നു. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു ഗൂഢാലോചനയും നടത്തിയില്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടും ചിലര്‍ക്കത് ബോധ്യമായിട്ടില്ല. തന്ത്രിക്കു നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. തന്ത്രി മറുപടി നല്‍കിയാലും ബോധ്യപ്പെടണമെന്നില്ല. ഏത് കേസും വന്നോട്ടെ എന്ന നിലപാടിലാണ് ശ്രീധരന്‍പിള്ള. ഭക്തര്‍ക്കൊപ്പമാണ് ബിജെപി എന്ന നിലപാട് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചതാണ് അദ്ദേഹത്തിന്റെ കുറ്റം. അങ്ങനെ ഒരു നിലപാട് സ്വീകരിക്കാനും അതിനായി ഏതറ്റംവരെ പോകാനും തയ്യാറായ ഒരേയൊരു പാര്‍ട്ടിയാണു ബിജെപി.

ശബരിമലയില്‍ പ്രകോപിതമായേക്കാവുന്ന സാഹചര്യം തണുപ്പിക്കാന്‍ തയ്യാറായ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെയും ചില മാധ്യമങ്ങള്‍ തിരിഞ്ഞിരിക്കുന്നു. വത്സന്‍ തില്ലങ്കേരി ആചാരം ലംഘിച്ചു എന്നുവരെ വിമര്‍ശനം. സംയമനം പാലിക്കാന്‍, പോലീസിന്റെ മൈക്ക് ഉപയോഗിച്ച്  വത്സന്‍ തില്ലങ്കേരി അഭ്യര്‍ത്ഥിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സിപിഎം നേതാവ് ഷംസീര്‍ എംഎല്‍എ പ്രസ്താവിച്ചത് അവസരോചിതം. 

ജനനേതാക്കള്‍ ചെയ്യേണ്ടത് അതാണ്. ആ കൃത്യം വത്സന്‍ ഭംഗിയായി നിര്‍വഹിച്ചതിനെ അഭിനന്ദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തതാണ് ആക്ഷേപിക്കപ്പെടേണ്ടത്. ശബരിമലയില്‍ എല്ലാം ഭദ്രമെന്നും കാര്യങ്ങളെല്ലാം പോലീസിന്റെ നിയന്ത്രണത്തിലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമാനിക്കുന്നത്. തീര്‍ത്ഥാടകരുടെ ഭക്തിയും ശക്തിയുമാണ് ശബരിമലയില്‍ ദൃശ്യമായത്. ആചാരലംഘനത്തിന് സകല പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ ചെയ്തത്. 

'ആചാരങ്ങള്‍ ലംഘിക്കാനുള്ളതെന്നായിരുന്ന'ല്ലൊ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഏതായാലും ഒരു ആചാരലംഘനവും ശബരിമലയില്‍ നടന്നില്ലെന്ന് ആശ്വസിക്കാം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പാര്‍ട്ടി മുന്നിട്ടിറങ്ങുന്നതെന്ന ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനത്തിന്റെ വിജയമാണ് ശബരിമലയില്‍ കണ്ടത്. അത് രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണം ഭക്തജനലക്ഷം തള്ളുന്ന പ്രഖ്യാപനമാണ് ഏറ്റവും  ഒടുവിലുണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.