വിധേയര്‍ ഹാജരുണ്ട്

Wednesday 7 November 2018 4:25 am IST
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് നവോത്ഥാനനായകനാകാന്‍ മുട്ടിനില്‍ക്കുന്ന പിണറായി വിജയനു വിടുപണി ചെയ്യുകയാണ് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍. മല ചവിട്ടാന്‍ യുവതികള്‍ സന്നദ്ധരല്ലെങ്കില്‍ തങ്ങള്‍ കൊണ്ടുവന്ന് ചവിട്ടിച്ചുകൊള്ളാമെന്ന് അച്ചാരം പറ്റിയ ചിലരുണ്ട്. തുലാമാസ പൂജയുടെ വേളയില്‍ മല ചവിട്ടാന്‍ ഒരുമ്പെട്ടിറങ്ങിയവരില്‍ മൂന്ന് പേരും മാധ്യമപ്രവര്‍ത്തകരായിരുന്നു.

അശ്ലീലം, അസംബന്ധം, അനാവശ്യം എന്നിവയാണ് മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര എന്ന നിരീക്ഷണം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ പ്രസക്തമാണ്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി കള്ളം പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതാണ് ഇപ്പോഴത്തെ മാധ്യമധര്‍മ്മം. അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് സാമൂഹ്യപ്രതിബദ്ധതയ്ക്കുവേണ്ടി വലിയവായില്‍ സംസാരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകരുടെ സംഘടനയെയും ഇതേ നുകത്തില്‍ത്തന്നെ കെട്ടേണ്ടിവരും.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് നവോത്ഥാന നായകനാകാന്‍ വല്ലാതെ മുട്ടിനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി വിടുപണി ചെയ്യുകയാണ് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍. മല ചവിട്ടാന്‍ യുവതികള്‍ സന്നദ്ധരല്ലെങ്കില്‍ തങ്ങള്‍ കൊണ്ടുവന്ന് ചവിട്ടിച്ചുകൊള്ളാമെന്ന് അച്ചാരം പറ്റിയ ചിലരുണ്ട്. തുലാമാസ പൂജയുടെ വേളയില്‍ മല ചവിട്ടാന്‍ ഒരുമ്പെട്ടിറങ്ങിയവരില്‍ മൂന്നുപേരും മാധ്യമപ്രവര്‍ത്തകരായിരുന്നു. മറ്റുള്ളവരെ മലയിലെത്തിക്കാനും വേണ്ടിവന്നാല്‍ സന്നിധാനം വരെ അകമ്പടി സേവിക്കാനും സജ്ജരായി നിന്നതും മാധ്യമപ്രവര്‍ത്തകരായിരുന്നു. പിണറായിയുടെ അടുക്കളക്കാരായ അത്തരക്കാര്‍ പോലീസിനുനേരെയും തങ്ങളുടെ മുഖപുസ്തകത്തിലൂടെ കുരച്ചുചാടുന്നുണ്ട്. അയ്യപ്പന്മാരെ മറികടന്ന് പോലീസ് എന്തുകൊണ്ട് ആചാരലംഘനം നടത്തുന്നില്ല എന്നാണ് അവരുടെ ചോദ്യം.

കേരളത്തിലുടനീളം ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നം ചെറുതല്ല. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് കലാപം ഉണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാനുള്ള നെറികെട്ട ബുദ്ധിയാണ് ഇത്തരക്കാരുടേത്. നിഷ്പക്ഷമെന്ന് മേനി പറയുകയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ പച്ചയായി പക്ഷം പിടിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ശബരിമലയിലേക്ക് യുവതികളെ ആട്ടിത്തെളിക്കുന്ന ജോലി ഇവരെ ഏല്‍പിച്ചത് അവര്‍ക്ക് ശമ്പളം നല്‍കുന്ന മാധ്യമസ്ഥാപനങ്ങളാണോ എന്ന് ഉടമകള്‍ വ്യക്തമാക്കേണ്ടതാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് രണ്ട് ചെറുപ്പക്കാര്‍ മുദ്രാവാക്യം വിളിച്ച സംഭവം കേരളത്തില്‍ ഇവര്‍ അവതരിപ്പിച്ച രീതി നമുക്കറിയാം. യെച്ചൂരിയെ കയ്യേറ്റം ചെയ്തുവെന്നും അത് ചെയ്തവര്‍ ആര്‍എസ്എസ്സുകാരാണെന്നും എഴുതുകയും പറയുകയും ചര്‍ച്ചിക്കുകയും ചെയ്ത് സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ പണി. ആര്‍എസ്എസ്സിന് സംഭവത്തില്‍ ഒരുത്തരവാദിത്തവുമില്ലെന്ന വാര്‍ത്ത എത്തും മുമ്പ് തന്നെ കേരളത്തില്‍ പലയിടത്തും ആ വാര്‍ത്തയുടെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. കല്ലുവെച്ച കള്ളം എന്നിട്ടും അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സിപിഎമ്മിന്റെ വിനീത വിധേയരായ അത്തരക്കാര്‍ പ്രതികള്‍ ആര്‍എസ്എസ്സുകാരാണെന്ന് തന്നെ വാര്‍ത്ത നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ശബ്ദരേഖകള്‍ പുറത്തുവന്നു.

സമാനമായിരുന്നു കേരളഹൗസിലെ കാന്റീനില്‍ ബീഫ് വിളമ്പുന്നു എന്ന് ആരോപിച്ച് നടന്ന സംഘട്ടനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആദ്യദിനം തമസ്‌കരിച്ച ആ സംഭവം വാര്‍ത്തയാക്കി, വിവാദമാക്കി വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചത് വിധേയന്മാരുടെ അടുക്കളയിലെ എരിവും പുളിയും കലര്‍ന്ന കൂടിയാലോചനകളാണ്. കത്വയിലെ പെണ്‍കുട്ടിയും ദാദ്രിയിലെ കൊലപാതകവും ഫരീദാബാദിലെ സംഭവവും തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ട ജുനൈദുമൊക്കെ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടത് എങ്ങനെയാണെന്ന് തിരിഞ്ഞുനോക്കുന്ന ആര്‍ക്കും പകല്‍പോലെ മനസ്സിലാകും. എന്തിനായിരുന്നു, ആര്‍ക്കുവേണ്ടിയായിരുന്നു ഇത്രയും നുണകള്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ പടച്ചതെന്ന് അവരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ആലോചിച്ചിട്ടുണ്ടോ? സമൂഹത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ആദ്യപങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍ വിശ്വാസ്യത പോലും നഷ്ടപ്പെട്ട് ക്ഷുദ്രരാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായി അധഃപതിച്ചതിന്റെ കാരണം ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതാണ്. 

നരേന്ദ്രമോദിക്കെതിരെ ഗുജറാത്തില്‍ തുടങ്ങിയതാണ് നുണപ്രചാരണം. ഗര്‍ഭിണിയുടെ വയറു കുത്തിപ്പിളര്‍ന്ന ഭ്രൂണത്തിന്റെ വിലാപകാവ്യമൊക്കെ ഇപ്പോഴും പാടി നടക്കുന്ന വങ്കന്മാരുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായപ്പോഴും ഈ നുണപ്രചാരണത്തിന് മാറ്റമൊന്നുമില്ല. എവിടെ, ആര് എന്ത് ചെയ്താലും അത് മോദിയെ ചേര്‍ത്ത് പറഞ്ഞാലേ അവതാരകവൃന്ദങ്ങള്‍ക്ക് സമാധാനമാകൂ. കേരളത്തിലെ സ്റ്റുഡിയോയിലിരുന്ന് ചൊറിയാതെ വയ്യാതാകുമ്പോള്‍ നാട്ടുകാര്‍ മോദിയെ വലിച്ചുതാഴെയിടുമെന്നൊക്കെയാണ് മോഹം. അതുകൊണ്ടാണല്ലോ യുപിയില്‍ യോഗി ആദിത്യനാഥ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ ഒരു നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകയ്ക്ക് ജനാധിപത്യത്തില്‍ പൊടുന്നനെ വിശ്വാസമില്ലാതായത്. 

മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാകട്ടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ മോദി വിരുദ്ധ തൊഴിലാളിസംഘടനകള്‍ രാജ്യത്ത് നടത്തിയ എല്ലാ സമരങ്ങളുടെയും വാലായി മാറി. ഗൗരി ലങ്കേഷിനെക്കുറിച്ച് കണ്ണീര്‍ വാര്‍ത്ത് കരളുകലങ്ങി നിരത്തിലിറങ്ങിയ മാധ്യമപ്പടയെ ഇക്കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അച്യുതാനന്ദ സാഹു എന്ന ദൂരദര്‍ശന്‍ ക്യാമറാമാന് വേണ്ടി കണ്ടതേയില്ല. ഒറ്റപ്പാലത്തെ കോടതിവളപ്പില്‍ കള്ളിക്കൈലിയുമുടുത്ത് മാധ്യമപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു സഖാവിനുവേണ്ടി തെരുവില്‍ ആര്‍എസ്എസ്സിനെതിരെ പ്ലക്കാര്‍ഡുമായി പ്രകടനം നടത്തിയിരുന്നു ഒരു സംഘടന. പക്ഷേ, സിപിഎം നേതാവ് പി. ജയരാജന്‍ സിബിഐയെ പേടിച്ച് ആംബുലന്‍സില്‍ നടത്തിയ കേരളയാത്രയുടെ പടമെടുക്കാന്‍ എത്തിയ ജനയുഗം പ്രാദേശിക ഫോട്ടോഗ്രാഫറെ എറണാകുളത്തിട്ട് തല്ലിച്ചതച്ചത് ആ സംഘടന കണ്ടതേയില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി അസഹിഷ്ണുതയ്‌ക്കെതിരെ ഊരിപ്പിടിച്ച പടവാളായിരുന്നല്ലോ ഇത്രകാലം മാധ്യമപ്രവര്‍ത്തകരുടെ തൂലികയും ക്യാമറയും. ശബരിമലയില്‍ മാത്രമെന്താ അത് ഉറയില്‍ നിന്ന് പുറത്തേക്ക് വരാത്തത്? കോടതിയില്‍ മാധ്യമങ്ങളെ വിലക്കിയപ്പോള്‍ സമരവുംകൊണ്ട് നിരത്തിലിറങ്ങിയവര്‍ ശബരിമലയില്‍ പോലീസുദ്യോഗസ്ഥരുടെ മുന്നില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വന്നതെന്തുകൊണ്ടാണ്? 

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും അവര്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകളുടെയും ധാര്‍മ്മികബോധത്തിന്റെയും പിന്‍ബലമായിരുന്നു ഇത്രകാലവും കരുത്ത്. ഒരു നേതാവിന്റെയും അടുക്കളയില്‍ അട്ടിപ്പേറ് കിടന്നല്ല സംഘടനയും സംഘാടകരും വളര്‍ന്നത്. പത്രധര്‍മ്മത്തെ അഴിമതി രാഷ്ട്രീയക്കാരും അക്രമികളും ഭയന്നതും ബഹുമാനിച്ചതും ആ കരുത്ത് കൊണ്ടാണ്. എന്നാല്‍ സിപിഎം എന്ന പാര്‍ട്ടി പക്ഷരഹിത കാഴ്ചകളിലൊക്കെയും വിഷം കലര്‍ത്തി. പോലീസില്‍ സംഘടനയുണ്ടാക്കി സഖാക്കളെ കാക്കിയണിയിച്ച് രക്തസാക്ഷിദിനങ്ങള്‍ കൊണ്ടാടുന്ന അതേ രാഷ്ട്രീയ നികൃഷ്ടബുദ്ധിയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അവര്‍ വ്യാപിപ്പിച്ചത്. കള്ളം പറയുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു പാര്‍ട്ടിഫ്രാക്ഷന്‍ പിണറായി വിജയന് ആവശ്യമാണ്. അത്തരക്കാരെ എല്ലാ മാധ്യമസ്ഥാപനങ്ങളിലും തിരുകിക്കയറ്റാനും അവരിലൂടെ സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുമാണ് നീക്കം. അതിന് നിന്നുകൊടുക്കേണ്ട ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടോ?

കരുതിയിരിക്കേണ്ടതും പ്രതികരിക്കണ്ടതും സമൂഹം മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തമായുണ്ട് എന്ന് എല്ലാവരും ഇന്നും കരുതിപ്പോരുന്ന അവരുടെ ഏക സംഘടന കൂടിയാണ്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ രാഷ്ട്രീയ യജമാനന് വേണ്ടി പിന്നെയും ഒരുപാട് നുണകള്‍ പടയ്ക്കുന്ന തിരക്കിലാണ്. സന്നിദാനത്തും കാനനപാതയിലും അയ്യപ്പന്‍മാര്‍ മുഴക്കുന്ന ശരണം വിളി കേട്ടാലറയ്ക്കുന്ന തെറിവിളിയായി അവര്‍ക്ക് മാത്രം തോന്നുന്നതിന്റെ രഹസ്യമെന്താവാം. അത്തരം തോന്നലുകള്‍ക്ക് അതിരുനിര്‍ണയിക്കേണ്ട ബാധ്യത കൂടി ആ സംഘടന ഏറ്റെടുക്കേണ്ടതാണ്. അല്ലെങ്കില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ധര്‍ണ നടത്തി വശം കെടുക മാത്രമാകും ഫലം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.