ശബരിമല സംരക്ഷണരഥയാത്രക്ക് നാളെ കാസര്‍കോട്ട് തുടക്കമാകും

Wednesday 7 November 2018 6:32 pm IST
എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന രഥയാത്ര ബിജെപി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാറിന്റെ ഗൂഢനീക്കത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണരഥയാത്രക്ക് നാളെ കാസര്‍കോട്ട് തുടക്കമാകും. എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന രഥയാത്ര ബിജെപി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മധൂര്‍ ശ്രീ ഗണപതി ക്ഷേത്രമുറ്റത്ത് നിന്നാണ് യാത്ര ആരംഭിക്കുകയെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകിട്ട് നാലിന്പ ത്തനംതിട്ടയില്‍ നടക്കുന്ന മഹാസമ്മേളനത്തോടെ യാത്ര സമാപിക്കും.

ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. എട്ടിന് വൈകിട്ട് മൂന്നിന് നിലേശ്വരത്തും അഞ്ചിന് പയ്യന്നൂരിലും യാത്രക്ക് സ്വീകരണം നല്‍കും. ഒന്‍പതിന് രാവിലെ 10ന് തലശ്ശേരി, ഉച്ചയ്ക്ക് 12ന് മട്ടന്നൂര്‍, വൈകിട്ട് അഞ്ചിന് മാനന്തവാടി എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. പത്തിന് രാവിലെ 10ന് വടകര, 12ന് കൊയിലാണ്ടി, വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറം, ആറിന് ചേളാരി, 11ന് രാവിലെ 10ന് എടപ്പാള്‍, ഉച്ചയ്ക്ക് 12ന് ഷൊര്‍ണൂര്‍, വൈകിട്ട് മൂന്നിന് ഗുരുവായൂര്‍, അഞ്ചിന് കൊടുങ്ങല്ലൂര്‍, 12ന് രാവിലെ 10ന് പറവൂര്‍, ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ, വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ, അഞ്ചിന് തൊടുപുഴ, 13ന് രാവിലെ 10ന് ഏറ്റുമാനൂര്‍, ഉച്ചയ്ക്ക് 12ന് എരുമേലി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി നാലിന് പത്തനംതിട്ടയില്‍ നടക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.

ശബരിമലയില്‍ ഭക്തര്‍ക്കുനേരെ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ഇടതുസര്‍ക്കാര്‍ നടത്തിയതെന്ന് എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുടിവെള്ളവും ഭക്ഷണ വും ലഭിക്കാതെ ഭക്തര്‍ ദുരിതത്തിലായി. ടോയ്ലെറ്റുകള്‍ പൂട്ടിയിട്ട തോടെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനും ബുദ്ധിമുട്ടി. സമാനതകളില്ലാത്ത, കേട്ടുകള്‍വിപോലും ഇല്ലാത്ത ഹിറ്റ്ലറുടെ ഫാസിസ്റ്റ് നടപടികളുടെ രീതിയിലായിരുന്നു സര്‍ക്കാരിന്റെ പെരുമാറ്റം.

കോടിക്കണക്കിന് രൂപയാണ് സ്വദേശ്ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ശബരിമലയ്ക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികള്‍ പോലും സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. 14 ജില്ലകളിലും പാര്‍ട്ടി പൊതുസമ്മേളനങ്ങളില്‍ വായ്ത്താരി നടത്തുകയാണ് മുഖ്യമന്ത്രി. ഭരണകൂടം നിശ്ചലമായ അവസ്ഥയിലാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസന്‍ പൊക്കിണാരി,  ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.