ചെങ്ങന്നൂര്‍: എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിനുനേരെ ഡിവൈഎഫ്ഐ ആക്രമണം. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭക്തജനങ്ങള്‍ പരിക്കേറ്റു. വെണ്മണി വേലന്തറയില് രാജേഷ് (36), പുല്ലേലില്‍ അനൂപ് (31) സുരേഷ് ഭവനത്തില്‍ സുരേഷ് (33) എന്നിവര്‍ക്കാണ് പരിക്ക്.
വെണ്മണി പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി 85, 89 നമ്പര്‍ കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭുവനേശ്വരി ക്ഷേത്രത്തിനു നേരെ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ആക്രമണം. ജില്ലാ പഞ്ചായത്ത് അംഗം ജെബിന്.പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയവര്‍ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തല്ലിത്തകര്‍ത്തു, കൊടിമരം നശിപ്പിച്ചു.
തുടര്‍ന്ന് ക്ഷേത്രത്തിനു നേരെയും എന്‍എസ്എസ് കരയോഗമന്ദിരത്തിനു നേരെയും കല്ലേറ് നടത്തി. സമീപത്തെ കടയില്‍നിന്ന് സോഡാക്കുപ്പിയും തൂക്ക്കട്ടിയും, ഇഷ്ടികയും വലിച്ചെറിഞ്ഞായിരുന്നു ആക്രമണം. സോഡാക്കുപ്പിയും കല്ലും ക്ഷേത്രത്തിനുള്ളില്‍ വരെ വീണു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നില്‍ നിന്നവര്‍ക്കും പരിക്കേറ്റു. വെണ്മണി പഞ്ചായത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഇരുകരയോഗങ്ങളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: