നോട്ടു നിരോധനം: സ്വര്‍ണം വിറ്റത് ഡിജിറ്റലില്‍; ഇക്കുറി കേരളത്തിലും വില്‍പ്പന

Friday 9 November 2018 1:21 am IST

കൊച്ചി: ദീപാവലിയും ഹിന്ദുവര്‍ഷ പ്രാരംഭവും പ്രമാണിച്ചുനടന്ന സ്വര്‍ണക്കച്ചവടം കൂടുതലും ഡിജിറ്റലായിരുന്നു. ഇത് നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷം വ്യാപാരമേഖലയിലെ പണമിടപാടു മാറ്റം വ്യക്തമാക്കുന്നതായി. പ്രളയംമൂലം കേരളത്തില്‍ ഓണക്കാലത്തുണ്ടായ സ്വര്‍ണ വില്‍പ്പനയിലെ ഇടിവ് ദീപാവലി ഏറെക്കുറേ തീര്‍ത്തു. ഇവിടെയും ഡിജിറ്റല്‍ ഇപാടുകള്‍ ഏറെയുണ്ടായി.

നവരാത്രിവാരത്തിന്റെ ഒടുവിലും ദീപാവലി ആഴ്ചത്തുടക്കത്തിലും ഇന്ത്യയിലൊട്ടാകെ വന്‍തോതില്‍ സ്വര്‍ണം വിറ്റു. 'പേ ടിഎം' കമ്പനി സ്വര്‍ണം വാങ്ങാന്‍ അവരുടെ സംവിധാനം വിനിയോഗിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഹരിയാന, ദല്‍ഹി, യുപി, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വര്‍ണം വാങ്ങല്‍ മുക്കല്‍ പങ്കും ഡിജിറ്റല്‍ സംവിധാനത്തിലായിരുന്നു. പേ ടിഎം ന്റെ രണ്ടുവര്‍ഷത്തെ കണക്കു പ്രകാരം, ഒരു കോടി പേര്‍, രണ്ട് ടണ്‍ സ്വര്‍ണമാണ് അവരുടെ വിനിമയ സംവിധാനം വഴി വാങ്ങിയത്. 

'ഫോണ്‍പേ' എന്ന പണമിടപാട് സംവിധാനം വഴിയും ആളുകള്‍ സ്വര്‍ണം വാങ്ങി.  200 ശതമാനമാണ് ദീപാവലിക്കാലത്തെ ആ സംവിധാനത്തിന്റെ ഉപയോഗ വര്‍ധന.

ദീപാവലിക്കാലത്ത് പതിവില്ലാത്തതാണെങ്കിലും സ്വര്‍ണ വില്‍പ്പനയില്‍ കാര്യമായ വര്‍ധന ഇത്തവണ കേരളത്തിലും ഉണ്ടായതായി കല്യാണ്‍ ജ്വല്ലറി സിഎംഡി: ടി.എസ്. കല്യാണരാമന്‍ 'ജന്മഭൂമി'യോട് പറഞ്ഞു. ''കാര്യമായ വില്‍പ്പന വര്‍ധന ഉണ്ടായി. ഇത് ഈ വര്‍ഷത്തെ ശേഷിക്കുന്ന സീസണിലും തുടരും. ഈ വര്‍ഷം എട്ടുമുതല്‍ ഒമ്പതു ശതമാനംവരെ വില്‍പ്പന കൂടുമെന്നാണ് സൂചന,'' കല്യാണ രാമന്‍ പറഞ്ഞു.

കേരളത്തില്‍ പ്രളയത്തെത്തുടര്‍ന്ന് സ്വര്‍ണത്തിന്റെ ഓണക്കച്ചവടം പൊളിഞ്ഞു. എന്നാല്‍, ദീപാവലിക്ക് സ്വര്‍ണ വില്‍പ്പന കൂടിയെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.

'വിഷുവും ഓണവുമാണ് ഇവിടെ സ്വര്‍ണ വില്‍പ്പന. ദീപാവലിക്ക് പതിവില്ല. എന്നാല്‍, ഇത്തവണ വില്‍പ്പനയില്‍ വര്‍ധന ഉണ്ടായി. അതിര്‍ത്തി ജില്ലകളില്‍ കാര്യമായ വര്‍ധന ഉണ്ട്. ഇവിടെയും ഡിജിറ്റല്‍ സംവിധാനം ഉപയോഗമുണ്ടായി. പക്ഷേ, മറ്റു സംസ്ഥാനങ്ങളിലെ പോലെ ഒരു പ്രത്യേക വിഭാഗം നിക്ഷേപമെന്ന നിലയിലല്ല ഇവിടെ സ്വര്‍ണം വാങ്ങുന്നത്. കൈയിലുള്ളത് കൊടുത്ത് ആവുന്നത് വാങ്ങുന്ന സാധാരണക്കാരാണധികം. അവര്‍ പണമിടപാടായിരിക്കും അധികം നടത്താറ്,' നാസര്‍ 'ജന്മഭൂമി'യോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.