ലുലു സൈബര്‍ ടവര്‍ 2 നവംബര്‍ 10ന് തുറക്കും

Friday 9 November 2018 1:31 am IST

കൊച്ചി:  തൊഴില്‍ തേടി  അന്യദേശങ്ങളില്‍ എത്തുന്ന  മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ നല്‍കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍.  ഇതിന്റെ ഭാഗമായി  11,000 ലധികം ഐ ടി പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന  ലുലു സൈബര്‍ ടവര്‍ 2 ഈ മാസം  10ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ,്് ഐടി  മന്ത്രി എസ്. എസ് അലുവാലിയ  അധ്യക്ഷത വഹിക്കും.

കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍  ലുലു സൈബര്‍ ടവര്‍ 1 ന് തൊട്ടടുത്താണ് ടവര്‍ രണ്ടും.   20 നിലകളുള്ള സൈബര്‍ ടവര്‍ 2ല്‍ എട്ട്  ഫ്‌ളോറുകളില്‍   വാഹന പാര്‍ക്കിംഗ്. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.   1200ലധികം പേര്‍ക്ക് ജോലി ചെയ്യാവുന്നതാണ്  ഓരോ ഫ്‌ളോറും.   400 കോടി രൂപയാണ് നിര്‍മാണ ചെലവ്.  രണ്ട് അമേരിക്കന്‍ ഐ ടി കമ്പനികള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 

അത്യാധുനിക സൗകര്യങ്ങളുള്ള   ഓഡിറ്റോറിയവും ട്രെയിനിംഗ് സെന്ററും 900 സീറ്റുള്ള  ഫുഡ് കോര്‍ട്ടും രണ്ട് ഡൈനിംഗ് റസ്‌റ്റോറന്റുകളും കോഫിഷോപ്പുകളും ബിസിനസ് സെന്ററും ഇലോബികളും പ്രമുഖ ബാങ്കുകളുടെ ശാഖകളും എ ടി എമ്മുകളും മള്‍ടി സ്‌പെഷ്യാലിറ്റി ജിംനേഷ്യവും യോഗമെഡിറ്റേഷന്‍ സെന്ററും ഇവിടുണ്ട്.  16 ഹൈസ്പീഡ് പാസഞ്ചര്‍ എലിവേറ്ററുകളും രണ്ട് സര്‍വീസ് എലിവേറ്ററുകളുമുണ്ട്.

നാല് വീതം ഫയര്‍ എക്‌സിറ്റുകളും ഓരോ നിലയിലുമുണ്ട്.  ഡീസല്‍ ജനറേറ്റര്‍ നിലയവും സ്ഥാപിച്ചിട്ടുണ്ട്. അകത്തേക്ക് ചൂട് കടത്തിവിടാത്ത ഡബിള്‍ ഗ്ലേസ്ഡ് ഇന്‍സുലേറ്റിംഗ് ഗ്ലാസാണ്  ടവറില്‍ ഉപയോഗിച്ചിരിക്കുന്നത്.  അകത്തും പുറത്തുമായി 400 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.1400 കാറുകള്‍ പാര്‍ക്ക് ചെയ്യാം. 

സ്മാര്‍ട്‌സിറ്റിയിലെ ലുലു ഐടി ടവര്‍ രണ്ടു വര്‍ഷത്തിനകം: യൂസഫലി

കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ ഇരട്ട ഐ ടി മന്ദിരങ്ങളുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഇതോടെ 50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലേക്ക് ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ഐ ടി സമുച്ചയങ്ങള്‍ വ്യാപിക്കും. ഈ പദ്ധതികള്‍ക്കായി  2400 കോടി രൂപയാണ്  ചെലവിടുന്നത്. ഐ ടി മന്ദിരത്തോടനുബന്ധിച്ച് കുട്ടികളെ പരിചരിക്കാന്‍ ചില്‍ഡ്രന്‍സ് പ്ലേസ്‌കൂള്‍ ഉണ്ടാകും. പീഡിയാട്രീഷ്യന്റെയും ആയമാരുടെയും സേവനം  ഇവിടെ ലഭ്യമാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.