അങ്കണവാടി പെന്‍ഷന്‍ വര്‍ധനവിന് എതിര്‍പ്പുമായി ധനവകുപ്പ്

Friday 9 November 2018 1:32 am IST

കോട്ടയം: സംസ്ഥാനത്തെ അങ്കണവാടി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കാലാനുസൃതമായി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ്. അങ്കണവാടി വര്‍ക്കര്‍ ആന്‍ഡ് ഹെല്‍പ്പര്‍ ക്ഷേമ കോര്‍പ്പറേഷനാണ് പെന്‍ഷന്‍ വര്‍ധനവിന് ശുപാര്‍ശ ചെയ്തത്. ഏതാണ്ട് അയ്യായിരത്തോളം വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍ക്കാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ ചെറിയ തുക ഇന്നും നല്‍കുന്നത്. 

1975ല്‍ ആരംഭിച്ച ബാലവാടിയില്‍ ദീര്‍ഘകാലം തുച്ഛമായ വേതനത്തില്‍ സേവനം അനുഷ്ടിച്ചവര്‍ക്കാണ് സര്‍ക്കാരിന്റെ നീതി നിഷേധം. 2010 ഏപ്രില്‍ 30ന് 60 വയസ്സ് പിന്നിട്ട അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരെ പിരിച്ചുവിട്ടു. ഇവര്‍ക്ക് ക്ഷേമനിധി ഫണ്ടില്‍ നിന്ന് വര്‍ക്കര്‍ക്ക് 500 രൂപയും, ഹെല്‍പ്പര്‍ക്ക് 300 രൂപയുമായിരുന്നു പെന്‍ഷന്‍. 2016ല്‍ അത് വര്‍ക്കര്‍ക്ക് 1000 രൂപയായും, ഹെല്‍പ്പര്‍ക്ക് 600 രൂപയായും ഉയര്‍ത്തി. സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ കാലാനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ അങ്കണവാടി വര്‍ക്കര്‍ക്കും, ഹെല്‍പ്പര്‍ക്കും വര്‍ധനവ് ഉണ്ടാകുന്നില്ല. 

അങ്കണവാടി ക്ഷേമനിധിയിലേക്ക് വര്‍ക്കര്‍ 200 രൂപയും ഹെല്‍പ്പര്‍ 100 രൂപയും അടയ്ക്കണം. ഈ ബോര്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് പൊന്‍ഷന്‍ നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതി മാറ്റി സംസ്ഥാന ബജറ്റില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കണമെന്ന പെന്‍ഷന്‍കാരുടെ ആവശ്യത്തിനും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. രോഗികളായ പെന്‍ഷന്‍കാര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി പരാതിയുണ്ട്. 

സര്‍ക്കാര്‍ ഉപദേശകര്‍ക്കും, വിവിധ ബോര്‍ഡ് ചെയര്‍മാന്മാര്‍ക്കും, അംഗങ്ങള്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ അലവന്‍സ് വര്‍ദ്ധിപ്പിച്ച സര്‍ക്കാരാണ് അങ്കണവാടി പെന്‍ഷന്‍കാരുടെ അര്‍ഹമായ ആനുകൂല്യം തടയുന്നത്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് കേരള അങ്കണവാടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.