ബെന്‍സേമ '201' നോട്ടൗട്ട്

Friday 9 November 2018 1:39 am IST

മാഡ്രിഡ്: റയല്‍ മാഡ്രിഡിനായി തന്റെ ഇരുനൂറാം ഗോള്‍ നേടി കരീം ബെന്‍സേമ ചരിത്രം കുറിച്ച മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഉശിരന്‍ വിജയം. ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് ബി യില്‍ അവര്‍ വിക്‌ടോറിയയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. ഈ വിജയത്തോടെ റയല്‍ മാഡ്രിഡ്  നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

കളം നിറഞ്ഞുകളിച്ച ബെന്‍സേമ രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന്  അവസരം ഒരുക്കുകയും ചെയ്തു.

താല്‍ക്കാലിക കോച്ച് സ്‌കോളാരിയുടെ ശിക്ഷണത്തില്‍ ആദ്യ ചാമ്പ്യന്‍ ലീഗ് മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡ് തകര്‍ത്തുകളിച്ചു. കരീം ബെന്‍സേമയാണ് സ്‌കോറിങ് തുടങ്ങിയത്. ഇരുപതാം മിനിറ്റില്‍ രണ്ട് പ്രതിരോധ നിരക്കാരെ കീഴ്‌പ്പെടുത്തി ബെന്‍സേമ അനായാസം പന്ത് വലയിലാക്കി. റയലിനായി ബെന്‍സേമ നേടുന്ന ഇരുനൂറാം ഗോളാണിത്.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കസീമിറോ ലീഡ് 2--0 ആക്കി. ഹെഡ്ഡറിലൂടെയാണ് കസീമിറോ ലക്ഷ്യം കണ്ടത്. മുപ്പത്തിയേഴാം മിനിറ്റില്‍ ബെന്‍സേമ തന്റെ രണ്ടാം ഗോള്‍ കുറിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെയ്ല്‍ ലീഡ് 4-0 ആക്കി.67-ാം മിനിറ്റില്‍ ടോണി ക്രൂസ് റയല്‍ മാഡ്രിഡിന്റെ അഞ്ചാം ഗോളും നേടി വിജയമുറപ്പിച്ചു.

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജിയില്‍  ഒമ്പതു പോയിന്റുമായി എ.എസ് റോമയ്‌ക്കൊപ്പം മുന്നിട്ടുനില്‍ക്കുകയാണ്. അടുത്ത രണ്ട് മത്സരങ്ങളില്‍ മികവ് കാട്ടിയാല്‍ റയലിന് നോക്കൗട്ടില്‍ സ്ഥാനമുറപ്പിക്കാം. എ.എസ് റോമ ഇന്നലെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിഎസ്‌കെഎ മോസ്‌ക്കോയെ തോല്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.