ശബരിമല: യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം

Friday 9 November 2018 1:01 pm IST
കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം സജീവിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സജീവിന്റെ ക്യാന്‍സര്‍ രോഗിയായ അച്ഛന്‍ മോഹനനെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു.
"പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സജീവിന്റെ അമ്മ ഓമനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍"

തിരുവനന്തപുരം: നിലയ്ക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച്  യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. തിരുവനന്തപുരം പാലോട് സ്വദേശി സജീവിനെയും കുടുംബത്തെയുമാണ് പാലോട് സിഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി വീട്ടില്‍ കയറി അക്രമിച്ചത്. 

കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം സജീവിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സജീവിന്റെ ക്യാന്‍സര്‍ രോഗിയായ അച്ഛന്‍ മോഹനനെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. രോഗിയായ തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് സജീവിന്റെ മാതാവ് ഓമന കരഞ്ഞപേക്ഷിച്ചിട്ടും പോലീസുകാര്‍ സജീവിനും അച്ഛന്‍ മോഹനനും നേരെ മര്‍ദ്ദനം തുടര്‍ന്നു. മാത്രമല്ല സജീവിന്റെ ഭാര്യ അനുജയെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

ഓമനയുടെ തലമുടിയില്‍ പിടിച്ച് ഭിത്തിയില്‍ പല വട്ടം ഇടിച്ചു. താഴെ വീണ ഓമനയുടെ അടിവയറില്‍ പാലോട് സിഐ മനോജ് കുമാര്‍ ചവട്ടി പരിക്കേല്‍പിച്ചു. ശേഷം മൂന്ന് കൈ കുഞ്ഞുങ്ങള്‍ അടങ്ങുന്ന സജീവിന്റെ കുടുംബത്തെ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി. ഓമനക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മനസ്സിലായപ്പോള്‍ സജീവിനെ ഒഴിച്ച് മറ്റെല്ലാവരെയും പോലീസ് വിട്ടയച്ചു. 

നാട്ടുകാര്‍ ചേര്‍ന്ന് ഓമനയെ പാലോട് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തലക്കും കൈയ്ക്കും ഗുരുതര പരുക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.