ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസ്: ഹൈക്കോടതി വിശദീകരണം തേടി

Friday 9 November 2018 3:39 pm IST
തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കേസിനാസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുത്തതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കേസിനാസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രസംഗം പ്രകോപനപരമല്ലെന്നും കേസ് ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. 

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കോഴിക്കോട്ട് യുവമോര്‍ച്ചാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പോലീസ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.