വിജയവഴിയില്‍ ഓസീസ്

Saturday 10 November 2018 3:30 am IST

അഡ്‌ലെയ്ഡ്: തുടര്‍ച്ചയായ ഏഴു തോല്‍വികള്‍ക്കുശേഷം ഓസ്‌ട്രേലിയ വിജയവഴിയില്‍ തിരിച്ചെത്തി. ആവേശകരമായ രണ്ടാം ഏകദിന മത്സരത്തില്‍ അവര്‍ ഏഴു റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.  ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനില (1-1) ആയി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയം നേടിയിരുന്നു. അവസാന മത്സരം നാളെ നടക്കും. 

232 റണ്‍സ്് വിജയലക്ഷ്യവും പേറി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഓസീസ് ബൗളര്‍മാര്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 224 റണ്‍സെന്ന സ്‌കോറില്‍  പിടിച്ചുകെട്ടി. ബാറ്റിങ്ങിനയക്കപ്പെട്ട ഓസ്‌ട്രേലിയ 48.3 ഓവറില്‍ 231 റണ്‍സിന് പുറത്തായി.

മുന്‍നിര ബൗളര്‍മാരായ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, സ്‌റ്റോയ്‌നിസ് എന്നിവരാണ് ഓസ്‌ട്രേലിയയയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌റ്റോയ്‌നിസ് പത്ത് ഓവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക്ക് 51 റണ്‍സിന് രണ്ട് വിക്കറ്റും ഹെയ്‌സല്‍വുഡ് 42 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്യാപറ്റ്ന്‍ ഡു പ്ലെസിസ് 47 റണ്‍സും മില്ലര്‍ 51 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (41), ലിന്‍ (44), കാറി (47) എന്നിവരുടെ മികവിലാണ് 231 റണ്‍സ് നേടിയത്. ഓസീസിനെ മുന്നില്‍ നിന്ന് നയിച്ച ആരോണ്‍ ഫിഞ്ചാണ് കളിയിലെ കേമന്‍.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബഡ 9.3 ഓവറില്‍ 54 റണ്‍സിന് നാല് വിക്കറ്റ് കീശയിലാക്കി. പ്രിട്ടോറിയസ് പത്ത്് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ 48.3 ഓവറില്‍ 231, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 224 റണ്‍സ്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.