കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കും കരയോഗമന്ദിരങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. കോടാനുകോടി അയ്യപ്പഭക്തര്‍ക്കും ഹിന്ദുധര്മവിശ്വാസികള്ക്കും അനുകൂലമായി ഉറച്ച നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനുപിന്നില്‍.
ശബരിമലയില്‍ ആചാരസംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദമാക്കുക എന്നതാണ് അക്രമികളുടെ ലക്ഷ്യം. ഇത് ഹൈന്ദവ ഏകീകരണത്തെ ഭയപ്പെടുന്ന ഛിദ്രശക്തികളുടെ ഗൂഢനീക്കമാണ്. എസ്എന്‍ഡിപി സ്ഥാപനങ്ങള്‍ക്കും ഗുരുമന്ദിരങ്ങള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ക്ക് സമാനമാണ് പുതിയ സംഭവവികാസങ്ങള്‍. ഒരു സംഭവത്തിലും പ്രതികള്‍ പിടിയിലായിട്ടില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം.
ശബരിമലയിലെ വിശ്വാസസംരക്ഷണത്തിന് ജാതി മറന്ന് ഭക്തകോടികള്‍ ഒന്നായിത്തീര്‍ന്നതിന്റെ അസഹിഷ്ണുതയാണ് പോലീസിനെയടക്കം ഉപയോഗിച്ചുകൊണ്ട് നാടെങ്ങും നടക്കുന്ന കലാപശ്രമങ്ങള്‍ക്ക് പിന്നില്‍. നാമം ജപിച്ചതിന്റെ പേരില്‍ പോലും ഭക്തരെ വീട്ടില്‍ കടന്നുകയറി അറസ്റ്റുചെയ്യുകയാണ്. അയ്യപ്പഭക്തരുടെ വീടുകളിലെ സ്ത്രീകളെ പോലും പോലീസ് ഭയപ്പെടുത്തുന്നു.
ശബരിമലയില്‍ അക്രമം നടത്താനും ധര്‍മസമരത്തെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനും ശ്രമിച്ച് പരാജയപ്പെട്ടവരുടെ നിയന്ത്രണംവിട്ട നിലപാടാണ് അയ്യപ്പഭക്തര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗവും വര്‍ണവുമില്ലാതെ എല്ലാവരും അയ്യപ്പന്മാരാകുന്ന ശബരീശസന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള കലാപനീക്കത്തിന്റെ തുടക്കമാണ് ഇത്തരം അതിക്രമങ്ങള്‍. ഇതിനെതിരെ എല്ലാ ഹിന്ദുസംഘടനകളും രംഗത്തുവരണം. സമാധാനവും സാമൂഹിക ഐക്യവും ആഗ്രഹിക്കുന്ന പൊതുസമൂഹം ഇത്തരം അക്രമികളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: