ഫയര്‍ഫോഴ്‌സിലെ തസ്തികമാറ്റം; സേനയുടെ കാര്യക്ഷമത കുറയുന്നു

Sunday 11 November 2018 4:23 am IST

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സില്‍ ഡ്രൈവര്‍മാരെ തസ്തികമാറ്റം വഴി ഫയര്‍മാന്‍ ആക്കിയതിനെ തുടര്‍ന്ന്  വകുപ്പിന്റെ കാര്യക്ഷമത കുറയുന്നു

ഡ്രൈവര്‍ കം മെക്കാനിക് തസ്തികയില്‍ ജോലി നോക്കിയിരുന്നവരെ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഫയര്‍മാന്‍ എന്ന സ്ഥാനം കൂടി തസ്തികയുടെ കൂടെ കൂട്ടിച്ചേര്‍ത്ത് ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍മാരാക്കി. ഡ്രൈവര്‍മാര്‍ ഇതോടെ  ഫയര്‍മാന്‍ തസ്തികയ്ക്ക് മുകളിലായി.  ഇത് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍  ഡ്രൈവര്‍ യൂണിയന്‍ പ്രതിനിധി ഒരു പരാതി നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പിനോട് ട്രൈബ്യൂണല്‍ ചോദിച്ച വിശദീകരണത്തോടെയാണ് കാറ്റഗറിയില്‍  മാറ്റം വരുത്തിയുള്ള അട്ടിമറി.തസ്തികയില്‍ ഫയര്‍മാനു മുകളില്‍ ഡ്രൈവര്‍ വരുന്നുണ്ടെങ്കിലും അധികാര ശ്രേണിയില്‍ രണ്ടു തസ്തികയും തുല്യമെന്നും ഉത്തരവില്‍ പറയുന്നു. 

എന്നാല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത് ഫയര്‍മാന്‍ എന്ന സ്ഥാനപേരിലാണ്. ഒരു വര്‍ഷത്തെ കഠിന പരിശീലനമാണ് ഫയര്‍മാന്‍ തസ്തികയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് ലഭിക്കുന്നത്.  ഡ്രൈവര്‍ക്ക് നല്‍കുന്നത് നാലുമാസത്തെ പരിശീലനവും. അത്യാഹിതങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന പരിശീലനം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നില്ല. ഡ്രൈവര്‍ വാഹനത്തിന് അടുത്തുനിന്ന് പമ്പ് ഓപ്പറേറ്റ് ചെയ്താല്‍മതി. ഫയര്‍മാന്‍മാരാണ് സ്വന്തം ജീവന്‍ പണയം വച്ച് അത്യാഹിതങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നത്. 

സ്ഥാനക്കയറ്റത്തിനു വേണ്ടിയാണ് തസ്തികിയില്‍ മാറ്റം വരുത്തിയതെന്നാണ് പ്രധാന ആരോപണം. ഒമ്പത് ഫയര്‍മാന്‍ മാര്‍ക്ക്  സ്ഥാനക്കയറ്റം ലഭിക്കുമ്പോഴാണ് ഒരു ഡ്രൈവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. അതും മെക്കാനിക്കല്‍ വിഭാഗത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരായി. ഫയര്‍മാന്‍ എന്ന പേരുകൂടി തസ്തികയില്‍ കൂട്ടിചേര്‍ത്തതോടെ ലീഡിംഗ് ഫയര്‍മാന്‍ എന്ന പദവിയിലേക്ക് ഡ്രൈവര്‍മാര്‍ ഉയരും. ഒരു അത്യാഹിതം ഉണ്ടാകുമ്പോള്‍ ആദ്യം സംഭവ സ്ഥലത്തേക്കു പോകേണ്ടത് ഒരു ഓഫീസറും,  ലീഡിംഗ് ഫയര്‍മാനും, മൂന്ന് ഫയര്‍മാനുമാണ്. ലീഡിംഗ് ഫയര്‍മാന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വേണം ഫയര്‍മാന്‍മാര്‍ പ്രവര്‍ത്തിക്കാന്‍. 

അത്യാഹിതങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പരിശീലനം ലഭിച്ചിച്ചിട്ടുള്ളത് ഫയര്‍മാന്‍മാര്‍ക്കാണ്. ഡ്രൈവര്‍മാരില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ചവരാണ് അത്യാഹിത സ്ഥലങ്ങളില്‍ ഓഫീസറോ, ലീഡിംഗ് ഫയര്‍മാനോ ആയിട്ട്  പോകുന്നതെങ്കില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഫയര്‍മാന്‍മാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാന്‍ സാധിക്കില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും. 

അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഫയര്‍ഫോഴ്‌സ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. മണ്‍വിളയില്‍ പ്ലാസ്റ്റിക് കമ്പനി കത്തിയമര്‍ന്നത് ആക്ഷേപത്തിന് ഇടയാക്കി. ഇത്രയും സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വകുപ്പിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. പരിശീലനം ലഭിക്കാത്ത ഓഫീസര്‍മാര്‍ മുകള്‍തട്ടില്‍ എത്തുന്നതിനാലാണ് കാര്യക്ഷമത കൂറയാനെന്നാണ് ആരോപണം. 

സ്വന്തം ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.