തലശ്ശേരി വഴിയുള്ള ഗതാഗതക്കുരുക്ക് തീരാ ശാപമായി മാറുമ്പോള്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു

Sunday 11 November 2018 6:16 pm IST

 

തലശ്ശേരി: തലശ്ശേരി വഴിയുള്ള റോഡ് യാത്ര ഗതാഗതക്കുരുക്കിനാല്‍ ദുരിതപൂര്‍ണ്ണമായി തുടരുകയാണ്. ഒ.വി.റോഡിന്റെ ശോച്യാവസ്ഥക്ക് പുറമെ നഗരത്തിലെ പ്രധാന വഴിയായ ലോഗന്‍സ് റോഡിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തത് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന ഇതര റോഡുകളെ രാപ്പകല്‍ ഗതാഗതക്കുരുക്കിലാക്കുകയാണ്. എം.ബി.കോളേജിന് സമീപം മുതല്‍ എംഎം റോഡ് കവല വരെ ഏതാണ്ട് 50 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് പാകാന്‍ ഒരാഴ്ച മുന്‍പാണ് ഈ ഭാഗം ഗതാഗതം തടഞ്ഞ് അടച്ചിട്ടിരുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം പണി തീര്‍ത്ത് തുറക്കാമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ കരാറുകാരന്റെ മെല്ലെപ്പോക്ക് മനോഭാവം കാരണം നവീകരണ പ്രവൃത്തികള്‍ ഇഴയുകയാണ്. നിശ്ചയിച്ച ദൂരത്തില്‍ ഇന്റര്‍ലോക്ക് വിരിച്ചിട്ടുണ്ടെങ്കിലും ഫുട്പാത്ത് നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണുള്ളത്. ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. 

ലോഗന്‍സ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഏതാണ്ട് തകിടം മറിഞ്ഞ നിലയിലാണുള്ളത്. കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന വലിയ ലോറികളും മറ്റും ചാല ബൈപ്പാസില്‍ നിന്നും വഴിതിരിച്ചു വിടുമെന്നാണ് തത്സമയം ട്രാഫിക് പോലീസ്അറിയിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത നിയന്ത്രണം മറികടന്ന് വാഹനങ്ങള്‍ ദേശീയപാത വഴി തലശ്ശേരിയിലെത്തുകയാണ്. ഇവ നഗരത്തില്‍ കടന്നാല്‍ മറ്റ് വാഹനങ്ങള്‍ കടന്നു പോവുക ഏറെ പ്രയാസകരമാണ്. റോഡിന്റെ വീതിക്കുറവും ഇരു ഭാഗത്തു നിന്നുമുള്ള വാഹനങ്ങളുടെ ഒഴുക്കും കാരണം കാല്‍നടയാത്രക്കാര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. കൂടാതെ എന്‍സിസി റോഡിലെ പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതും കുരുക്ക് മുറുകാന്‍ ഇടയാക്കുന്നു. ഇത് പട്ടണ നടുവിലെ ഒരു കഥ.

ഇനി കൂത്തുപറമ്പ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ന്ന നഗരസഭാ അതിര്‍ത്തിയായ എരഞ്ഞോളി പാലം കടന്നു കിട്ടാന്‍ കാത്തിരിക്കുന്നത് മണിക്കൂറുകളാണ്. ഇനി കണ്ണൂര്‍ ഭാഗത്തേക്കാണ് യാത്രയെങ്കില്‍ തലശ്ശേരി കൊടുവള്ളിയും ധര്‍മ്മടം മീത്തലെ പീടികയും കടന്നു കിട്ടണമെങ്കിലും ചിലപ്പോള്‍ മണിക്കൂറുകള്‍ പിടിക്കും. വടകര ഭാഗത്തേക്കാണെങ്കില്‍ സൈതാര്‍ പള്ളി കവലയിലും സ്ഥിതി ഇത് തന്നെയാണ്. ഇത് കാരണം വാഹനങ്ങളുടെ മത്സര ഓട്ടം നിരവധി അപകടങ്ങള്‍ക്കും കാരണമാകുന്നു. മദ്യപിച്ചും റോഡ് നിയമങ്ങള്‍ പാലിക്കാതെയും ശരവേഗതയില്‍ കുതിക്കുന്ന ഇരുചക്രവാഹനങ്ങള്‍, ഒപ്പം ടിപ്പറുകളും ഓട്ടോകളും ചരക്ക് ലോറികളും പ്രളയജലം പോലെ ഇരമ്പി ഒഴുകുന്ന കാഴ്ചയും നിത്യസംഭവമാണ്. 

ധര്‍മ്മടം മീത്തലേപ്പീടിക-മേലൂര്‍ റോഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. കൊടും വളവുകളൂം കുത്തനെയുള്ള കയറ്റങ്ങളും പിന്നാലെ ഇറക്കങ്ങളും മുക്കിന്മുക്കിനുള്ള വിതിക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത് ബസ്സിടിച്ചാണ്. ഏററവുമൊടുവില്‍ കഴിഞ്ഞദിവസം വൈകുന്നേരം ബ്രണ്ണന്‍ കോളേജിന്റെ തലശ്ശേരി ഭാഗത്തെ ഇറക്കത്തില്‍ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് അകാലമരണത്തിനിരയായത് അണ്ടല്ലൂര്‍ പുതുവയലിലെ മൂന്ന് വയസുകാരന്‍ അഷി നായിരുന്നു. അസുഖം കാരണം അമ്മയും വലിയച്ചനും അഷിനെ ഡോക്ടരെ കാണിച്ച് തിരികെ വരുന്നതിനിടയിലാണ് ദുരന്തത്തിനിരയായത്. ഇതിന് രണ്ട് വര്‍ഷം മുന്‍പെ ഇതേ ഇറക്കത്തില്‍ വച്ച് ബൈക്ക് യാത്രികനായ യുവാവും ബസ്സിടിച്ച് മരണപ്പെട്ടിരുന്നു. 2016 ഫിബ്രവരി 20 രാത്രിയിലുണ്ടായ അപകടത്തില്‍ പാലയാട് എസ്‌റ്റേറ്റ് പരിസരത്തെ മണപ്പുറം വീട്ടില്‍ വിനില്‍കുമാറിനാണ് (28) ദാരുണാന്ത്യം സംഭവിച്ചത്. ഇതേ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് കാമ്പസിനടുത്ത ബസ്സ് സ്റ്റോപ്പിന് സമിപം ബസ്സിടിച്ച് 55 കാരിയായ വീട്ടമ്മ മേലൂര്‍ അടിവയലില്‍ വത്സലയാണ് മരണപ്പെട്ടത്. മൂന്ന് അപകടങ്ങളുടെയും പേരില്‍ ബസ്സ് െ്രെഡവര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സംഭവങ്ങളുടെ പേരില്‍ ബസ് ജീവനക്കാര്‍ മറിച്ചും കുറ്റപ്പെടുത്തലുകള്‍ തുടരുന്നുണ്ട്. 

ധര്‍മ്മടം-മീത്തലെ പീടിക-മേലൂര്‍ റോഡില്‍ ആറ് വര്‍ഷം മുന്‍പ് (2012ല്‍)കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും ലഭിച്ച ഒമ്പതരകോടി രൂപ മുടക്കി മെക്കാഡം ടാറിംഗ് നടത്തിയതോടെയാണ് അതുവരെ നോക്കിയും കണ്ടും ജാഗ്രതയോടെ ഓടിയിരുന്ന വാഹനങ്ങള്‍ ലക്കും ലഗാനുമില്ലാത്ത ഭാവത്തില്‍ ഭ്രാന്തമായി ഓടാന്‍ തുടങ്ങിയത്. ഒപ്പം ചെറുതും വലുതുമായ അപകടങ്ങളും നിത്യസംഭവമായി. 2013 സപ്തമ്പറിലാണ് ആദ്യ അപകട മരണമുണ്ടായത്. ബ്രണ്ണന്‍ കോളേജിന്റെ വെള്ളൊഴുക്ക് ഭാഗത്തുള്ള കുത്തനെയുള്ള ഇറക്കത്തില്‍ റോഡിലേക്ക് തള്ളി നിന്ന ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് പാലയാട് എസ്റ്റേറ്റ് പരിസരത്തെ യുവാവിനാണ് അന്ന് ജീവഹാനി സംഭവിച്ചത്. ഒട്ടും വീതിയില്ലാത്ത റോഡില്‍ നിറഞ്ഞോടുന്ന വാഹനങ്ങളും ഇവയില്‍ നിന്ന് അപകടം കൂടാതെ രക്ഷപ്പെടാന്‍ ജിവന്‍ പണയം വച്ച് പോവുന്ന കാല്‍ നടക്കാരും മീത്തലെപ്പീടിക-മേലൂര്‍ യാത്രയിലെ നെഞ്ചിടിക്കുന്ന കാഴ്ചകളായിട്ടുണ്ട്. മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസ്സുകളിലെ കിളികള്‍ കാല്‍നടക്കാരെ റോഡരികില്‍ നിന്ന് ഓടിക്കുന്നത് ബസ്സിന്റെ ബോഡിയില്‍ ഇടിച്ചാണ്. ഓര്‍ക്കാപ്പുറത്തുള്ള ഇടിനാദം കേട്ടാല്‍ മാറി നില്‍ക്കാന്‍ ഇടമില്ലാത്ത സ്ഥലങ്ങളില്‍ വെപ്രാളപ്പെടുന്ന വഴി യാത്രികര്‍ തെന്നിവീണ അനുഭവങ്ങളും ഏറെയുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.