ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്: കമ്യൂണിസ്റ്റ് ഭീകരതയെ തോല്‍പ്പിച്ച് ഛത്തീസ്ഗഡ്

Monday 12 November 2018 1:09 am IST

ന്യൂദല്‍ഹി: കമ്യൂണിസ്റ്റ് ഭീകരരുടെ കൂട്ടക്കുരുതിക്ക് മുന്നില്‍ അടിയറവ് പറയാതെ ഛത്തീസ്ഗഡ്. മാവോയിസ്റ്റുകളുടെ ഭീഷണി തള്ളിയാണ് സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലെത്തുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. രണ്ടാഴ്ചക്കിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ എട്ട് സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇതിലൊന്നും പതറാതെ ആദ്യഘട്ടത്തിലെ പതിനെട്ട് സീറ്റുകളില്‍ 190 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബസ്തര്‍ ഉള്‍പ്പെടെ മാവോയിസ്റ്റുകള്‍ക്ക് ഏറ്റവും സ്വാധീനമുള്ള എട്ട് ജില്ലകളിലാണ് ഈ സീറ്റുകളെന്നതും ശ്രദ്ധേയമാണ്. 

മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രമണ്‍ സിംഗ് മത്സരിക്കുന്ന രാജ്‌നന്ദഗാവിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളുള്ളത്- 30 പേര്‍. അഞ്ചു വീതം സ്ഥാനാര്‍ത്ഥികളുള്ള ബസ്തര്‍, കൊണ്ടാഗാവ് മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ്. നവംബര്‍ 20നാണ് രണ്ടാം ഘട്ടം. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെ സംസ്ഥാനത്ത് നിയോഗിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയ കേന്ദ്ര സേനകളുടെ 650 കമ്പനിയെയും ഇതര സംസ്ഥാനങ്ങളിലെ 65000 പോലീസുകാരെയും കേന്ദ്രം അയച്ചു. ഏത് ഭീഷണി നേരിടാനും തയ്യാറാണെന്ന് നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡി.എം. അവാസ്തി പറഞ്ഞു.  

 മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ഉള്‍പ്രദേശങ്ങളിലെ 650 പോളിംഗ് ബൂത്തുകളില്‍ എയര്‍ഫോഴ്‌സിന്റെയും ബിഎസ്എഫിന്റെയും ഹെലികോപ്ടര്‍ ഉപയോഗിച്ച് ശനിയാഴ്ച തന്നെ ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും എത്തിച്ചു. സുരക്ഷാ വിഭാഗങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയവും മാവോയിസ്റ്റ് അക്രമങ്ങളായിരുന്നു. നഗര മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചു. സംസ്ഥാനത്തെ വനവാസി മേഖലകളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് നഗര മാവോയിസ്റ്റുകളാണെന്ന് മോദി പറഞ്ഞു. മാവോയിസ്റ്റുകള്‍ നടത്തുന്നത് വിപ്ലവ പ്രവര്‍ത്തനമാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശവും വിവാദമായി. വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭീകരരുടെ സ്വാധീനം കുറയ്ക്കാന്‍ സാധിച്ചെന്നാണ് ബിജെപിയുടെ പ്രധാന അവകാശവാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.