തരൂര്‍ മാപ്പ് പറയണം: ശ്രീധരന്‍പിള്ള

Monday 12 November 2018 3:18 am IST

പാലക്കാട്: ശബരിമലയിലെ ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ അമ്മമാരെയും സഹോദരിമാരെയും അധിക്ഷേപിച്ച ശശി തരൂര്‍, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. അതിനു തയാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ശബരിമല സംരക്ഷണയാത്രയ്ക്ക് ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 

ശബരിമല യാത്ര തകര്‍ക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. ധര്‍മത്തിനായുള്ള പോരാട്ടമാണത്. കോണ്‍ഗ്രസ് ചതിയുടെയും വഞ്ചനയുടെയും നിലപാടാണ് സ്വീകരിക്കുന്നത്. സുപ്രീംകോടതി വിധി തരൂര്‍ സ്വാഗതം ചെയ്തു. ചരിത്രപ്രധാനമായ വിധിയെന്നാണ് എഐസിസി പറഞ്ഞത്. കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ ശബരിമല സംരക്ഷണയാത്രയുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കള്ളക്കേസില്‍ കുടുക്കി ബിജെപി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്മാരെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്തുവില കൊടുത്തും ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, ജന. സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ അഡ്വ. ഗോപാലകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജന. സെക്രട്ടറി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുഡിഎഫില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന കൗണ്‍സിലര്‍ വി. ശരവണനെ ശ്രീധരന്‍പിള്ള സ്വീകരിച്ചു. ശരവണനെ പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.