യുണൈറ്റഡിനെ തകര്‍ത്ത് സിറ്റി

Tuesday 13 November 2018 1:03 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ജയം സിറ്റിക്ക്. സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. സിറ്റിക്കായി ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ഗുണ്ടോഗന്‍ എന്നിവര്‍ ഗോളുകള്‍ നേടി. ആന്റണി മാര്‍ഷ്യലിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ ഏക ഗോള്‍. 

മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സിറ്റി 12-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയുടെ പാസ് സ്വീകരിച്ച് ഡേവിഡ് സില്‍വയാണ് ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സിറ്റിക്കായില്ല. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനകം അഗ്യൂറോ ലീഡുയര്‍ത്തി. റിയാദ് മെഹ്റസിന്റെ പാസിലായിരുന്നു അഗ്യൂറോയുടെ ഗോള്‍. പത്ത് മിനിറ്റിനകം യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി മാര്‍ഷ്യല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലുകാകുവിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. പിന്നീട് സമനിലക്കായി യുണൈറ്റഡ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ സിറ്റി മൂന്നാം ഗോളും നേടി. ജര്‍മന്‍ താരം ഗുണ്ടോഗന്റെ വകയായിരുന്നു ഗോള്‍. ജയത്തോടെ 12 കളികളില്‍ നിന്ന് 32 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 20 പോയിന്റുള്ള യുണൈറ്റഡ് എട്ടാമതാണ്.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും മികച്ച ജയം നേടി. ഫുള്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. 41-ാം മിനിറ്റില്‍ മുഹമ്മദ് സലയും 53-ാം മിനിറ്റില്‍ ഷാക്കിരിയുമാണ് റെഡ് ഡെവിള്‍സിനായി ലക്ഷ്യം കണ്ടത്. 

അതേസമയം മറ്റ് മത്സരങ്ങളില്‍ ചെല്‍സിയും ആഴ്‌സണലും സമനിലകൊണ്ട് തൃപ്തരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.