വിടപറഞ്ഞത് കേരളത്തിന്റെ സുഹൃത്ത്

Tuesday 13 November 2018 4:41 am IST
കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് നല്ല അവബോധം അനന്ത് കുമാറിന് ഉണ്ടായിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുള്ള മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ പാര്‍ട്ടിപരിപാടികള്‍ക്ക് വേണ്ടി നിരവധി തവണ അദ്ദേഹം എത്തിയിരുന്നു. കാസര്‍കോഡ് ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് രക്ഷനായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഫാക്ടി(എഫ്എസിടി)ന്റെ നിലനില്‍പ് തന്നെ ആടിയുലഞ്ഞിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം വലിയ സഹായം നല്‍കി. അത് ഫാക്ടിന്റെ നിലനില്‍പിന് തന്നെ വലിയ പങ്ക് വഹിച്ചു.
" കേന്ദ്രമന്ത്രിയായിരിക്കെ അനന്ത്കുമാര്‍ ആര്‍എസ്എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്തപ്പോള്‍"

അകാലത്തില്‍ പൊലിഞ്ഞ ഒരു സുന്ദരപുഷ്പമാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍. ഏറെ പ്രതീക്ഷവച്ചു പോന്നിരുന്ന, ധാരാളം സാധ്യതകള്‍ കണ്‍മുന്നില്‍ വിരിഞ്ഞുവരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. പാര്‍ലമെന്റിലെ ഇരു സഭകളിലും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ വലിയ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാ പാര്‍ട്ടികളിലെയും നേതാക്കന്മാരുമായും പ്രതിപക്ഷവുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന പാലമെന്ററികാര്യ ചുമലയുള്ള മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ അഭാവം നികത്തുക എന്നത് ഏറെ ്രശമകരമാണ്. 

കേന്ദ്ര നേതാക്കന്മാരില്‍ ദക്ഷിണ ഭാരതത്തിന്റെ മനസ്സും ഇവിടത്തെ പ്രത്യേകതയും ശരിക്കും മനസ്സിലാക്കി, അത് ഹിന്ദിമാത്രം കൈകാര്യം ചെയ്യുന്ന ഉത്തരേന്ത്യന്‍ നേതാക്കന്മാര്‍ക്ക് അവരുടെ ഭാഷയില്‍ വിശദീകരിച്ചുനല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തെന്നിന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് മനസിലാക്കാവുന്ന ഭാഷയില്‍ തന്നെ അവരോട് സംസാരിക്കും. അക്കാര്യങ്ങള്‍ ഉത്തരേന്ത്യന്‍ നേതാക്കന്മാരെ മനസിലാക്കിച്ച് അവരെ മെരുക്കി ആവശ്യം നേടിക്കൊടുക്കുന്ന യുവനേതാവ് കൂടിയായിരുന്നു അനന്ത് കുമാര്‍.

എല്‍.കെ. അദ്വാനിയുമായും അടല്‍ ബിഹാരി വാജ്‌പേയിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അടിയന്തരവാസ്ഥ കാലഘട്ടത്തെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ അതിന് സഹായിച്ചത്. അടല്‍ജിയും അദ്വാനിജിയും പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായി ദല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരില്‍ എത്തുമ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ബാംഗ്ലൂരില്‍ വെച്ച് ഇരുവരും അറസ്റ്റിലായി. ഇരുവരെയും ബാംഗ്ലൂര്‍ ജയിലിലടച്ചപ്പോള്‍ അവരോട് ബന്ധപ്പെടാനും ആവശ്യമനുസരിച്ച് പ്രവര്‍ത്തിക്കാനും അനന്ത് കുമാറിനായിരുന്നു ചുമതല. ആ ബന്ധം എന്നും നിലനിര്‍ത്തി.

രാഷ്ട്രീയ നേതാക്കന്മാരില്‍ അധികവും അഭിഭാഷക വൃത്തിയില്‍ നിന്നും എത്തുന്നവരാണ്. എന്നാല്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് കമ്പ്യൂട്ടര്‍ സയന്‍സില്‍ വൈദഗ്ദ്ധ്യം നേടിയയാള്‍ മന്ത്രിയാകുന്നത് അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒരാളാണ് അദ്ദേഹം. കുട്ടിക്കാലം മുതല്‍ സ്വയം സേവകനായും വിദ്യാഭ്യാസകാലത്ത് അഖിലഭാരത വിദ്യാര്‍ത്ഥി പരിഷത്തിലും പ്രവര്‍ത്തിച്ചു. അത് പൊതുകാര്യങ്ങളില്‍ തല്‍പരനാക്കുകയും സംഘടനാപരമായി കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യം ലഭിക്കുവാനും അദ്ദേഹത്തിനെ സഹായിച്ചു.

ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെടുന്നതത് 1986 മുതല്‍ 92 വരെയുള്ള സമയത്തായിരുന്നു. അന്ന്  ബിജെപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന എനിക്ക് കേരളം, തമിഴ്‌നാട് എന്നിവയോടൊപ്പം കര്‍ണാടകയുടെ ചുമതലയും ഉണ്ടായിരുന്നു. അന്ന് അനന്ത് കുമാര്‍ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് മുഴുവന്‍ സമയ പ്രവര്‍ത്തകനും ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ എത്തുന്ന അവസരത്തിലെല്ലാം എന്നൊടൊപ്പം അദ്ദേഹത്തെയായിരുന്നു നിയോഗിച്ചിരുന്നത്. അങ്ങനെയാണ് അദ്ദേഹവുമായി ബന്ധം തുടങ്ങുന്നത്.

മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയാണ് അന്ന് ബിജപിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ്. യെദ്യൂരപ്പയ്ക്ക് ഗ്രാമീണ ജനതയുടെയും കര്‍ഷകരുമായും അവരുടെ പ്രശ്‌നമങ്ങളുമായി നല്ല ബന്ധവും സ്വാധീനവും ഉണ്ടായിരുന്നു. അനന്ത് കുമാറാകട്ടെ നഗരത്തില്‍ ജനിച്ച് നഗരത്തില്‍ വളര്‍ന്ന് നഗരാന്തരീക്ഷം മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അഭ്യസ്ഥ വിദ്യാരായ തൊഴിലാളികളിലും തൊഴില്‍ അന്വേഷകരിലുമെല്ലാം നല്ല സ്വാധീനം ചെലുത്തിയിരുന്നു. ഈ രണ്ട് നേതാക്കളുടെയും കഴിവുകള്‍ കൂട്ടിയിണക്കിയപ്പോള്‍ കര്‍ണാടകയില്‍ ബിജെപിക്ക് വലിയ വളര്‍ച്ച കൈവരിക്കാനായി. ആ വളര്‍ച്ചയിലാണ് കര്‍ണാടകയിലെ ഭരണകക്ഷിയായി ബിജെപി വളരുന്നത്.

കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് നല്ല അവബോധം അനന്ത് കുമാറിന് ഉണ്ടായിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുള്ള മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ പാര്‍ട്ടിപരിപാടികള്‍ക്ക് വേണ്ടി നിരവധി തവണ അദ്ദേഹം എത്തിയിരുന്നു. കാസര്‍കോഡ് ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് രക്ഷനായിരുന്നു അദ്ദേഹം. ബാംഗ്ലൂരില്‍ നിന്ന് തുടര്‍ച്ചയായി ആറ്, ഏഴ് തവണ ജയിച്ച് കേന്ദ്രത്തിലെത്താന്‍ കഴിഞ്ഞത് വോട്ടര്‍മാരുടെ ഇടയിലുള്ള സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ വിശാല വീക്ഷണവും പ്രവര്‍ത്തന കാര്യക്ഷമതയും അദ്ദേഹത്തെ നല്ല മന്ത്രിയാകാന്‍ സഹായിച്ചു. 

വ്യോമയാനം, പെട്രോളിയം വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കൊച്ചിയിലെ ഫാക്ടി(എഫ്എസിടി)ന്റെ നിലനില്‍പ് തന്നെ ആടിയുലഞ്ഞിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം വലിയ സഹായം നല്‍കി. അത് ഫാക്ടിന്റെ നിലനില്‍പിന് തന്നെ വലിയ പങ്ക് വഹിച്ചു. അദ്ദേഹം സൗമ്യമായി സംസാരിക്കുകയും സരസമായി സുഹൃത്തുക്കളോട് ഇടപെടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് വലിയ സുഹൃത്ത് വലയം ഉണ്ടായിരുന്നു.

അനന്ത്കുമാറിന്റെ കഴിവുകള്‍ ബോദ്ധ്യപ്പെട്ടാണ് അദ്വാനിജി അദ്ദേഹത്തെ കൈപിടിച്ച് ഉയര്‍ത്തിയത്. സര്‍ക്കാരിലും പാര്‍ട്ടിയിലും നേതാക്കന്മാര്‍ക്കിടയിലും നല്ല സ്വാധീനം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒട്ടേറെ സേവനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ പത്‌നി തേജസ്വിനിക്കും കുട്ടികള്‍ക്കും പ്രസ്ഥാനത്തിനും അനന്ത് കുമാറിന്റെ നിര്യാണത്തോടെ ഉണ്ടായ നഷ്ടം നികത്തുക എളുപ്പമല്ല. അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍ എന്ന നിലയില്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

ഒ.രാജഗോപാല്‍ എം‌എല്‍‌എ

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.