കോടതി പറഞ്ഞത്...

Wednesday 14 November 2018 4:58 am IST
പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് വിധികര്‍ത്താക്കള്‍ തന്നെ കരുതുന്ന ഒരു വിധി അന്തിമമായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നില്ല. ചുരുക്കത്തില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരുവിധി നിലവിലില്ല. ഇപ്പോള്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ തുറന്ന കോടതി റദ്ദ് ചെയ്ത വിധി നടപ്പാക്കിയത് നിയമവിരുദ്ധമാകും. ഈ സാഹചര്യം നിലനിര്‍ത്തിക്കൊണ്ടാണ് സ്റ്റേ ഇല്ലെന്ന് കോടതി പറഞ്ഞത്. പ്രത്യേക സ്റ്റേ ഇക്കാര്യത്തില്‍ ആവശ്യമില്ല. യുവതി പ്രവേശനം നടപ്പാക്കിത്തരണമെന്ന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവകാശമില്ല.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്. ഇത് അസാധാരണ നടപടിയാണ്. 

സാധാരണ പുനഃപരിശോധനാ ഹര്‍ജികള്‍ മുമ്പ് വിധിച്ച ജഡ്ജിമാര്‍ സര്‍ക്കുലേഷന്‍ വഴി പരിഗണിക്കുന്ന ഏര്‍പ്പാടാണ് കോടതിയില്‍ നിലവിലുള്ളത്. ഇതില്‍ നിന്ന് വിഭിന്നമായി വാദം കേട്ട ബെഞ്ച് തന്നെ സമ്മേളിക്കുകയും 45 മിനിട്ട് പുനഃപരിശോധന ഹര്‍ജിയുടെ നിലനില്‍പ്പിന്റെ കാര്യം ഗഹനമായി ചര്‍ച്ചചെയ്തശേഷം വിധി പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ തീരുമാനത്തിന്റെ നിയമപരമായ ഫലങ്ങള്‍ പഴയ വിധിയുടെ അന്തിമസ്വഭാവം നഷ്ടപ്പെടുത്തുന്നു എന്നതാണ്. ഇതിന് മുമ്പ് ഭരണഘടന ബെഞ്ചിന്റെ വിധി വീണ്ടും പരിശോധിക്കണമെന്ന് സുപ്രീം അഭിപ്രായപ്പെടുമ്പോള്‍ ആ വിധിയില്‍ നിയമപരമായ തെറ്റുകളോ പാളിച്ചകളോ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാലെ  അങ്ങനെ ചെയ്യാറുള്ളൂ. അതിനര്‍ത്ഥം ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ അന്തിമമായ വിധി ഇപ്പോള്‍ നിലവിലിലില്ല എന്നതാണ്.

പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന  വിധികര്‍ത്താക്കള്‍ തന്നെ കരുതുന്ന ഒരു വിധി അന്തിമമായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു സിവില്‍ നടപടി നിയമത്തില്‍ പ്രത്യേക ചട്ടങ്ങളുണ്ട്. ആ ചട്ടങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് ഹര്‍ജി നടപ്പാക്കാന്‍ നിര്‍വ്വാഹമില്ല. വിധിയുടെ അന്തിമസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. വാദത്തിന് വേണ്ടി സ്റ്റേ ഇല്ല എന്നത് അംഗീകരിച്ചാലും ജനുവരി 22ന് വാദം കേട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ അനുവദിക്കുകയാണെങ്കില്‍ പഴയ വിധി അസ്ഥിരപ്പെടും. അസ്ഥിരപ്പെടുന്ന ഒരു വിധി എങ്ങനെ നടപ്പാക്കും. ചുരുക്കത്തില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരുവിധി  നിലവിലില്ല. ഇപ്പോള്‍ നടപ്പാക്കികഴിഞ്ഞാല്‍ തുറന്ന കോടതി റദ്ദ് ചെയ്ത വിധി നടപ്പാക്കിയത് നിയമവിരുദ്ധമാകും. ഈ സാഹചര്യം നിലനിര്‍ത്തികൊണ്ടാണ് സ്റ്റേ ഇല്ലെന്ന് കോടതി പറഞ്ഞത്. പ്രത്യേക സ്റ്റേ ഇക്കാര്യത്തില്‍ ആവശ്യമില്ല.

യുവതീ പ്രവേശനം നടപ്പാക്കിതരണമെന്ന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവകാശമില്ല. വിധി അന്തിമമല്ലെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അന്തിമസ്വഭാവം 2019 ജനുവരി 22ന് പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കാന്‍ കഴിയില്ല. കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വിധി പുനഃപരിശോധിക്കുമെന്ന് കാണിച്ച് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുനഃപരിശോധിക്കാനിരിക്കുന്ന വിധി എങ്ങനെ നടപ്പാക്കും. ഫലത്തില്‍ സെപ്തംബറിലെ വിധിയെ സംബന്ധിച്ച് അന്തിമസ്വഭാവം ജനുവരി 22 വരെ നഷ്ടപ്പെട്ടിരിക്കുന്നു. വിധിയുടെ അന്തിമ സ്വഭാവത്തില്‍ വിധികര്‍ത്താക്കള്‍ മാറ്റം വരുത്തിയിരിക്കുന്നു. അന്തിമ വിധിയെന്ന് അംഗീകാരം ലഭിക്കാത്ത വിധി എങ്ങനെ നിയമപരമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയും.  വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേക നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡിന് മാത്രമാണ് വിധി ബാധകം. 

യുവതീ പ്രവേശന വിഷയത്തില്‍ ആകെയുള്ളത് ശബരിമലയില്‍ 10നും 50നും ഇടയിലുള്ള യുവതികളുടെ നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന പ്രഖ്യാപനം മാത്രമാണ്. ശബരിമലയുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പാരമ്പര്യത്തിലും കോടതി കൈവച്ചിട്ടില്ല. ആചാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള തന്ത്രിയുടെ അവകാശം നിലനിര്‍ത്തിയാണ് കോടതി പ്രഖ്യാപനം നടത്തിയത്. ക്ഷേത്രം അശുദ്ധമായാല്‍ തന്ത്രിക്ക് നടയടച്ച് പരിഹാരക്രിയകള്‍ നടത്തുന്നതിന് തടസ്സമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.