ഇതൊക്കെ സ്വാമി വിവേകാനന്ദന്‍ മുന്നേ പറഞ്ഞു

Thursday 15 November 2018 4:09 am IST
യശസ്സ് കൈവരിക്കണമോ, മരിക്കണമോ എന്ന ചോദ്യത്തിനു മുമ്പിലാണ് കേരളത്തിലെ ഹൈന്ദവ ജനത. യശസ്സ് കൈവരിക്കാന്‍ മരണത്തെ തൃണവല്‍ഗണിക്കുക എന്നത് തങ്ങളുടെ രക്തത്തിലലിഞ്ഞ സ്വഭാവമാണെന്നു കാട്ടിത്തരികയാണവര്‍.

ബരിമലയില്‍ യുവതീ പ്രവേശന  വിഷയത്തില്‍ സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം സ്വാഭാവികമായുണ്ടായ പ്രതിക്രിയയായിരുന്നു. അസംഘടിതാവസ്ഥ പൊതുസ്വഭാവമായ ഹിന്ദുസമൂഹത്തില്‍ നിന്ന് ഇത്രശക്തവും സ്ത്രീപ്രതിനിധ്യമുള്ളതുമായ പ്രതിഷേധം, ദേശീയ മനഃസ്ഥിതിക്കാരില്‍ അളവറ്റ ആശ്വാസമുണ്ടാക്കി. മറ്റൊരുകൂട്ടര്‍ ഏറെ ആശങ്കയോടെയാണ് ഇതിനെ സമീപിച്ചത്. അതിനുകാരണം ഈ പ്രതിഷേധത്തിനു പിന്നിലെ ദേശീയ ശക്തിയുടെ പ്രവാഹമാണ്. രാഷ്ട്രമനസ്സിന്റെ ഈ ശക്തിപ്രവാഹത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍  മുന്നേതന്നെ സൂചിപ്പിച്ചിട്ടുണ്ട്.

സ്വാമിജി പറയുന്നു: 'നമ്മുടെ ഓജസ്സും ചൈതന്യവും എന്നുവേണ്ട രാഷ്ട്രജീവിതവും കൂടികൊള്ളുന്നത് നമ്മുടെ മതത്തിലാണ്.' (വിവേകാനന്ദസാഹിത്യം വാല്യം 3, പേജ് 180). തന്റെ മതവിശ്വാസത്തില്‍ കൈവെക്കുന്നതുവരെ ഹിന്ദു ശാന്തനായിരിക്കുമെന്നും ആരെങ്കിലും തന്റെ വിശ്വാസങ്ങളില്‍ കൈവെച്ചാല്‍ അവന്‍ ഉണര്‍ന്നുപ്രതികരിക്കുമെന്നും സ്വാമിജി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഹിന്ദു പറയുന്നു. രാഷ്ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യം കൊള്ളാം, നല്ലതാണ്. എന്നാല്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ആത്മീയസ്വാതന്ത്ര്യം അഥവാ മുക്തിയാണ്.'' 

ഇതാണ് നമ്മുടെ ദേശീയ ലക്ഷ്യം. വൈദികന്‍, ജൈനന്‍, ബൗദ്ധന്‍, അദ്വൈതി, വിശിഷ്ടാദ്വൈതി, ദ്വൈതി ഇവരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. മര്‍മം സ്പര്‍ശിക്കാതെ നിങ്ങളെന്തുതന്നെ ചെയ്താലും ഹിന്ദു അതു കാര്യമാക്കുകയില്ല. അവന്‍ ശാന്തനായിരിക്കും. എന്നാല്‍ ആ മര്‍മ ബിന്ദുവില്‍ ആരെങ്കിലും കൈവെച്ചലോ, അവന്‍ സ്വന്തം പട്ടടതീര്‍ക്കുകയാണ് ചെയ്യുന്നത്.'' (വിവേകാനന്ദസാഹിത്യം വാല്യം 7, പേജ് 253). 

 പിണറായി വിജയന്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരുടെ മര്‍മത്തില്‍ കുത്തിയപ്പോള്‍ അടികൊണ്ട പാമ്പിനെപ്പോലെ ഹിന്ദുസമൂഹം ഫണം വിടര്‍ത്തി പ്രതികരിച്ചു. അതിന്റെ ഉഗ്രകോപമാണ് പ്രക്ഷോഭവേളയില്‍ കണ്ടത്. ഹിന്ദുസമൂഹത്തിന്റെ ഇത്തരം പ്രകടനങ്ങള്‍ ചരിത്രത്തില്‍ ആദ്യസംഭവമല്ല. ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ അധികാരിവര്‍ഗം ബലപ്രയോഗം നടത്തിയ വേളയിലെല്ലാം ഇത്തരം പ്രതികരണമുണ്ടായിട്ടുണ്ട്. സോമനാഥക്ഷേത്രം പോലുള്ളവ അളവറ്റ വിജ്ഞാനം പകര്‍ന്നു നല്‍കുന്നുവെന്നു പറഞ്ഞുകൊണ്ട് സ്വാമി വിവേകാനന്ദന്‍ തുടരുന്നു: ''നിരന്തരം ധ്വംസിക്കപ്പെടുകയും നാശത്തില്‍ നിന്ന് പൂര്‍വ്വാധികം യൗവ്വനവും ശക്തിയും പൂണ്ട് നിരന്തരം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഈ ക്ഷേത്രങ്ങള്‍ നൂറുനൂറാക്രമണങ്ങളുടെയും നൂറുനൂറു പുനരുത്ഥാനങ്ങളുടെയും മുദ്രകള്‍ വഹിച്ചു നില്‍ക്കുന്നതെങ്ങനെയെന്നു നോക്കുക. അതാണ് രാഷ്ട്ര മനസ്. അതാണ് രാഷ്ട്രത്തിന്റെ ജീവിതപ്രവാഹം. അതു പിന്‍തുടരുക. യശസ് കൈവരും. അതു കൈവെടിയുക. നിങ്ങള്‍ മരിക്കും.'' (വിവേകാനന്ദസാഹിത്യം വാല്യം 3, പേജ് 181) യശസ് കൈവരിക്കണമോ, മരിക്കണമോ എന്ന ചോദ്യത്തിനു മുമ്പിലാണ് കേരളത്തിലെ ഹൈന്ദവ ജനത. യശസ് കൈവരിക്കാന്‍ മരണത്തെ തൃണവല്‍ഗണിക്കുക എന്നത് തങ്ങളുടെ രക്തത്തിലലിഞ്ഞതാണെന്നു കാട്ടിത്തരുകയാണ് ഹിന്ദു പ്രതിരോധ ശക്തി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ഡലകാലവ്രതത്തിന്റെയും അയ്യപ്പഭക്തിയുടെയും ശക്തി അതിനു പിന്നിലുണ്ട്. വൃശ്ചികമാസമാകുമ്പോള്‍, അതുവരെ ഉറങ്ങിക്കിടക്കുന്ന ഗ്രാമീണ ക്ഷേത്രങ്ങളും അയ്യപ്പഭജനമഠങ്ങളുമെല്ലാം ഉണര്‍ന്നെണിക്കും. വൃശ്ചികക്കുളിരിനെ വെല്ലുന്ന ശരണം വിളികളും ഭക്തിഗാന സുധകളുമായി സുപ്രഭാതങ്ങള്‍ ഭക്തിസാന്ദ്രമാകും. നാല്‍പത്തൊന്നുദിവസം നീളുന്ന ഭജനകളും അയ്യപ്പന്‍ വിളക്കും മറ്റു ഉത്സവങ്ങളുമായി കേരളമൊട്ടാകെ ഉറഞ്ഞുകൂടന്ന ഈശ്വരശക്തി വിശ്വരൂപം പ്രാപിച്ചതാണ് നാമജപയാത്രകളും പ്രതിഷേധപ്രകടനങ്ങളും. കേരളം ഭാരതത്തിന്റെ ദേശീയസ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടികൂടി ഇതിലുണ്ട്. 

ഈ ഹിന്ദു ഉണര്‍വ്വിനെ നിര്‍വീര്യമാക്കാന്‍ ചിലര്‍ കണ്ടെത്തിയ വഴിയാണ് ചില വനിതാ ആക്ടിവിസ്റ്റുകളെ ശബരിമല ദര്‍ശനത്തിനെത്തിക്കുക എന്നത്. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിഗ്രഹങ്ങള്‍ അടിച്ചുടയ്ക്കുകയും ചെയ്ത് ഹിന്ദുക്കളെ തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെല്ലാം ഒന്നിനും കൊള്ളാത്തതാണെന്നും തങ്ങളുടെ വിശ്വാസം തെറ്റാണെന്നും കാണിച്ചുകൊടുക്കാനും അതുവഴി അവരെ നിര്‍വീര്യമാക്കാനുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു വന്ന കാടന്മാരായ വിദേശാക്രമികള്‍ ശ്രമിച്ചത്. സോമനാഥക്ഷേത്രവും കാശിവിശ്വനാഥക്ഷേത്രവും മഥുര ശ്രീകൃഷ്ണക്ഷേത്രവും അയോധ്യയിലെ രാമജന്മഭൂമിയും തകര്‍ത്തതിന്റെ പിന്നിലെ മനഃശാസ്ത്രം ഇതായിരുന്നു. ഇതേ മനഃശാസ്ത്രമാണ് ശബരിമലയിലെ വിശ്വാസം തകര്‍ക്കാന്‍ ചില ഗൂഢശക്തികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിശ്വാസിയായ ഒരു യുവതിയും ശബരിമല ദര്‍ശനത്തിനെത്തില്ല എന്നവര്‍ക്കറിയാം. അതിനാലാണ് ഇടതുപക്ഷതീവ്രവാദികള്‍ ഇസ്ലാമിസ്റ്റ് പിന്തുണയോടെ വനിത ആക്റ്റിവിസ്റ്റുകളെ തുലാമാസ നടതുറപ്പ് വേളയില്‍ ശബരിമലയിലേക്കയച്ചത്. വനിതാ ആക്ടിവിസ്റ്റുകളുടെ പിന്നിലുള്ള വരെ തങ്ങള്‍ തിരിച്ചറിഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ഇംഗ്ലീഷ് പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. അവിടെ വന്ന വനിതാ ആക്ടിവിസ്റ്റുകളുടെ വിശദാംശങ്ങളും ഫോണ്‍ വിളികളും പോലീസ് പരിശോധിച്ചിരുന്നു. 'അവരെ ശബരിമലയിലെത്തിച്ചതിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.'' എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

ശബരിമലയില്‍ കുഴപ്പമുണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. മല ചവിട്ടാനിറങ്ങിയ ചില വനിത ആക്ടിവിസ്റ്റുകള്‍ക്ക് പണം ലഭിച്ചതായും തെളിവുണ്ട്. അയ്യപ്പഭക്തിയിലൂടെ നൂറ്റാണ്ടുകളായി സംസ്ഥാനത്തു രൂപപ്പെട്ട ആത്മീയ ശക്തിയെന്ന ദേശീയസത്തയെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതി ഇതിനു പിന്നിലുണ്ട്.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ രൂപപ്പെടുന്ന ഹിന്ദു ഉണര്‍വ്വിനെ ഭയക്കുന്നവരാണ് ഇടതു-വലതു മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ശബരിമലയില്‍ കലാപമുണ്ടാക്കി ഹിന്ദുക്കളെ പ്രതി സ്ഥാനത്താക്കി ഹിന്ദു ഉണര്‍വിനെ നിര്‍വീര്യമാക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ശബരിമലയിലെ നാമജപയാത്രയും പ്രക്ഷോഭവും വഴിതെറ്റാതെ ലക്ഷ്യത്തിലെത്തേണ്ടതുണ്ട്. ഈ പ്രക്ഷോഭം രാഷ്ട്രജീവിതത്തിന്റെ ശക്തിപ്രവാഹമാണെന്ന് തിരിച്ചറിയുകയും അതിലൂടെ കേരളത്തിന്റെ ഭാവിയും നവനിര്‍മാണവും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുക എന്നത് ഹിന്ദുസമൂഹത്തിന്റെ ദൗത്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.