താല്‍ക്കാലിക നിയമനം എങ്ങനെ: ഹൈക്കോടതി

Friday 16 November 2018 3:44 am IST

കൊച്ചി: ശബരിമലയില്‍ മണ്ഡല മകര വിളക്കു കാലത്തോടനുബന്ധിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ വിശദീകരിക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്  ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്ത തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഉത്തരവ് പറയുന്നു. ശബരിമലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേര്‍ത്തല തുറവൂര്‍ സ്വദേശി ഗോകുല്‍. ജി. കമ്മത്ത് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ 2000 അപേക്ഷകരില്‍ നിന്ന് 1680 പേരെ താല്‍ക്കാലികമായി നിയമിച്ചെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചിരുന്നു. 

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് പാസ് ഏര്‍പ്പെടുത്തിയതിനെതിരെ കാക്കനാട് എംജിഎസ് ലോജിസ്റ്റിക്‌സ് മാനേജിംഗ് പാര്‍ട്ണര്‍ എം.എസ്. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനായി മാറ്റി. 

ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കാന്‍ മാറ്റി. ശബരിമല ഒരു മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ശബരിമലയിലെ മണ്ഡല മകര വിളക്കിനോടനുബന്ധിച്ച് ഇന്ന് മുതല്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.