പിറവം പള്ളി കേസ്: വിധി നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതിയില്‍

Saturday 17 November 2018 1:09 am IST

ന്യൂദല്‍ഹി: പിറവം പള്ളി കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ളവരെ പ്രതിചേര്‍ത്താണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. സ്‌കറിയ വട്ടക്കാട്ടിലാണ് കോടതിയെ സമീപിച്ചത്.

പിറവം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ വിധി നടപ്പാക്കാന്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ക്രമസമാധാന തകര്‍ച്ചയും വിശ്വാസികളെ ബാധിക്കുന്ന വിഷയവുമായതിനാലാണ് വിധി ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിധി നടപ്പാക്കാന്‍ സമയപരിധി നിശ്ചയിക്കരുതെന്ന് സര്‍ക്കാര്‍ നവംബര്‍ രണ്ടിന് കേസ് പരിഗണിക്കവേ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

2018 മെയ് 15ന് മുഖ്യമന്ത്രി മാര്‍ ഇഗ്‌നേഷ്യസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധിക്കെതിരെ യാക്കോബായ സഭ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ അനുകൂലിച്ചുകൊണ്ട് വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം കോടതിയെ അറിയിച്ചത്. 

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം നടക്കുന്ന പിറവം സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിക്ക് മേലുള്ള അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് വിട്ടുനല്‍കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിധി വന്ന് നാളേറെ ആയിട്ടും ഇടതു സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോയിട്ടില്ലെന്നാണ് ഓര്‍ത്തഡോക്‌സുകാരുടെ പരാതി. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിധി നടപ്പാക്കിയാല്‍ യാക്കോബായ വിശ്വാസികള്‍ ആത്മാഹുതി നടത്താന്‍ സാധ്യതയുണ്ടെന്നും വാഹനങ്ങള്‍ തീവെച്ച് തകര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് വൈകിക്കാന്‍ പറഞ്ഞ കാരണമാണ്. 

വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സമയ പരിധി നിശ്ചയിക്കരുതെന്നാണ് പ്രധാന ആവശ്യം. പ്രതിസന്ധി സമാധാന പരമായി പരിഹരിക്കാനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കോടതി കണക്കിലെടുക്കണമെന്നും പിണറായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കി ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ പിറവം പള്ളിക്കേസില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.