ചിരി മധുരം വിളമ്പി ആവേശമായി ലഡു

Saturday 17 November 2018 12:05 pm IST

മലയാളികളെ എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുള്ളത് യുവത്വം തുടിക്കുന്ന സിനിമകളാണ്.. പണ്ടത്തെ  സിദ്ധിഖ് ലാല്‍ സിനികളും പ്രിയദര്‍ശന്‍ സിനിമകളും ഇപ്പോഴത്തെ പ്രേമം ഹണി ബീ  തുടങ്ങിയ സിനിമകളുമെല്ലാം മലയാളി യുവത്വത്തെ തിയ്യറ്ററുകളില്‍ ഇളക്കിമറിച്ച അനുഭവങ്ങളാണ്.. സൗഹൃദങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കി നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു  അത്തരത്തില്‍ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന തട്ടുപൊളിപ്പന്‍ സിനിമയാണ്.. 

കാല വട ,ചെന്നൈ മാരി തുടങ്ങിയ ബിഗ് ബജറ്റ് സിനിമകള്‍ മലയാളികള്‍ക്ക് എത്തിക്കുകയും മറഡോണ തരംഗം തുടങ്ങിയ ടൊവിനോ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത മിനി സ്റ്റുഡിയോ ആണ് ലഡുവിന്റെയും പിറകില്‍..  മിനി സ്റ്റുഡിയോക്ക് വേണ്ടി എസ്.വിനോദ്കുമാറാണ് ലഡു നിര്‍മ്മിക്കുന്നത്.നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയിട്ടുള്ളത് സുകുമാര്‍ തെക്കേപ്പാട്ടാണ്..

ഭുരിഭാഗം സൗഹൃദക്കൂട്ടായ്മകളിലും അതിലെ ഏകദേശം എല്ലാ മനുഷ്യര്‍ക്കുചുറ്റും ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടായേക്കാവുന്ന ഒരു ഒളിച്ചോട്ട കല്ല്യാണമാണ് ഈ സിനിമയുടെ പശ്ചാത്തലം. സ്വാഭാവികമായുള്ള ഒരു റജിസ്റ്റര്‍ വിവാഹത്തില്‍പോലും വളരെയധികം അനുഭവങ്ങള്‍ നമുക്കെല്ലാം ഓര്‍ത്തെടുക്കാനുണ്ടാവും. അപ്പോള്‍ പിന്നെ പ്രത്യേകമായി  പ്ലാനൊന്നുമില്ലാത്ത ഒരു സംഘം മണ്ടന്‍മാരാണ് സുഹൃത്തിനുവേണ്ടി ഇത്തരമൊരു ദൗത്യത്തിന് കൂടെ നില്‍ക്കുന്നതെങ്കിലോ? എന്നതാണ് ഈ സിനിമയിലെ നര്‍മ്മങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതിനോടൊപ്പം പെണ്ണിന്റെ കുടുംബത്തില്‍ ബോബി സിംഹയെപ്പോലെ ഒരു കൊലമാസ് പോലീസുകാരന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ.തുടര്‍ന്നുണ്ടാകുന്ന നെട്ടോട്ടങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഒട്ടും ചോര്‍ന്ന് പോകാതെ ഒരു രസച്ചരടില്‍ കോര്‍ത്തിണക്കി നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ലഡു.! 

ശബരീഷ് വര്‍മ്മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, സാജു നവോദയ, ഇന്ദ്രന്‍സ്, മനോജ് ഗിന്നസ്, നിഷ സാരംഗ് എന്നിവര്‍ക്കൊപ്പം തമിഴ് നടന്‍ ബോബി സിംഹ തുടങ്ങിയ വലിയതാരനിരയാണ് ചിത്രത്തിലുള്ളത്. പുതുമുഖം ഗായത്രി അശോകാണ് നായിക. നേരം, പ്രേമം എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ ശബരീഷ്-രാജേഷ് മുരുഗേശന്‍ ടീമാണ് ലഡുവിന്റെ പാട്ടുകള്‍ക്ക് പുറകിലെന്നത് ഇതിന്റെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. 

പുതിയതായി തുടങ്ങാനിരിക്കുന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗിതം നിര്‍വഹിക്കുന്ന രാജേഷ് മുരുഗേശന്‍ തന്നെയാണ് ലഡുവിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. യുവതലമുറയുടെ കഥപറയുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കാവുന്ന പലമുഹൂര്‍ത്തങ്ങളും സിനിമയിലുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമ തീവണ്ടിയുടെ ചായാഗ്രാഹകന്‍ ഗൌതം ശങ്കറാണ് ലഡുവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സാഗര്‍ സത്യന്‍ തിരക്കഥയൊരുക്കുന്ന ചിത്രം തിയ്യറ്ററുകളിലെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.