ഒടിയന്‍ മോതിരവുമായി രാജഗോപാല്‍

Monday 19 November 2018 2:39 am IST

മോഹന്‍ലാലിന് സമ്മാനിക്കാന്‍ ഒടിയന്‍ മന്ത്രവും മായവും വിളക്കിച്ചേര്‍ത്ത വിസ്മയ മോതിരവുമായി ഒരാള്‍. തിരുവനന്തപുരം പിടിപി നഗര്‍ സ്വദേശി രാജഗോപാലാണ് മാസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെ പഞ്ചലോഹത്തില്‍ ഒടിയന്‍ മോതിരം ഉണ്ടാക്കിയത്. 

   ഈ 'വിസ്മയ മോതിരം' ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലെത്തി രാജഗോപാല്‍ മോഹന്‍ലാലിന് സമ്മാനിച്ചു. നേരില്‍ കണ്ടിട്ടില്ലാത്ത  ഇഷ്ടതാരത്തിന്റെ വിരലുകള്‍ക്ക് മനസ്സില്‍ അളവിട്ടായിരുന്നു രാജഗോപാല്‍ മോതിരം നിര്‍മിച്ചത്. മോതിരം ലാലിന്റെ വിരലിലിട്ടപ്പോള്‍ പാകം. ലാലിനും മോതിരം ഒത്തിരി ഇഷ്ടമായി. ഒടിയന്‍ മന്ത്രവും മായക്കാഴ്ചയും അപ്പോള്‍ മോതിരത്തില്‍ ചേര്‍ത്തിരുന്നില്ല. അതുകൂടി ആലേഖനം ചെയ്യാന്‍ മോഹന്‍ലാല്‍ മോതിരം രാജഗോപാലിനെ തിരിച്ചേല്‍പ്പിച്ചു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ മോതിരം ഒടിയന്‍ സിനിമയുടെ റിലീസിനു മുന്‍പ് ലാലിന്റെ വിരലിലണിയിക്കാനാണ് രാജഗോപാല്‍ ആഗ്രഹിക്കുന്നത്.

  രാജഗോപാലിന്റെ ഈ മോതിരത്തില്‍ നിറയെ വിസ്മയങ്ങളാണ്. വ്യത്യസ്തങ്ങളായ നാല് വളയങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് മോതിരം. രണ്ട് വളയങ്ങള്‍ ചേര്‍ത്തു കഴിയുമ്പോള്‍ അക്ഷരങ്ങളില്‍ ഒടിയന്‍ ദൃശ്യമാവും. അടുത്ത രണ്ട് വളയങ്ങള്‍ ചേര്‍ത്താല്‍ കുഞ്ഞ് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള ഒടിയന്‍ മന്ത്രങ്ങളും നായയും പോത്തുമടക്കം മായങ്ങളും തെളിയും. 16 ഗ്രാം തൂക്കത്തില്‍ ക്ലാവു പിടിക്കാത്ത പഞ്ചലോഹ കൂട്ടിലാണ് മോതിരം ഉണ്ടാക്കിയിരിക്കുന്നത്.

പ്രമുഖ സ്വര്‍ണാഭരണ ശാലകള്‍ക്കായി ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യലാണ് രാജഗോപാലിന്റെ തൊഴില്‍. സ്വന്തമായി ആഭരണ നിര്‍മാണവുമുണ്ട്. ഭാരത വിസ്മയം അഞ്ച് വളയങ്ങളുള്ള മോതിരത്തില്‍ കൊത്തിവച്ച് രാജഗോപാല്‍ ഇതിനുമുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുുണ്ട്.

രാജഗോപാലിന് രണ്ട് മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ ഇശക്കി മാടസ്വാമി ആചാരി മരണമടഞ്ഞു. അമ്മ ഭഗവതി അമ്മാള്‍ വീട്ടുജോലി ചെയ്താണ് രാജഗോപാലിനെ വളര്‍ത്തിയത്. അല്ലലറിഞ്ഞ് വളര്‍ന്ന രാജഗോപാല്‍ പിന്നിട് പാരമ്പര്യതൊഴിലായ സ്വര്‍ണപ്പണിയിലേക്ക് തിരിഞ്ഞു. ബാല്യത്തിലെ കഷ്ടപ്പാടുകള്‍ മറക്കാത്തതുകൊണ്ടാവാം രാജഗോപാല്‍ മനുഷ്യസ്‌നേഹിയായി മാറി. തെരുവില്‍ വിശന്നു വലയുന്നവര്‍ക്ക് മുന്നില്‍ പൊതിച്ചോറുമായി പ്രത്യക്ഷപ്പെടുന്നുണ്ട് രാജഗോപാല്‍. വട്ടപ്പാറയിലെ 'ശാന്തിമന്ദിരം' എന്ന അഗതി മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവം. വിശപ്പില്ലാത്ത തലസ്ഥാന നഗരത്തിനായി പൊതിച്ചോര്‍ വിതരണം വിപുലപ്പെടുത്താനാണ് രാജഗോപാലിന്റെ ആഗ്രഹം.

sivavilappil@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.