ശബരിമലയില്‍ വരുമാനം കുറയുന്നു; നിയന്ത്രണങ്ങളില്‍ ഇളവുമായി ദേവസ്വം ബോര്‍ഡ്

Sunday 18 November 2018 7:55 pm IST

തിരുവനന്തപുരം ; ശബരിമലയിൽ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വരുമാനം കുറയ്ക്കുമെന്ന് ഉറപ്പായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ദേവസ്വം ബോർഡ്. ശബരിമലയില്‍ മുറി ബുക്ക് ചെയ്തവര്‍ക്ക് അവിടെ തങ്ങുന്നതില്‍ തടസ്സമില്ലെന്ന് അറിയിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പകൽ നിയന്ത്രണങ്ങൾ ഇല്ലെന്നും അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.ജി.പി ലോക്‌നാഥ് ബഹറയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നെയ്യഭിഷേകത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ മൂന്ന് മണിക്ക് സന്നിധാനത്ത് ഭക്തര്‍ക്ക് എത്താനുള്ള സൗകര്യം ഒരുക്കും. നെയ്യഭിഷേകം നടക്കാനുള്ള സമയവും കൂട്ടി. മൂന്നേകാല്‍ മുതല്‍ 12.30 മണിവരെ നെയ്യഭിഷേകം നടത്താന്‍ സമയമുണ്ടാകും. രാത്രി 11 മണിയ്ക്ക് ശേഷം സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവാദിക്കാത്തത് നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. മാത്രമല്ല കാണിക്ക അർപ്പിക്കുന്നതിൽ പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.ഇതോടെ ദേവസ്വം ബോർഡിന്റെ വരുമാനം കുറഞ്ഞിരുന്നു. 

പരമാവധി ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഒരുക്കും. അര മണിക്കൂര്‍ സമയമാണ് നെയ്യഭിഷേകത്തിന് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതിന് സന്നിധാനത്ത് എത്തുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. നിലയ്ക്കലില്‍ 12 മണിയാകുമ്പോഴേക്ക് എത്തിയാല്‍ തുടര്‍ന്ന് പമ്പയിലും പമ്പയില്‍ നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് സന്നിധാനത്തും എത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല. ദേവസ്വം ബോര്‍ഡിന്റേത് അടക്കമുള്ള റസ്റ്റ് ഹൗസുകളില്‍ മുറിയെടുത്തും തങ്ങാം. ഇപ്പോഴുള്ളത് സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ നിലക്കലും പമ്പയിലും ഒരുക്കും. നിലയ്ക്കലില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം ഉണ്ടാക്കും.  പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അനാവശ്യ നിയന്ത്രണങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഉറപ്പ് ലഭിച്ചു. ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കൂടുതല്‍ പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍ എത്തിക്കുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിന്റെ ആക്ഷേപങ്ങളും അതൃപ്തികളും പത്മകുമാര്‍ ഡി.ജിപി ലോക്‌നാഥ് ബഹറയെ അറിയിച്ചതായാണ് വിവരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.